കരുനാഗപ്പള്ളി : വീട്ടിൽനിന്ന് 55 ചാക്ക് റേഷൻ ഭക്ഷ്യധാന്യങ്ങൾ പിടികൂടിയ സംഭവത്തിൽ സി.പി.ഐ. പ്രാദേശിക നേതാവിനെ പാർട്ടിയിൽനിന്ന് പുറത്താക്കി. സി.പി.ഐ. തഴവ ലോക്കൽ കമ്മിറ്റി അംഗം തഴവ കടത്തൂർ തോപ്പിൽതറ വീട്ടിൽ നിസാമിനെതിരേയാണ് പാർട്ടി ലോക്കൽ കമ്മിറ്റി നടപടി സ്വീകരിച്ചത്. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് നിസാമിനെ പുറത്താക്കിയതായി ലോക്കൽ കമ്മിറ്റി സെക്രട്ടറി സുഗതൻ പിള്ള അറിയിച്ചു. മണ്ഡലം കമ്മിറ്റി സെക്രട്ടറി ജെ.ജയകൃഷ്ണപിള്ളയുടെ സാന്നിധ്യത്തിൽ ബുധനാഴ്ച ചേർന്ന അടിയന്തര ലോക്കൽ കമ്മിറ്റിയിലാണ് തീരുമാനം. തിങ്കളാഴ്ച രാത്രിയിലാണ് നിസാമിന്റെ വീട്ടിൽനിന്ന് 53 ചാക്ക് അരിയും രണ്ട് ചാക്ക് ഗോതമ്പും കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്. കരുനാഗപ്പള്ളി എസ്.ഐ.യുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. അരി കടത്തുന്നതിനായി ഉപയോഗിച്ച മിനിവാനും സമീപത്തുണ്ടായിരുന്ന ബൈക്കും പോലീസ് പിടിച്ചെടുത്തിരുന്നു. കരുനാഗപ്പള്ളി എ.സി.പി.ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പോലീസ് എത്തിയപ്പോഴേക്കും സ്ഥലത്തുണ്ടായിരുന്നവർ രക്ഷപ്പെട്ടിരുന്നു. താലൂക്ക് സപ്ലൈ ഓഫീസർ നടത്തിയ പരിശോധനയിൽ ഇവ റേഷൻ ഭക്ഷ്യധാന്യങ്ങളാണെന്ന് തിരിച്ചറിഞ്ഞിരുന്നു. എവിടെനിന്നാണ് അരി കൊണ്ടുവന്നതെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2T5lahz
via
IFTTT