ടോക്യോ: ഒളിമ്പിക്സിൽ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽപ്രതീക്ഷ ഷൂട്ടിങ്ങിലായിരുന്നു. ഇക്കുറി ഇന്ത്യ നേടുന്ന മെഡലുകളിൽ വലിയൊരു ശതമാനം ഷൂട്ടിങ്ങിൽനിന്നാകുമെന്നായിരുന്നു പ്രവചനം. മത്സരിക്കുന്ന പത്ത് ഇനങ്ങളിൽ ഏഴും പൂർത്തിയായപ്പോൾ ഒറ്റ മെഡൽപോലും അക്കൗണ്ടിലെത്തിയിട്ടില്ല. സൗരഭ് ചൗധരി ഒഴികെയുള്ള താരങ്ങൾ പതിവുനിലവാരത്തിലേക്ക് ഉയർന്നതുമില്ല. ഒരു സ്വർണവും രണ്ടു വെള്ളയും രണ്ടു വെങ്കലവുമാണ് പ്രവചിക്കപ്പെട്ടിരുന്നത്. ഇന്ത്യൻ താരങ്ങളുടെ ഫോമും റാങ്കിങ്ങും കണക്കിലെടുത്തായിരുന്നു ഇത്. എന്നാൽ, 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ സൗരഭ് ചൗധരി ഫൈനൽ റൗണ്ടിൽ കടന്നതും ഇതേവിഭാഗം മിക്സഡ് വിഭാഗത്തിൽ സൗരഭ്-മനുഭേക്കർ സഖ്യം രണ്ടാം റൗണ്ടിലെത്തിയതുമാണ് ഇതുവരെയുള്ള വലിയനേട്ടം. ഇരുവിഭാഗത്തിലും ഏഴാം സ്ഥാനമാണ് ലഭിച്ചത്. എയർ റൈഫിൾ വിഭാഗത്തിലെ സ്വർണ പ്രതീക്ഷയായിരുന്ന എളവേണിൽ വാളറിവൻ പാടേ നിരാശപ്പെടുത്തി. ഇനി പ്രതീക്ഷ പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിൽ റാങ്കിങ്ങിൽ രണ്ടാമതുള്ള ഐശ്വരി പ്രതാപ് സിങ്ങും വനിതകളുടെ 25 മീറ്റർ പിസ്റ്റളിൽ രണ്ടാം റാങ്കുകാരി റാഹി സർണോബാതും മത്സരിക്കാനുണ്ട്. വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനും ബാക്കിയുണ്ട്. ഈ മൂന്ന് ഇനങ്ങളിൽ മെഡൽ വന്നില്ലെങ്കിൽ തുടർച്ചയായ രണ്ടാം ഒളിമ്പിക്സിലും ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് മെഡലുണ്ടാകില്ല. Content Highlights: Tokyo 2020 No end to India s shooting disappointment
from mathrubhumi.latestnews.rssfeed https://ift.tt/3i6L4zi
via
IFTTT