Breaking

Thursday, July 29, 2021

വാദിയും പ്രതിയും സർക്കാരാകും ; നീട്ടിക്കൊണ്ടു പോകൽ തന്ത്രം പയറ്റും

തിരുവനന്തപുരം: നിയമസഭയിലെ അതിക്രമക്കേസിൽ മന്ത്രി വി. ശിവൻകുട്ടിയും കെ.ടി.ജലീൽ എം.എൽ.എ.യുമടക്കം വിചാരണ നേരിടേണ്ട സ്ഥിതി സർക്കാരിന് തിരിച്ചടിയായി. സുപ്രീംകോടതിയിൽ റിവ്യു പെറ്റീഷൻ നൽകാമെന്ന ഒരു സാധ്യത മാത്രമാണ് സർക്കാരിന്റെ മുമ്പിലുള്ളത്. എന്നാൽ, ഒടുവിൽ ഹർജി പിൻവലിക്കാൻപോലും അനുവദിക്കാതെ വിധിപറഞ്ഞ കോടതിയിൽ അത്തരമൊരു സാഹസത്തിന് സർക്കാർ മുതിരില്ല. നിയമസഭാ സെക്രട്ടറിയാണ് ഹർജി നൽകിയതെങ്കിലും സർക്കാർ പ്രോസിക്യൂട്ടറാണ് അദ്ദേഹത്തിനായി കേസ് നടത്തുക. സർക്കാരാണ് കേസ് വിജയിപ്പിക്കാനും മന്ത്രിയും എം.എൽ.എ യുമടക്കമുള്ള പ്രതികൾക്ക് ശിക്ഷവാങ്ങി നൽകാനും ശ്രമിക്കേണ്ടത്. മന്ത്രിയും സർക്കാരിെന്റ ഭാഗമാണെന്നതാണ് വൈരുധ്യം. ഫലത്തിൽ വാദിയും പ്രതിയും സർക്കാരായി മാറും. തെളിവുകളും സാക്ഷിമൊഴികളും നിർണായകമാണ്. അവ കോടതിയിൽ എത്തിക്കേണ്ട ചുമതലയാകട്ടെ സർക്കാരിനും. ക്രിമിനൽക്കേസിൽ രണ്ടുവർഷം ശിക്ഷിക്കപ്പെട്ടാൽ ജനപ്രതിനിധികളുടെ ഔദ്യോഗികസ്ഥാനം പോകുമെന്നതിൽ കേസ് നീട്ടിക്കൊണ്ടുപോകാനുള്ള നിയമപരമായ പഴുതുകളായിരിക്കും സർക്കാർ സ്വീകരിക്കുക. നാലുവർഷം, നാലുകോടതി കേസ് വിടാതെ ചെന്നിത്തലകേസ് പിൻവലിക്കാനുള്ള സർക്കാർ തീരുമാനത്തെ എതിർത്ത് നാലു വർഷമായി കേസ് നടത്തുന്നത് പ്രതിപക്ഷനേതാവായിരുന്ന രമേശ് ചെന്നിത്തലയാണ്. പ്രതികൾ വിചാരണനേരിടണമെന്ന വിധി അദേഹത്തിന്റെകൂടി വിജയമാണ്. കേസ് പിൻവലിക്കാൻ മുൻ സർക്കാർ തീരുമാനിച്ചപ്പോൾ ജനപ്രതിനിധികൾക്കെതിരായ കേസ് കൈകാര്യംചെയ്യുന്ന എറണാകുളം സി.ജെ.എം. കോടതിയെയാണ് ചെന്നിത്തല ആദ്യം സമീപിച്ചത്. കേസ് പിന്നീട് തിരുവനന്തപുരം സി.ജെ.എം. കോടതിയിൽ എത്തി. ഒരു വർഷമായിട്ടും വിധി വരാഞ്ഞതിനെത്തുടർന്ന് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിർദേശപ്രകാരം കേസ് പരിഗണിച്ച് പ്രതികൾ വിചാരണനേരിടണമെന്ന വിധി വന്നു. ഇതിനെതിരേ സർക്കാർ ഹൈക്കോടതിയിൽ പോയി. വിധി എതിരായപ്പോൾ സുപ്രീം കോടതിയിലും. രണ്ടിടത്തും ചെന്നിത്തലയും കക്ഷിചേർന്നു. കേരള കോൺഗ്രസുപോലും കൈവിട്ട കേസിൽ താൻ കക്ഷിചേർന്ന് വിധി സമ്പാദിച്ചതിൽ കെ.എം. മാണിയായിരിക്കും ഏറ്റവും സന്തോഷിക്കുകയെന്ന് ചെന്നിത്തല പറഞ്ഞു


from mathrubhumi.latestnews.rssfeed https://ift.tt/3x80p73
via IFTTT