Breaking

Monday, November 15, 2021

വാഹന പരിശോധനയ്ക്കിടെ പോലീസിനുനേരെ അക്രമം; സൈനികനടക്കം മൂന്നുപേര്‍ പിടിയില്‍

ചേർത്തല: മദ്യലഹരിയിൽ ദേശീയപാതയിലൂടെ അലക്ഷ്യമായി പാഞ്ഞ വാഹനം പിന്തുടർന്നു തടയാൻ ശ്രമിച്ച പോലീസ് സംഘത്തിനുനേരെ അക്രമം. മൂക്കിനു പരിക്കേറ്റ ഹൈവേ ചേർത്തല ട്രാഫിക് സ്റ്റേഷൻ എസ്.ഐ. അർത്തുങ്കൽ പുളിക്കൽ ജോസി സ്റ്റീഫ (55)നെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമം നടത്തിയ മൂന്നുപേരെ പിടികൂടിയിട്ടുണ്ട്. ഉത്തർപ്രദേശിൽ സൈന്യത്തിൽ ടെക്നിക്കൽ സ്റ്റാഫായി ജോലി ചെയ്യുന്ന കൊല്ലം കൊട്ടാരക്കര പത്തനാപുരം വെളക്കുടി പഞ്ചായത്തിൽ ആവണീശ്വരം സാബുരാജാ വിലാസത്തിൽ ജോബിൻ (29), വെളക്കുടി കുന്നിക്കോട് ശാസ്ത്രി കവല സി.എം. വീട്ടിൽ ഷമീർ മുഹമ്മദ് (29), ആവണീശ്വരം ബിബിൻ ഹൗസിൽ ബിബിൻ രാജ് (26)എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലുണ്ടായിരുന്ന കുട്ടു എന്നയാൾ ഓടി രക്ഷപ്പെട്ടെന്നും ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചതായും പോലീസ് പറഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിനു ചേർത്തല പോലീസ് സ്റ്റേഷനു സമീപമായിരുന്നു സംഭവം. ചേർത്തലയിൽ ദേശീയപാതയിൽ ഡ്യൂട്ടിയിൽനിൽക്കുമ്പോൾ കൺട്രോൾ റൂമിൽ നിന്നുള്ള നിർദേശത്തെ തുടർന്നു ജോസി സ്റ്റീഫനും സംഘവും എക്സറേ കവലയിൽ ഓപ്പൺജീപ്പിനു കൈകാട്ടിയെങ്കിലും നിർത്താതെ വന്നപ്പോഴാണു പിന്തുടർന്നത്. ഹൈവേയിൽനിന്ന് ഇടറോഡിലേക്കു പാഞ്ഞ ജീപ്പ് ഒരുവീട്ടിൽ കയറ്റി നിർത്തിയപ്പോഴാണ് പോലീസ് പിന്തുടർന്നെത്തിയത്. ചോദ്യം ചെയ്യലിനിടെ അപ്രതീക്ഷിതമായി അക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കൺട്രോൾ വാഹനത്തിൽ എത്തിയ പോലീസ് സംഘവും ചേർന്നാണ് അക്രമികളെ കീഴ്പ്പെടുത്തിയത്. എറണാകുളത്ത് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്നു സംഘം. ഇവർ മദ്യലഹരിയിലായിരുന്നെന്നും പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കുമെന്നും എസ്.ഐ. എം.എം. വിൻസെന്റ് പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/30uYT4z
via IFTTT