മുംബൈ: നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര പ്രതിയായ നീലച്ചിത്രനിർമാണക്കേസിൽ നടി ഗഹന വസിഷ്ഠിന് മുംബൈ ക്രൈംബ്രാഞ്ച് സമൻസ് അയച്ചു. ഈ കേസിൽ കുന്ദ്രയുടെ കമ്പനിയിലെ ജീവനക്കാരെ സാക്ഷികളാക്കുമെന്നും കുന്ദ്രയുടെ ഓഫീസിൽ നടത്തിയ തിരച്ചിലിൽ രഹസ്യ അറ കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് സാക്ഷിമൊഴി നൽകാൻ കുന്ദ്രയുടെ സ്ഥാപനത്തിലെ നാല് ജീവനക്കാർ സന്നദ്ധരായിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. കുന്ദ്രയും മറ്റു പ്രതികളും അന്വേഷണവുമായി വേണ്ടത്ര സഹകരിക്കാത്തതിനാൽ സാക്ഷിമൊഴികളുടെ സഹായത്തോടെ കേസ് ശക്തമാക്കാനാണ് നീക്കം. കുന്ദ്രയുടെ സ്ഥാപനത്തിന്റെ പ്രവർത്തനരീതിയെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുമുള്ള വിവരങ്ങൾ ജീവനക്കാർ കൈമാറിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഇവരുടെ മൊഴി മജിസ്‌ട്രേറ്റിന്റെ മുന്നിൽ രേഖപ്പെടുത്താനാണ് പദ്ധതി. കുന്ദ്രയുടെ ഓഫീസിൽ നടത്തിയ റെയ്ഡിൽ രഹസ്യലോക്കർ കണ്ടെത്തിയിട്ടുണ്ട്. ബിസിനസ് രേഖകളും ക്രിപ്‌റ്റോ കറൻസികളെ സംബന്ധിച്ച വിവരങ്ങളുമാണ് ഇതിലുണ്ടായിരുന്നത്. മൊഴി നൽകാനെത്തണമെന്നാവശ്യപ്പെട്ട് നടിയും മോഡലുമായ ഗഹന വസിഷ്ഠിനും മറ്റു രണ്ടുപേർക്കും ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും സ്ഥലത്തില്ലാത്തതിനാൽ എത്താനായില്ലെന്ന് ഗഹന അറിയിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്നും നീലച്ചിത്രനിർമാണവുമായി ബന്ധപ്പെട്ട് അറിയാവുന്ന കാര്യങ്ങളെല്ലാം പോലീസുമായി പങ്കുവെക്കുമെന്നും ഗഹന പറഞ്ഞു. നടിയും മോഡലുമായ ഗഹന വസിഷ്ഠ് എന്ന വന്ദന തിവാരിയെ നീലച്ചിത്രക്കേസിൽ ഫെബ്രുവരിയിൽ മുംബൈ പോലീസ് അറസ്റ്റുചെയ്തിരുന്നു. നാലു മാസത്തിനുശേഷമാണ് ജാമ്യം ലഭിച്ചത്. കസ്റ്റഡിയിൽ കഴിയുമ്പോൾ രാജ് കുന്ദ്രയുടെ പേരുപറയാൻ തനിക്കുമേൽ സമ്മർദമുണ്ടായിരുന്നെന്ന് ഗഹന വെളിപ്പെടുത്തിയിരുന്നു. രാജ് കുന്ദ്ര നിർബന്ധിച്ച് നീലച്ചിത്രത്തിൽ അഭിനയിപ്പിക്കുകയായിരുന്നു എന്ന ചില മോഡലുകളുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് ഗഹന പറയുന്നത്. നീലച്ചിത്രങ്ങൾ ചിത്രീകരിച്ച് ഹോട് ഷോട്ട് എന്ന ആപ്പ് വഴി ഇന്റർനെറ്റിൽ പ്രചരിപ്പിച്ചതിനാണ് രാജ് കുന്ദ്രയെ അറസ്റ്റു ചെയ്തത്. കുന്ദ്രയുടെ ജൂഹുവിലെ വീട്ടിൽ വെള്ളിയാഴ്ച റെയ്ഡ് നടത്തിയ പോലീസ് ശിൽപ ഷെട്ടിയുടെ മൊഴിയെടുത്തിരുന്നു. രാജ് കുന്ദ്ര നിരപരാധിയാണെന്നും ദൃശ്യങ്ങളെപ്പറ്റി തനിക്കറിയില്ലെന്നും ശിൽപ പറഞ്ഞു. റെയ്ഡിനിടെ രാജ് കുന്ദ്രയെ വീട്ടിലെത്തിച്ചപ്പോൾ ശിൽപ കയർത്തു സംസാരിച്ചതായും റിപ്പോർട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3kReaVj
via
IFTTT