Breaking

Thursday, August 1, 2019

പുരപ്പുറ സോളാർ: ആദ്യം 60,000 പ്ലാന്റുകൾ

തിരുവനന്തപുരം: വീടുകളുടെയും സ്ഥാപനങ്ങളുടെയും മട്ടുപ്പാവിൽ അറുപതിനായിരം സൗരവൈദ്യുത പ്ലാന്റുകൾ സ്ഥാപിക്കാൻ വൈദ്യുതി ബോർഡ് അംഗീകാരം നൽകി. ഇതിനുള്ള ടെൻഡർ ഒരുമാസത്തിനകം വിളിക്കും. സംസ്ഥാനത്ത് ആയിരം മെഗാവാട്ട് സൗരവൈദ്യുതി ഉത്പാദിപ്പിക്കാൻ വൈദ്യുതി ബോർഡ് പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിന് അപേക്ഷയും ക്ഷണിച്ചു. ആദ്യഘട്ടമായാണ് 60,000 പുരപ്പുറങ്ങളിൽ സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നതെന്ന് വൈദ്യുതി ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള പറഞ്ഞു. ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് (എ.ഡി.ബി.) ആണ് പദ്ധതിയുടെ കൺസൾട്ടന്റ്. പ്ലാന്റുകൾ സ്ഥാപിക്കാനുള്ള സബ്‌സിഡി കേന്ദ്ര നവ-പുനരുപയോഗ ഊർജമന്ത്രാലയം നൽകും.രണ്ടു മാതൃകയിലുള്ള പദ്ധതികൾക്കാണ് അന്തിമാനുമതി കിട്ടിയത്. ഇ.പി.സി. (എൻജിനിയറിങ്, പ്രൊക്യൂർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ)യും ‘റെസ്‌കോ’(റിന്യൂവബിൾ എനർജി സർവീസ് കമ്പനീസ്)യും. ഇ.പി.സി.യിൽ പണം വൈദ്യുതി ബോർഡോ ഉപഭോക്താവോ മുടക്കണം. ടെൻഡറിൽ യോഗ്യതനേടുന്ന കരാറുകാർ പ്ലാന്റ് സ്ഥാപിക്കും. ഉപഭോക്താവിന് അഞ്ചുവർഷത്തേക്ക് ഏറ്റവും കുറഞ്ഞവിലയ്ക്ക് വൈദ്യുതി നൽകണം.റെസ്‌കോ മാതൃകയിൽ പുരപ്പുറത്തെ സ്ഥലം ഉപഭോക്താവ് നൽകണം. കുറഞ്ഞനിരക്കിൽ കമ്പനികൾ അവിടെ പ്ലാന്റ് സ്ഥാപിച്ച് വൈദ്യുതി നൽകും. 200 മെഗാവാട്ടാണ് രണ്ടു മാതൃകകളിലുമായി ഉത്പാദിപ്പിക്കുന്നത്. ഇ.പി.സി.യിൽ 50 മെഗാവാട്ടും റെസ്‌കോയിൽ 150 മെഗാവാട്ടും. ബോർഡ് പണം മുടക്കേണ്ട ഇ.പി.സി. മാതൃക അഭികാമ്യമാണോയെന്ന് ബോർഡ് അംഗംകൂടിയായ ധനവകുപ്പ് മേധാവി സംശയം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ ബോർഡിന്റെ വിശദീകരണം അംഗീകരിച്ചാണ് അന്തിമ അംഗീകാരമായത്. ഈ വിഭാഗത്തിൽ സ്ഥാപിക്കുന്ന പ്ലാന്റുകളുടെ എണ്ണം താരതമ്യേന കുറവാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2YzjLES
via IFTTT