ചാവക്കാട്: പുന്നയിൽ നടന്ന കൊലപാതകം ചാവക്കാടിനെ ഞെട്ടിച്ചു. പ്രദേശത്ത് അടുത്തിടെയൊന്നും അക്രമസംഭവങ്ങളോ അടിപിടിയോ ഉണ്ടാവാതിരുന്നതാണ് നൗഷാദിന്റെ കൊലപാതകം നാട്ടുകാരിൽ ഞെട്ടലുണ്ടാക്കിയത്. കോൺഗ്രസിന് സ്വാധീനമുള്ള പുന്ന മേഖലയിൽ എസ്.ഡി.പി.ഐ.യുടെ പ്രവർത്തനത്തെ നൗഷാദ് എതിർത്തിരുന്നതാണ് അക്രമത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ. കൊല്ലപ്പെട്ട നൗഷാദിന്റെ പേരിൽ അടിപിടി ഉൾപ്പെടെ പല കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. എസ്.ഡി.പി.ഐ. പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ പുന്നയിൽ ചെറിയ അടിപിടികൾ മാസങ്ങൾക്കുമുമ്പ് നടന്നിട്ടുണ്ടെന്നതല്ലാതെ കൊലപാതകത്തിനുതക്ക പ്രകോപനം സൃഷ്ടിക്കുന്ന സംഭവങ്ങളൊന്നും അടുത്തിടെ ഉണ്ടായിട്ടില്ല. പുന്ന സെന്ററിൽ നിൽക്കുകയായിരുന്ന നൗഷാദിനെയും കൂട്ടരെയും കൊടുവാൾ, വടിവാൾ, ഇരുമ്പുപൈപ്പ് തുടങ്ങി മാരകായുധങ്ങളുമായെത്തിയ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സംഘത്തിൽ ചിലർ മുഖംമൂടി ധരിച്ചിരുന്നതായും പറയുന്നു. വെട്ടേറ്റ ബിജേഷും സുരേഷും കോൺഗ്രസ് പ്രവർത്തകരാണ്. പുന്നയിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു നിഷാദ്. നാലുപേരും സംസാരിച്ചു നിൽക്കുമ്പോഴായിരുന്നു ആക്രമണം. നിഷാദിന്റെ വയറ്റിൽ വാളുകൊണ്ട് വരഞ്ഞ് ഓടിക്കൊള്ളാൻ പ്രതികൾ പറഞ്ഞതായി പറയുന്നു. നൗഷാദ് മാത്രമായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് സൂചന. നൗഷാദിനെ വെട്ടുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് മറ്റുള്ളവർക്ക് വെട്ടേറ്റത്. സംഭവത്തെ തുടർന്ന് മേഖലയിൽ കനത്ത പോലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്. നൗഷാദിന്റെ മരണത്തെ തുടർന്ന് ചാവക്കാട് ടൗണിൽ കോൺഗ്രസ് പ്രവർത്തകർ കടകൾ അടപ്പിച്ചു. നഗരത്തിൽ വാഹനങ്ങൾ കുറച്ചുസമയം തടഞ്ഞു. അഞ്ചങ്ങാടി-പുതുപൊന്നാനി റൂട്ടിൽ ബസ് സർവ്വീസ് നിർത്തി. സ്വകാര്യവാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി. പോലീസ് ഫോറൻസിക് വിദഗ്ധ നൗഫീന സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കൊണ്ടുവരുമ്പോൾ മുണ്ടൂർ, കേച്ചേരി, ചൂണ്ടൽ,ചൊവ്വല്ലൂർപടി, ഗുരുവായൂർ, പഞ്ചാരമുക്ക്, ചാവക്കാട് എന്നിവിടങ്ങളിൽ പൊതുദർശനത്തിന് വെച്ചു. ചൂണ്ടൽ മുതൽ വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് ഖബറടക്കിയത്. ഹർത്താലിൽ കുരുങ്ങി ഗുരുവായൂർ ഗുരുവായൂർ: ചാവക്കാട്ടെ കൊലപാതകവുമായി ബന്ധപ്പെട്ട് പെട്ടെന്നുണ്ടായ ഹർത്താൽ ഗുരുവായൂരിൽ ഭക്തരെ കഷ്ടത്തിലാക്കി. ഹോട്ടലുകളെല്ലാം അടപ്പിച്ചതോടെ ഭക്ഷണം കിട്ടാതെ ഭക്തർ ബുദ്ധിമുട്ടി. ഗുരുവായൂർ ക്ഷേത്രത്തിലെ പ്രസാദ ഊട്ടാണ് ആശ്വാസമായത്. ബുധനാഴ്ച രാവിലെയാണ് ഹർത്താൽ പ്രഖ്യാപിച്ചത്. ഇതോടെ ചാവക്കാടും തീരദേശങ്ങളിലുമുള്ള കടകളെല്ലാം നേരത്തേ അടപ്പിച്ചിരുന്നുവെങ്കിലും ഗുരുവായൂർ ക്ഷേത്രനഗരിയെ ഒഴിവാക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ 11 മണി ആയപ്പോഴേക്കും കോൺഗ്രസുകാർ സംഘംചേർന്നെത്തി കടകളെല്ലാം അടപ്പിക്കാൻ തുടങ്ങിയിരുന്നു. അതേസമയം ക്ഷേത്രപരിസരത്തെ കടകളും ഹോട്ടലുകളും നിർബന്ധിച്ച് അടപ്പിച്ചില്ല. ഉച്ചയായപ്പോഴേയ്ക്കും കടകൾ സ്വമേധയ അടയ്ക്കുകയായിരുന്നു. Content Highlights:punna murder case, thrissur, noushad youth congress activist hacked to death
from mathrubhumi.latestnews.rssfeed https://ift.tt/2LPVYdX
via
IFTTT