Breaking

Wednesday, July 28, 2021

മാനസികസമ്മര്‍ദം; ജിംനാസ്റ്റിക്‌സ് ഫൈനലിനിടെ ബൈല്‍സ് പിന്മാറി

ടോക്യോ: ഒളിമ്പിക്സിൽ ചൊവ്വാഴ്ച ഞെട്ടലുകളുടെ ദിനം. സുവർണതാരമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന അമേരിക്കയുടെ സിമോൺ ബൈൽസ് മാനസിക സമ്മർദത്തെത്തുടർന്ന് ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ടീം ഫൈനലിനിടെ പിന്മാറി. ഇനിയുള്ള മത്സരങ്ങളിൽ അവർ പങ്കെടുക്കുമോയെന്ന കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ല. ബൈൽസ് പിന്മാറിയതിനെത്തുടർന്ന് അമേരിക്കയെ പിന്തള്ളി റഷ്യൻ ടീം സ്വർണം നേടി. പിന്മാറാനുള്ള കാരണം സമ്മാനദാനവേളയിൽ വ്യക്തമാക്കിയ താരം പൊട്ടിക്കരയുകയും ചെയ്തു. കഴിഞ്ഞ രണ്ട് ഒളിമ്പിക്സിലും അമേരിക്കയായിരുന്നു ഈ ഇനത്തിൽ ജേതാക്കൾ. എനിക്ക് ശരിയെന്നു തോന്നുന്നത് ഞാൻ ചെയ്യുന്നു. മാനസികാരോഗ്യത്തിലാണ് എന്റെ ശ്രദ്ധ. എന്റെ ആരോഗ്യവും സ്വസ്ഥതയും തകിടംമറിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല - സമ്മാനദാനവേദിയിൽ വിങ്ങിപ്പൊട്ടിക്കൊണ്ട് ബൈൽസ് പറഞ്ഞു. റിയോ ഒളിമ്പിക്സിൽ നാല് സ്വർണമെഡലുകൾ ബൈൽസ് നേടിയിരുന്നു. പഴയതുപോലെ എന്റെ കഴിവിൽ ഇപ്പോൾ വിശ്വാസമില്ല. ചിലപ്പോൾ പ്രായമായിരിക്കും കാരണം. ഇപ്പോൾ മത്സരത്തിനിടിയിൽ ഞാൻ സമ്മർദത്തിനടിപ്പെടാറുണ്ട്. മത്സരം പഴയപോലെ ആസ്വദിക്കാനാകുന്നില്ല. ഒളിമ്പിക്സിനിടെ ഇത് സംഭവിച്ചതിൽ സങ്കടമുണ്ട് - ബൈൽസ് പറഞ്ഞു. ആരോഗ്യപരമായ കാരണങ്ങളെത്തുടർന്നാണ് ബൈൽസ് പിന്മാറിയതെന്ന് നേരത്തേ അമേരിക്കൻ ജിംനാസ്റ്റിക്സ് അധികൃതർ പ്രസ്താവനയിറക്കിയിരുന്നു. ഇനിയുള്ള മത്സരങ്ങളിൽ പങ്കെടുക്കുമോയെന്നറിയാൻ അവരുടെ ആരോഗ്യസ്ഥിതി ദിവസവും വിലയിരുത്തുമെന്ന് ടീം അധികൃതർ വ്യക്തമാക്കിയിരുന്നു. ജിംനാസ്റ്റിക്സ് ടീം ഫൈനലിലെ ആദ്യ ഇനമായ വോൾട്ടിൽ നിറംമങ്ങിയ പ്രകടനമാണ് ബൈൽസ് നടത്തിയത്. തുടർന്നുള്ള മൂന്ന് ഇനങ്ങളിലും (ബാർസ്, ബീം, ഫ്ളോർ) അവർ പങ്കെടുത്തില്ല. കുറച്ചുസമയത്തേക്ക് മത്സരവേദിവിട്ട അവർ തിരികെയെത്തി സഹതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. 24-കാരിയായ ബൈൽസിന്റെ പ്രകടനം പ്രാഥമികറൗണ്ടിൽ അത്ര തിളക്കമുള്ളതായിരുന്നില്ല. താൻ ഒത്തിരി സമ്മർദമനുഭവിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം അവർ ട്വീറ്റ് ചെയ്തിരുന്നു. ജിംനാസ്റ്റിക്സ് ടീം ഇനത്തിൽ 169.528 പോയന്റുമായി റഷ്യൻ ടീം സ്വർണം നേടിയപ്പോൾ അമേരിക്ക (166.096 പോയന്റ്) വെള്ളിയും ബ്രിട്ടൻ വെങ്കലവും നേടി. Content Highlights: Tokyo 2020 Simone Biles pulls out of USA gymnastics women s team finals


from mathrubhumi.latestnews.rssfeed https://ift.tt/3xaMpJE
via IFTTT