Breaking

Saturday, March 23, 2019

സ്വതന്ത്ര എം.എൽ.എ.മാർക്കും യെദ്യൂരപ്പ പണം നൽകിയെന്ന് ആരോപണം

ബെംഗളൂരു: ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന് മാത്രമല്ല, കർണാടകയിലെ സംസ്ഥാനനേതാക്കൾക്കും എം.എൽ.എ.മാർക്കും യെദ്യൂരപ്പ പണം നൽകിയതായി ഡയറിയിൽ രേഖയുണ്ടെന്ന് കാരവൻ മാസിക റിപ്പോർട്ട് ചെയ്യുന്നു. 2008-ൽ മുഖ്യമന്ത്രിസ്ഥാനത്ത് എത്താൻ അദ്ദേഹത്തെ സഹായിച്ചവരാണ് ഈ പണംപറ്റിയവരിലേറെയും. കോൺഗ്രസ്, ജനതാദൾ-എസ്, ടിക്കറ്റിൽ ജയിച്ചുവന്ന പല എം.എൽ.എ.മാരെയും യെദ്യൂരപ്പ പണം കൊടുത്ത് സ്വാധീനിച്ച് മുഖ്യമന്ത്രിക്കേസര ഉറപ്പിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്വതന്ത്രരായി ജയിച്ചുവന്നവരും പണം പറ്റിയിട്ടുണ്ട്. സ്വതന്ത്രരിൽ അഞ്ചുപേരെ പിന്നീട് മന്ത്രിമാരാക്കി. ഈ അഞ്ചുപേരും പണം വാങ്ങിയവരുടെ പട്ടികയിലുണ്ട്. തന്നെ മുഖ്യമന്ത്രിയാക്കിയ പ്രധാനവ്യക്തി ജനാർദന റെഡ്ഡിയാണെന്ന് ഒരു പേജിൽ യെദ്യൂരപ്പ എഴുതിയിട്ടുണ്ട്. വൻകിട ഖനിവ്യവസായി ജനാർദന റെഡ്ഡിയെക്കുറിച്ചാണ് പരാമർശം. ഈ പേജിൽ യെദ്യൂരപ്പ കൈയൊപ്പ് പതിച്ചിട്ടുണ്ട്. യെദ്യൂരപ്പയെ പിന്തുണയ്ക്കാനായി ജനാർദന റെഡ്ഡി പണം നൽകിയവരുടെ പേരുകൾ എന്നാണ് അടുത്തവരിയിൽ എഴുതിയിരിക്കുന്നത്. 150 കോടി രൂപ എട്ട് നേതാക്കൾക്കായി നൽകിയെന്ന് ഈ രേഖയിൽ പറയുന്നു. 2008-ൽ സ്വതന്ത്രനായി ജയിച്ച പി.എം. നരേന്ദ്രസ്വാമി ഇവരിൽ പ്രധാനിയാണ്. നരേന്ദ്രസ്വാമിയെ പിന്നീട് കർണാടകയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമകാര്യങ്ങൾക്കുള്ള മന്ത്രിയായി യെദ്യൂരപ്പ നിയോഗിച്ചു. ആനന്ദ് അസ്നോതികർ വസന്ത്, ബാലചന്ദ്ര ലക്ഷ്മൺ റാവു തുടങ്ങിയവരാണ് പണം വാങ്ങിയ സ്വതന്ത്രർ. ഏഴ് സ്വതന്ത്ര എം.എൽ.എ.മാർക്ക് 20 കോടി രൂപവീതമാണ് നൽകിയത്. ഒരാൾക്ക് പത്തുകോടിയും. യെദ്യൂരപ്പയ്ക്ക് സംഭാവനയായി എത്തിയ പണത്തിന്റെ കണക്കും ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അഞ്ചു കോടി മുതൽ 500 കോടി രൂപവരെ നീളുന്നതാണ് ഈ ഇടപാടുകൾ. കൂടാതെ സംഭാവനയായി 2690 കോടി രൂപ കിട്ടിയതായും രേഖപ്പെടുത്തുന്നുണ്ട്. യെദ്യൂരപ്പയ്ക്ക് സംഭാവന നൽകിയവരിൽ സംസ്ഥാനത്തെ അന്നത്തെ ബി.ജെ.പി. മന്ത്രിമാരുടെ പേരുകളുണ്ട്. ബസവരാജ് ബൊമ്മൈ, അരവിന്ദ് ലംബാവലി, മുരുഗേഷ് നിരാനി എന്നിവരാണിവർ. ഇതോടൊപ്പം ബി.ജെ.പി. നേതാവ് കെ. സുബ്രഹ്മണ്യ നായിഡു, എം.എൽ.എ.മാരായ ജെ. കൃഷ്ണ പലേമർ, സി.സി. പാട്ടീൽ, ലക്ഷ്മൺ സവാദി തുടങ്ങിയവരെക്കുറിച്ചും ഡയറിയിൽ പരാമർശമുണ്ട്. നിയമസഭയിലിരുന്ന് ലൈംഗികദൃശ്യങ്ങൾ കണ്ടതിന് നടപടിനേരിട്ടവരാണ് മൂവരും. content highlights:The Yeddyurappa Diary, karnataka, bjp, congress


from mathrubhumi.latestnews.rssfeed https://ift.tt/2OnoIZP
via IFTTT