Breaking

Monday, November 15, 2021

മദ്യപിച്ചുണ്ടായ തര്‍ക്കം; മകനെ അച്ഛന്‍ കുത്തിക്കൊന്നു, രക്തം വാര്‍ന്ന് കിടന്നത് അരമണിക്കൂര്‍

നെയ്യാറ്റിൻകര: മദ്യപിച്ചുണ്ടായ വാക്കുതർക്കത്തിനിടെ അച്ഛൻ മകനെ കുത്തിക്കൊന്നു. ഓലത്താന്നി, പാതിരിശ്ശേരി, താഴങ്കാട് വീട് എസ്.എസ്. ഭവനിൽ കുട്ടു എന്നു വിളിക്കുന്ന എസ്.എസ്.അരുണാ(32)ണ് മരിച്ചത്. സംഭവശേഷം ഒളിവിൽപ്പോയ അച്ഛൻ ശശിധരൻനായരെ(62) നെയ്യാറ്റിൻകര പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി 9.45-നാണ് സംഭവം. സംഭവസമയം വീട്ടിൽ ശശിധരൻനായർ, ഭാര്യ ശാന്തകുമാരി, മകൻ അരുൺ എന്നിവരാണുണ്ടായിരുന്നത്. ശശിധരൻനായരും അരുണും മദ്യപിച്ചിരുന്നു. പലപ്പോഴും ഇവർ ഒരുമിച്ച് മദ്യപിക്കാറുണ്ടെന്ന് പോലീസ് പറയുന്നു. മദ്യപിച്ചശേഷം ഇവർ വഴക്കിടുന്നതും പതിവാണ്. സംഭവദിവസം ഇരുവരും മദ്യപിച്ചശേഷം വീട്ടിൽവെച്ച് വഴക്കിട്ടു. വാക്കുതർക്കം മൂർച്ഛിച്ചതോടെ വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് ശശിധരൻനായർ മകൻ അരുണിനെ കുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതിനുശേഷം ശശിധരൻനായർ ജോലി ചെയ്യുന്ന ഓലത്താന്നിയിലെ ഹോട്ടലിൽ പോയി ഒളിച്ചിരുന്നു. കുത്തേറ്റ അരുൺ അരമണിക്കൂറോളം രക്തം വാർന്ന് കിടന്നു. അമ്മ ശാന്തകുമാരി അരുണിന്റെ സുഹൃത്തുക്കളെ അറിയിച്ചു. ഇവരെത്തി അരുണിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മദ്യപിച്ച് ബഹളംവയ്ക്കുമ്പോഴെല്ലാം ശശിധരൻനായർ മകനെ കത്തിയെടുത്ത് കുത്തുമെന്ന് പലപ്പോഴും പറയാറുണ്ടായിരുന്നു. അരുണിന്റെ ഇടതുനെഞ്ചിലാണ് കുത്തേറ്റത്. ഹൃദയത്തിനേറ്റ മുറിവാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവശേഷം ഹോട്ടലിൽ ഒളിച്ചിരുന്ന ശശിധരൻനായരെ നെയ്യാറ്റിൻകര ഡിവൈ.എസ്.പി. അനിൽകുമാറിന്റെയും സി.ഐ. സാഗറിന്റെയും നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുത്തു. കൂലിപ്പണിക്കാരനായ അരുൺ അവിവാഹിതനാണ്. സഹോദരൻ അനീഷ്. നെയ്യാറ്റിൻകര പോലീസ് കേസ് എടുത്തു.


from mathrubhumi.latestnews.rssfeed https://ift.tt/3cc3Xgx
via IFTTT