Breaking

Monday, November 8, 2021

മോഡലുകൾ മരിക്കാനിടയായ കാറപകടം: ചികിത്സയിലായിരുന്ന യുവാവും മരിച്ചു

കൊച്ചി: കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ ദേശീയപാതയിൽ കാർ നിയന്ത്രണംവിട്ട് മീഡിയനിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു. തൃശ്ശൂർ വെമ്പല്ലൂർ കട്ടൻബസാർ കറപ്പംവീട്ടിൽ അഷ്റഫിന്റെ മകൻ കെ.എ. മുഹമ്മദ് ആഷിഖ് (25) ആണ് മരിച്ചത്. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ് എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു ആഷിഖ്. അപകടത്തിൽ, കാറിൽ കൂടെയുണ്ടായിരുന്ന മുൻ മിസ് കേരളയും ആറ്റിങ്ങൽ സ്വദേശിയുമായ അൻസി കബീർ (25), മിസ് കേരള മുൻ റണ്ണറപ്പും തൃശ്ശൂർ സ്വദേശിയുമായ അൻജന ഷാജൻ (24) എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. പുലർച്ചെ ഒരു മണിയോടെ ദേശീയപാതയിൽ പാലാരിവട്ടത്തെ ഹോളി ഡേ ഇൻ ഹോട്ടലിന് മുന്നിലായിരുന്നു അപകടം. മുന്നിൽപ്പോയ ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ കാർ നിയന്ത്രണം നഷ്ടമായി പ്രധാന റോഡിനേയും സർവീസ് റോഡിനേയും വേർതിരിക്കുന്ന മീഡിയനിലിടിക്കുകയായിരുന്നു. കാറിന് പിന്നിൽ വലതുവശത്തിരുന്ന ആഷിഖിന് മുന്നോട്ട് തെറിച്ച് ഗുരുതരമായി പരിക്കേറ്റു. കാർ ഓടിച്ചിരുന്ന മാള സ്വദേശി അബ്ദുൾ റഹ്മാൻ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടിരുന്നു. ഫോർട്ടുകൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ പാർട്ടി കഴിഞ്ഞ് തൃശ്ശൂരിലെ അൻജനയുടെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. പാലാരിവട്ടം പോലീസിന്റെ പ്രാഥമികാന്വേഷണത്തിൽ കാർ അമിതവേഗത്തിലാണെന്ന് കണ്ടെത്തിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2YoW3NA
via IFTTT