പിടിയിലായവരുടെ മൊബൈലിൽനിന്നു കണ്ടെത്തിയ വീഡിയോയിലെ രംഗങ്ങൾ പാറശ്ശാല : പാറശ്ശാലയിൽ തിമിംഗിലഛർദ്ദിയെന്നു സംശയിക്കുന്ന സാധനവുമായി പിടിയിലായവർ തമിഴ്നാട് കേന്ദ്രീകരിച്ചുളള തട്ടിപ്പുസംഘമെന്ന് പോലീസ് നിഗമനം. തമിഴ്നാട് ദിണ്ടുകൽ സ്വദേശി സെൽവം(37), ഷൺമുഖൻ പാണ്ടി(34) എന്നിവരെയാണ് ഷാഡോ പോലീസ് പിടികൂടി പാറശ്ശാല പോലീസിനു കൈമാറിയത്. പിടിയിലായവർ തങ്ങളുടെ കൈവശമുള്ളത് സാമ്പ്രാണിക്കട്ടകളാണെന്നാണ് പോലീസിനോടു പറഞ്ഞത്. എന്നാൽ, ഇതുമായി അതിർത്തിയിൽ എന്തിനെത്തിയെന്ന പോലീസിന്റെ ചോദ്യത്തിന് പരസ്പരവിരുദ്ധമായ മറുപടികളാണ് ഇരുവരും നൽകിയത്. കേരള-തമിഴ്നാട് അതിർത്തിയിൽ തമിഴ്നാട്ടുകാരായ രണ്ടു പേർ തിമിംഗിലഛർദ്ദി വിൽപ്പന നടത്തുന്നതായുള്ള വിവരത്തെ തുടർന്ന് എസ്.പി.യുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് നടത്തിയ പരിശോധനയിലാണ് ശനിയാഴ്ച രാത്രി ഒന്നരയോടെ പാറശ്ശാലയിൽ രണ്ടു പേർ പിടിയിലായത്. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ പാറക്കഷണങ്ങൾ പോലുള്ള നാലു കട്ടകൾ കണ്ടെത്തിയത്. എന്നാൽ, ഇവരുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ പിടികൂടിയ സാധനങ്ങളുടെയും ഇതുപയോഗിച്ചു നടത്തുന്ന പരീക്ഷണങ്ങളുടെയും വീഡിയോ ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി. വീഡിയോ നിരവധിപ്പേർക്ക് വാട്സാപ്പ് വഴി അയച്ചിട്ടുമുണ്ട്. ഇത് എന്തിനാണെന്ന പോലീസിന്റെ ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകാൻ ഇവർക്കു സാധിച്ചിട്ടില്ല. പിടിയിലായതിൽ ഒരാൾ ഹിറ്റാച്ചി വാങ്ങുന്നതിനായാണ് പാറശ്ശാലയിൽ എത്തിയതെന്നാണ് പോലീസിനോടു പറഞ്ഞത്. എന്നാൽ, ആരിൽനിന്നെന്നോ എവിടെനിന്നാണെന്നോ വാങ്ങുന്നതെന്ന പോലീസിന്റെ ചോദ്യത്തിനു മറുപടിയില്ലായിരുന്നു. മറ്റെയാൾ സാമ്പ്രാണിക്കട്ടയുമായി ക്ഷേത്രത്തിലെത്തിയെന്നാണ് പറയുന്നത്. എന്നാൽ, തമിഴ്നാട്ടിൽനിന്ന് ഇത്രയും ദൂരം സഞ്ചരിച്ച് ഏതു ക്ഷേത്രത്തിലേക്കാണ് എത്തിയതെന്നും ഈയാൾക്കു പറയാനായില്ല. തിമിംഗിലഛർദ്ദിയുടെ പേരിൽ പണം തട്ടി കബളിപ്പിക്കാൻ വന്ന സംഘമാണിതെന്ന സംശയത്തിലാണ് പോലീസ്. ഇവരിൽനിന്നു പിടികൂടിയ സാധനം തിമിംഗിലഛർദ്ദിയാണോയെന്ന് ഉറപ്പുവരുത്താൻ വനംവകുപ്പിനു കൈമാറി. തട്ടിപ്പിന് പിന്നിൽ വൻ സംഘം പോലീസ് പിടികൂടിയ തമിഴ്നാട് സ്വദേശികൾ സാധാരണക്കാർക്ക് അജ്ഞാതമായ സാധനങ്ങളുടെ പേരിൽ തട്ടിപ്പുനടത്തുന്ന സംഘത്തിലെ കണ്ണികളാണെന്നാണ് പോലീസ് നിഗമനം. സാധാരണക്കാർക്ക് അറിവില്ലാത്തതും അപൂർവവുമായ സാധനങ്ങൾക്ക് കോടികളുടെ വിലയും ലാഭവും വാഗ്ദാനംചെയ്താണ് തട്ടിപ്പ്. ഇറിഡിയം, വെള്ളിമൂങ്ങ, ആർ.പി., തിമിംഗിലഛർദ്ദി, വജ്രക്കല്ലുകൾ എന്നിവയുടെ പേരിൽ സാധാരണക്കാരെ കബളിപ്പിക്കുന്ന സംഘങ്ങൾ തമിഴ്നാട് കേന്ദ്രീകരിച്ചുണ്ട്. രാസവസ്തുക്കളുപയോഗിച്ചു നിർമിച്ചെടുക്കുന്ന സാധനങ്ങൾക്ക് കോടികളുടെ വിലയുള്ളതായി തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ്. യഥാർത്ഥ സാധനങ്ങളാണെന്നു ബോധ്യപ്പെടുത്താൻ പരീക്ഷണങ്ങളും പ്രദർശിപ്പിച്ചു ബോധ്യപ്പെടുത്തും. ഇത്തരത്തിൽ ഇവർ നിരവധിപ്പേർക്ക് അയച്ചുനൽകിയ വീഡിയോ ദൃശ്യങ്ങൾ ഇവരുടെ മൊബൈൽ ഫോണിൽനിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൈവശമുള്ള സാധനങ്ങൾ വാങ്ങുവാനെത്തുന്നവരെ കാണിക്കാൻ പോലും ലക്ഷങ്ങൾ ടോക്കൺ അഡ്വാൻസായി ഇവർ വാങ്ങാറുണ്ട്. കോടികൾ ലാഭം ലഭിക്കുന്ന സാധനങ്ങളെന്ന വിശ്വാസത്താൽ വാങ്ങാനെത്തുന്നവർ ഇതിനായി ലക്ഷങ്ങൾ മുടക്കും. ഇവരിൽനിന്നു പിടിച്ചെടുത്ത സാധനങ്ങൾ ആദ്യം ശുദ്ധജലത്തിൽ ഇടുമ്പോൾ താഴ്ന്നുപോകുന്നതായും തുടർന്ന് ഉപ്പുവെള്ളത്തിലിടുമ്പോൾ പൊങ്ങിക്കിടക്കുന്നതായും ദൃശ്യത്തിൽ കാണിക്കുന്നുണ്ട്. തുടർന്ന് കമ്പി പഴുപ്പിച്ച് ഇതിൽ കുത്തി പുക വരുത്തുന്ന ദൃശ്യങ്ങളുമുണ്ട്. നിയമവിരുദ്ധമായ ഇടപാടുകളായതിനാൽ കബളിപ്പിക്കപ്പെടുന്നവർ നിയമനടപടികളുമായി മുന്നോട്ടുപോകുന്നില്ലെന്നതു മൂലമാണ് തട്ടിപ്പുകാർ പിടിക്കപ്പെടാതിരിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3EXbjAL
via
IFTTT