തൃശ്ശൂർ: ഒരിടവേളയ്ക്കുശേഷം അക്രമങ്ങളുടെ തുടർപരമ്പരകൾ അരങ്ങേറുന്ന ജില്ലയായി തൃശ്ശൂർ മാറുന്നു. അറുതിയില്ലാതെ അക്രമങ്ങൾ തുടരുമ്പോഴും പോലീസ് നടപടികൾ ശക്തമാകുന്നില്ല. ഏറ്റവും ഒടുവിൽ അത് രാഷ്ട്രീയക്കൊലപാതകത്തിലേക്കും എത്തിയിരിക്കുന്നു. പൊതുവേ ശാന്തമായിരുന്ന ജില്ലയിലെ രണ്ടുവർഷത്തിനിടയിലെ ആദ്യ രാഷ്ട്രീയക്കൊലപാതകമാണിത്. ചൊവ്വാഴ്ച മാത്രം ജില്ലയിൽ വിവിധഭാഗങ്ങളിലായി നടന്നത് സംഘടിതമായ മൂന്ന് അക്രമങ്ങളാണ്. ചാവക്കാട് പുന്നയിൽ ഏഴ് ബൈക്കുകളിലെത്തിയ 14 അംഗ സംഘമാണ് കോൺഗ്രസ് നേതാവ് പുതുവീട്ടിൽ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയത്. എസ്.ഡി.പി.ഐ.-പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിക്കുന്നു. വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ബൈക്കിൽ കെട്ടിവെച്ചാണ് സംഘം എത്തിയത്. ഒപ്പം വെട്ടേറ്റ മറ്റ് മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ഗുരുവായൂരിൽ ബാറിന് മുന്നിൽ നടന്ന അക്രമത്തിൽ യുവാവ് മരിച്ചിട്ട് അഞ്ചുദിവസമേ ആയിട്ടുള്ളു. സംഘടിതമായ ആക്രമണമായിരുന്നു ഇതും. സംഘടിതമായ ഇത്തരം അക്രമങ്ങൾ മുൻകൂട്ടി അറിയുന്നതിൽ പോലീസിന് വീഴ്ചപറ്റിയെന്ന് ഉറപ്പിക്കാവുന്നതാണ് സംഭവം. സ്പെഷ്യൽ ബ്രാഞ്ചിന് പോലും വിവരം ലഭിച്ചില്ലെന്നത് ആശങ്കയുണ്ടാക്കുന്നതാണ്. പോലീസ് ഫോറൻസിക് വിദഗ്ധ നൗഫീനയുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തുന്നു കൃത്യമായ ഗൂഢാലോചനയോടെ സ്ഥലവും സമയവും നിശ്ചയിച്ച് ചെയ്തിരിക്കുന്ന കൊലപാതകമാണിത്. പോലീസിന് കിട്ടുന്ന രഹസ്യ വിവരവും ഇപ്പോൾ കിട്ടാറില്ലെന്ന് അനുമാനിക്കേണ്ടിവരും. കഴിഞ്ഞ പത്ത് ദിവസത്തിനിടെയുണ്ടായ സംഭവങ്ങൾ പരിശോധിച്ചാൽ പോലും സംഘം ചേർന്നുള്ള ആക്രമണങ്ങളും ഗുണ്ടാസംഘങ്ങളുടെ കൂസലില്ലായ്മയും വ്യക്തമാണ്. മുറ്റിച്ചൂരിൽ കഞ്ചാവ്-ഗുണ്ടാ സംഘങ്ങൾ ആറ് വീടുകൾക്കു നേരെ പന്നിപ്പടക്കമെറിഞ്ഞ് ആക്രമണം നടത്തിയിട്ട് പത്ത് ദിവസമേ ആയിട്ടുള്ളു. മുഴുവൻ പ്രതികളും അറസ്റ്റിലായെങ്കിലും ലഹരികടത്തിന്റെയും ഉപയോഗത്തിന്റെയും പേരിലുള്ളതാണ് സംഭവമെന്നും അതിനുവേണ്ടിമാത്രം ഗുണ്ടാസംഘം രൂപപ്പെട്ടു എന്നതും പോലീസിന്റെ നിരീക്ഷണങ്ങളും നടപടികളും ശരിയായ ദിശയിലല്ലെന്ന് സൂചന നൽകുന്നു. കോതകുളം ബീച്ച് മേഖലയിൽ വീടുകൾക്കു നേരെ അക്രമികൾ സോഡാക്കുപ്പി എറിഞ്ഞ് ആക്രമണം നടത്തിയതും ഇതോട് ചേർത്ത് വായിക്കണം. ഗുണ്ടാസംഘങ്ങളെ അമർച്ചചെയ്യാൻ പോലീസിന് സാധിക്കുന്നില്ലെന്നതിന്റെ തെളിവാണ് തുടർച്ചയായുണ്ടാകുന്ന അക്രമങ്ങൾ. പഴഞ്ഞി എം.ഡി. കോളേജിൽ ചൊവ്വാഴ്ച എസ്.എഫ്.ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റതും എം.ടി.ഐ.യിൽ വിദ്യാർഥികൾ അധ്യാപകനെ മർദിച്ച സംഭവവും തെളിയിക്കുന്നത് വിദ്യാഭ്യാസസ്ഥാപനങ്ങളും അശാന്തമായിക്കൊണ്ടിരിക്കുന്നുവെന്നാണ്. രമേശ് ചെന്നിത്തല ഇന്ന് നൗഷാദിന്റെ വീട് സന്ദർശിക്കും ചാവക്കാട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യാഴാഴ്ച രാവിലെ പുന്നയിൽ കൊല്ലപ്പെട്ട കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദിന്റെ വീടു സന്ദർശിക്കും. കോൺഗ്രസ് നേതാവ് വി.എം. സുധീരൻ, ടി.എൻ. പ്രതാപൻ എം.പി., എം.എൽ.എ. മാരായ അനിൽ അക്കര, വി.ടി. ബൽറാം, ഡി.സി.സി. മുൻ പ്രസിഡന്റ് ഒ. അബ്ദു റഹിമാൻ കുട്ടി തുടങ്ങിയവർ ബുധനാഴ്ച നൗഷാദിന്റെ വീട്ടിലെത്തിയിരുന്നു. യഥാർഥ പ്രതികളെ കണ്ടെത്തണമെന്ന് ലീഗ് ചാവക്കാട്: കോൺഗ്രസ് ബൂത്ത് പ്രസിഡന്റിന്റെ കൊലപാതകം ആസൂത്രിതമാണന്നും യഥാർഥ പ്രതികളെ കണ്ടെത്താൻ പോലീസ് നടപടി സീകരിക്കണമെന്നും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്. റഷീദ് ആവശ്യപ്പെട്ടു. ഒരു സംഘർഷാവസ്ഥയുമില്ലാത്ത പുന്നയിൽ കഴിഞ്ഞ ദിവസമുണ്ടായ അക്രമത്തിനും കൊലപാതകത്തിനും പിന്നിലെ കാരണങ്ങൾ കണ്ടെത്തേണ്ടതുണ്ട്. പ്രതികൾ ആരായാലും രക്ഷപ്പെടാൻ അനുവദിക്കരുതെന്നും റഷീദ് ആവശ്യപ്പെട്ടു. പുന്ന കൊലപാതകം: പ്രതികളെ ഉടൻ പിടികൂടണം ചാവക്കാട്: പുന്നയിൽ നടന്ന കൊലപാതകത്തിന് ഉത്തരവാദികളായ എസ്.ഡി.പി.ഐ. പ്രവർത്തകരെ ഉടൻ പിടികൂടണമെന്ന് സി.പി.എം. ചാവക്കാട് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. കൊലപാതകത്തിന് നേതൃത്വം കൊടുത്തവരെയും ഗൂഢാലോചന നടത്തിയവരെയും ഉടൻ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. സ്വന്തം പ്രവർത്തകൻ കൊലചെയ്യപ്പെട്ടിട്ടും പ്രതികൾ പ്രതിനിധാനം ചെയ്യുന്ന എസ്.ഡി.പി.ഐ.യെ ചേർത്തുപിടിക്കുന്ന കോൺഗ്രസ് നേതൃത്വത്തിന്റെ സമീപനം കോൺഗ്രസ് പ്രവർത്തകരും ജനങ്ങളും തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു. അക്രമരാഷ്ട്രീയത്തിനെതിരേ ജനങ്ങൾ അണിനിരക്കണമെന്നും പ്രദേശത്തെ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാൻ പോലീസ് നടപടി സ്വീകരിക്കണമെന്നും സി.പി.എം. ചാവക്കാട് ഏരിയാ സെക്രട്ടറി എം. കൃഷ്ണദാസ് അഭ്യർത്ഥിച്ചു. പുന്നയിലെ നൗഷാദിന്റെ കൊലപാതകികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഗുരുവായൂർ മണ്ഡലത്തിലെ നഗരസഭ, പഞ്ചായത്ത് ഭാരവാഹികൾ പങ്കെടുത്ത യോഗത്തിൽ മണ്ഡലം പ്രസിഡന്റ് സി.ആർ. ഹനീഫ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എം.കെ. അസ്ലം, ഫൈസൽ ഉസ്മാൻ, കെ.വി. ഷിഹാബ് എന്നിവർ പ്രസംഗിച്ചു. Content Highlights:political murder in kerala thrissur, punna murder, congress worker hacked to death Noushad
from mathrubhumi.latestnews.rssfeed https://ift.tt/2YCMAAl
via
IFTTT