Breaking

Tuesday, July 27, 2021

വർഗീസിന്റെ സ്വപ്നം സഫലം; കൊക്കോക്കുരു അമേരിക്കയിലേക്ക്‌

മണിമല(കോട്ടയം): കൊച്ചുമുറിയിൽ കെ.ജെ.വർഗീസി (മോനായി)ന്റെ സ്വപ്നം സഫലമായി. തിങ്കളാഴ്ച മണിമലയിൽനിന്ന് ഉണക്ക കൊക്കോക്കുരു അമേരിക്കയിലേക്ക് കൊണ്ടുപോയി. ഇത് വർഗീസിന്റെ മധുര പ്രതികാരംകൂടിയാണ്. കേരളത്തിലെ കൃഷിക്കാരുടെ സംഘം ഇതാദ്യമായി കൊക്കോ കയറ്റുമതി ചെയ്യുന്നെന്ന പ്രത്യേകതകൂടി ഇതിനുണ്ട്.40വർഷം മുൻപ് കെ.ജെ.വർഗീസ് കൊക്കോക്കുരു വില്ക്കാനായി ചങ്ങനാശ്ശേരിക്ക് കൊടുത്തുവിട്ടപ്പോഴുണ്ടായ ദുരനുഭവം മറക്കാൻ ഇൗ തിങ്കളാഴ്ചവരെ കാക്കേണ്ടിവന്നെന്നുമാത്രം. അന്ന് ചങ്ങനാശ്ശേരിയിൽ കൊക്കോ വാങ്ങാൻ ആളില്ലാഞ്ഞതിനാൽ അത് കണ്ടത്തിൽ കളയേണ്ടിവന്നു. അന്നുമുതൽ കൊക്കോയ്ക്ക് നല്ലകാലം വരുത്താൻ യത്നിക്കുകയാണ് വർഗീസ്. തിങ്കളാഴ്ച ഒരുടൺ കുരു അമേരിക്കൻ കമ്പനിക്ക് നൽകാൻ ഒാർഡർ കിട്ടിയത് സുവർണനിമിഷമായി.കൊക്കോ കർഷകരുടെ ദുരിതത്തിന് പരിഹാരം കാണാൻ ഏഴുവർഷം മുൻപ് മണിമല കേന്ദ്രീകരിച്ച് കൊക്കോ ഉത്‌പാദക സഹകരണസംഘം സ്ഥാപിച്ചു. പന്ത്രണ്ടംഗ ഡയറക്ടർ ബോർഡിന്റെ പ്രസിഡൻറാണ് കെ.ജെ.വർഗീസ്. ചാരിറ്റബിൾ സൊസൈറ്റിയായി രജിസ്റ്റർ ചെയ്ത സംഘം അത്യുത്‌പാദനശേഷിയുള്ള കൊക്കോ തൈകൾ വിതരണം ചെയ്തായിരുന്നു തുടക്കം. മണിമല മൂലേപ്ലാവ് കേന്ദ്രീകരിച്ചായിരുന്നു ഇത്.മണിമല, വെള്ളാവൂർ, വാഴൂർ, കങ്ങഴ, ചിറക്കടവ് പഞ്ചായത്തുകളിലേക്ക് കൃഷി വ്യാപിച്ചു. തൈ വാങ്ങുന്നവർ സംഘത്തിലെ അംഗങ്ങളാകും. തൈകൾ കായ്ഫലം നൽകാൻ തുടങ്ങിയതോടെ സൊസൈറ്റി ഇത് വാങ്ങി ഗുണനിലവാരത്തോടെ ഉണക്കിയെടുത്ത് വിപണി നേടാൻ ശ്രമിച്ചു. നാട്ടിലെ വിപണിവിലയിലെ ഏറ്റക്കുറച്ചിലിനെ എങ്ങനെ നേരിടാമെന്ന ചിന്തയിലാണ് കയറ്റുമതിയുടെ വഴി തേടിയത്. ഇൻറർനെറ്റിൽ പരതി അമേരിക്കൻ കമ്പനിയുമായി ബന്ധപ്പെട്ടു. ഗ്രാമീന്ന മേഖലയെ സഹായിക്കാനായി അമേരിക്കയിൽ ആരംഭിച്ച കമ്പനിയുമായി വർഗീസിന്റെ അമേരിക്കയിലുള്ള മകൻ നേരിട്ടും ഇടപെട്ടു. മണിമലയിൽനിന്ന്‌ ഒരുകിലോ ഉണങ്ങിയ കൊക്കോക്കുരു അയച്ചുകൊടുത്തു. കമ്പനി പത്ത് രാജ്യങ്ങൾക്ക് നൽകിയ ഓർഡറിൽ മൂന്ന് സാമ്പിളുകൾ ഗുണനിലവാരമുള്ളതായി കണ്ടെത്തി. അതിൽ മണിമലയിൽ നിന്നയച്ചതും ഉൾപ്പെട്ടു. ഇതോടെ ഒരു ടണ്ണിന്റെ ഓർഡറും ലഭിച്ചു. മുൻകൂറായി പണവും കിട്ടി. ഇവിടെ കിട്ടാത്ത വില ലഭിച്ച സന്തോഷത്തിലാണ് സംഘാംഗങ്ങൾ.മണിമല കൊക്കോ ഉദ്പാദക സംഘത്തിന് കയറ്റുമതി ലൈസൻസ് ഇല്ലാത്തതിനാൽ മുംബൈയിലെ എക്സ്പോർട്ട് കമ്പനി മുഖേന തിങ്കളാഴ്ച ഒരുടൺ കയറ്റി അയച്ചു. മണിമല ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ജെയിംസ് പി.സൈമൺ ഫ്ലാഗോഫ് ചെയ്തു. കെ.ജെ.വർഗീസ് അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ, പി.ജെ.ജോസഫുകുഞ്ഞ്, ജോയി മൂഴി, ജോയിസ് കൊച്ചുമുറി, കൃഷി ഓഫീസർ സിമി ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2UK6eL2
via IFTTT