Breaking

Sunday, November 21, 2021

ചാക്കോ പകരക്കാരൻ; കെണിയിൽ വീഴേണ്ടിയിരുന്നതു രാമചന്ദ്രൻപിള്ള

ഹരിപ്പാട്: സുകുമാരക്കുറുപ്പിന്റെ പിടിയിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട ആളാണു ഭക്തവത്സലൻ നായരെന്ന രാമചന്ദ്രൻപിള്ള. അല്ലെങ്കിൽ ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയുടെ സ്ഥാനത്ത് എഴുതപ്പെടുന്ന പേര് കരുവാറ്റ കൽപ്പകവാടിയിലെ വെയിറ്റർ ഏവൂർ മന്ദാരത്തിൽ ഭക്തവത്സലന്റേതാകുമായിരുന്നു. ചാക്കോ കൊല്ലപ്പെടുന്നതിനു മണിക്കൂറുകൾക്കുമുൻപ് സുകുമാരക്കുറുപ്പും അളിയൻ ഭാസ്കരപിള്ളയും ഡ്രൈവർ പൊന്നപ്പനും സഹായി ഷാഹുവും കൽപ്പകവാടിയിൽ ഒത്തുകൂടിയിരുന്നു.ഭക്ഷണം വിളമ്പിയത് സുകുമാരക്കുറുപ്പിനെ പരിചയമുള്ള രാമചന്ദ്രനും. ഇടയ്ക്കു സുകുമാരക്കുറുപ്പ് രാമചന്ദ്രനെ ചേർത്തുപിടിച്ചു. ‘എന്റെ അതേ ഉയരം. കണ്ടാൽ എന്നെപ്പോലെ തന്നെയുണ്ട്. താൻ ആളുകൊള്ളാമല്ലോ രാമചന്ദ്രാ’ എന്നും പറഞ്ഞു. വിരുന്നുകാരൻ വെയിറ്ററോടു കാണിക്കുന്ന സ്നേഹപ്രകടനമായേ രാമചന്ദ്രനു തോന്നിയുള്ളു. തങ്ങൾ കായംകുളം ഭാഗത്തേക്കാണു പോകുന്നത്. വേണമെങ്കിൽ ചേപ്പാട്ടുള്ള വീട്ടിൽ കൊണ്ടുവിടാമെന്നും സുകുമാരക്കുറുപ്പ് പറഞ്ഞു. രാത്രിജോലിക്കുശേഷം പുലർച്ചേയാണ് രാമചന്ദ്രൻപിള്ളയ്ക്കു വണ്ടി കിട്ടുക. നേരത്തേ വീട്ടിലെത്താമെന്ന സന്തോഷത്തിൽ അദ്ദേഹം വാഗ്ദാനം സ്വീകരിച്ചു. പുറപ്പെടാൻ തുടങ്ങിയപ്പോൾ കൊല്ലത്തുനിന്നുള്ള ഒരു കുടുംബം ഹോട്ടലിലെത്തി. രാമചന്ദ്രൻ പിള്ളയുമായി അടുത്തബന്ധം പുലർത്തിയിരുന്നവരായിരുന്നു അവർ. താൻ വീട്ടിൽ പോകുകയാണെന്നു പറഞ്ഞതോടെ കൊല്ലത്തുകാർ മടങ്ങിപ്പോകാൻ തുടങ്ങി. അപ്പോഴാണ് ഹോട്ടലുടമ ചെറിയാൻ കൽപ്പകവാടി സ്ഥലത്തെത്തുന്നത്. പതിവുകാർക്കു ഭക്ഷണം നൽകിയിട്ടു പോയാൽ മതിയെന്നു ചെറിയാൻ പറഞ്ഞു. ഇതോടെ രാമചന്ദ്രൻ പിള്ള ധർമസങ്കടത്തിലായി. മുതലാളിയെ ധിക്കരിക്കാൻ വയ്യ. കുറുപ്പിന്റെ വാഗ്ദാനം നിരസിക്കാനും തോന്നുന്നില്ല. ഒടുവിൽ കുറുപ്പു പരിഹാരം നിർദേശിച്ചു- തങ്ങൾ അമ്പലപ്പുഴവരെ പോയിട്ട് ഒരു മണിക്കൂറിനകം മടങ്ങിയെത്താം. കൊല്ലത്തുനിന്നുള്ള കുടുംബത്തിനു ഭക്ഷണം നൽകി രാമചന്ദ്രൻപിള്ള ഹോട്ടലിനുപുറത്ത് ദേശീയപാതയിൽ കാത്തുനിന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും അവർ വന്നില്ല. ഇതിനിടെയാണ് സുകുമാരക്കുറുപ്പും സംഘവും കരുവാറ്റയിൽ റോഡരികിൽനിന്ന ചാക്കോയെ കണ്ടെത്തുന്നതും കാറിൽ കയറ്റികൊണ്ടുപോയി കൊല്ലുന്നതും.സുകുമാരക്കുറുപ്പ് നേരത്തേ പലപ്രാവശ്യം രാമചന്ദ്രൻ നായരെ രാത്രി വൈകി വീട്ടിലെത്തിച്ചിട്ടുണ്ട്. ഇതിനാൽ അന്നത്തെ രാത്രിയിലെ വാഗ്ദാനത്തിൽ രാമചന്ദ്രൻ നായർക്കു സംശയം തോന്നിയിരുന്നില്ലെന്ന് ചേപ്പാട്ട് വീട്ടിൽ ഇപ്പോൾ താമസിക്കുന്ന മകൾ നിത്യ പറഞ്ഞു.സുകുമാരക്കുറുപ്പിന്റെ കെണിയിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട വിവരം അന്ന് കൽപ്പകവാടിയിൽ പതിവായി എത്തിയിരുന്ന നടൻ മുകേഷിനോടു രാമചന്ദ്രൻപിള്ള പറഞ്ഞിരുന്നു. കുറുപ്പ് സിനിമയുടെ പശ്ചാത്തലത്തിൽ മുകേഷ് ഈ വിവരം യു ട്യൂബ് ചാനലിലൂടെ പങ്കുവെച്ചിട്ടുണ്ട്. സംഭവം ലാൽസലാം സിനിമയുടെ തിരക്കഥാകൃത്തായ ചെറിയാൻ കൽപ്പകവാടിയും സ്ഥിരീകരിച്ചു.10 വർഷം മുൻപ് രാമചന്ദ്രൻപിള്ള കൽപ്പകവാടിയിലെ ജോലി മതിയാക്കി. ഇപ്പോൾ നാലുവർഷമായി ഡൽഹിയിൽ മകൻ നിഖിലിനൊപ്പമാണ്. നാട്ടിൽ ‘കുറുപ്പ്’ സിനിമ ഹിറ്റായതും തന്റെ കഥ സാമൂഹികമാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്നതെല്ലാം 70 പിന്നിട്ട അദ്ദേഹം അറിയുന്നുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3kVz70v
via IFTTT