Breaking

Thursday, July 29, 2021

ജോക്കോയെ കണ്ടു, ആല്‍വസിനെ കാണണം

ടോക്യോ ഒളിമ്പിക്സിലെ അത്ലറ്റിക്സ് മത്സരങ്ങൾക്കായി വെള്ളിയാഴ്ച ട്രാക്കുണരുമ്പോൾ സ്വപ്നംപോലൊരു കാത്തിരിപ്പിലാണ് മലയാളി താരം എം.പി. ജാബിർ. ടോക്യോയിലെ വിശേഷങ്ങൾ ജാബിർ മാതൃഭൂമിയുമായി പങ്കുവെക്കുന്നു. മത്സരത്തിനായുള്ള ഒരുക്കങ്ങൾ * എല്ലാ ദിവസവും രാവിലെ ഗെയിംസ് വില്ലേജിനടുത്തുള്ള കടൽത്തീരത്തെ പുൽമൈതാനത്താണ് പരിശീലനം. വ്യായാമമുറകളും സാധാരണയുള്ള ഓട്ടവുമാണ് അവിടെ ചെയ്യുന്നത്. രാവിലെ എട്ടുമുതൽ ഒമ്പതുവരെ കടൽത്തീരത്തെ മൈതാനത്ത് ചെയ്യുന്ന പ്രാക്ടീസ് നല്ലൊരു അനുഭവമാണ്. വൈകുന്നേരം ഗെയിംസ് വില്ലേജിൽനിന്ന് അരമണിക്കൂർ ബസ് യാത്ര നടത്തിയാണ് സിന്തറ്റിക് ട്രാക്കുള്ള സ്റ്റേഡിയത്തിൽ പരിശീലനത്തിനുപോകുന്നത്. മത്സര ദിവസത്തെ എങ്ങനെയാണ് കാത്തിരിക്കുന്നത് * രാജ്യത്തിനുവേണ്ടി ഏറ്റവും മികച്ചത് ചെയ്യണമെന്നാണ് ആഗ്രഹം. സ്റ്റാർട്ടിങ്ങും ഹർഡിലുകൾ കടന്നുള്ള ലാൻഡിങ്ങും ഫിനിഷിങ്ങും ഒക്കെ ഒരുപോലെ ശ്രദ്ധിക്കണമെന്നാണ് കോച്ച് പറഞ്ഞിരിക്കുന്നത്. 400 മീറ്റർ ഹർഡിൽസിന്റെ അവസാനഭാഗത്തെത്തുമ്പോൾ ശരീരം പൂർണമായും തളർന്നിരിക്കും. അതിനുമുമ്പ് പരമാവധി വേഗം പുറത്തെടുക്കലാണ് പ്രധാനം. ടോക്യോയിലെ ഭക്ഷണം * ഇവിടെ എല്ലാ ഭക്ഷണവും കിട്ടുന്നുണ്ട്. ഉച്ചയ്ക്കും രാത്രിയും വെള്ള അരിയുടെ ചോറും ചിക്കൻ കറിയുമാണ് ഞങ്ങൾ മിക്കവാറും കഴിക്കുന്നത്. ജ്യൂസുകളും പ്രോട്ടീൻ ഭക്ഷണവും ഉൾപ്പെടുത്താനും ശ്രദ്ധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വില്ലേജിലെ ഭക്ഷണശാലയിൽനിന്ന് പൊറോട്ടയും ബീഫും കിട്ടി. എല്ലാവരും അത് ആസ്വദിച്ചുതന്നെ കഴിച്ചു. ടോക്യോയിലെ താരങ്ങൾ * കഴിഞ്ഞദിവസം ടെന്നീസ് താരം ജോക്കോവിച്ചിനെ കണ്ടിരുന്നു. ഫോട്ടോ എടുക്കണമെന്നു വിചാരിച്ചെങ്കിലും സാധിച്ചില്ല. ബ്രസീലിയൻ ഫുട്ബോൾ താരം ഡാനി ആൽവസിനെ നേരിൽക്കണ്ടു സംസാരിക്കണമെന്ന് വലിയ ആഗ്രഹമുണ്ട്. ഞാൻ ഒരു അർജന്റീനാ ആരാധകനാണ്. പക്ഷേ, അർജന്റീനയുടെ ഒളിമ്പിക്സ് ടീമിൽ സീനിയർ താരങ്ങൾ ആരും വന്നിട്ടില്ലല്ലോ. ബ്രസീൽ ടീമിൽ ആൽവസിനെപോലുള്ള സീനിയർ താരങ്ങൾ ഉള്ളതിനാൽ അവരുടെ കളിയും ഉഷാറാകും. ടോക്യോയിലെ മറ്റ് അനുഭവങ്ങൾ *നല്ല ചൂടുള്ള കാലാവസ്ഥയാണ് ഇവിടെ. ഗെയിംസ് വില്ലേജിൽ കോവിഡ് പ്രോട്ടോകോൾ കർശനമായതിനാൽ പല നിയന്ത്രണങ്ങളുമുണ്ട്. ടോക്യോ നഗരം ചുറ്റിക്കാണലൊന്നും നടക്കില്ല. പരിശീലനത്തിനു പോകുമ്പോൾ ബസിലിരുന്നു കാണുന്ന നഗരക്കാഴ്ചകൾ മാത്രമാണുള്ളത്. Content Highlights: Tokyo 2020 M P Jabir athlete about tokyo Olympics


from mathrubhumi.latestnews.rssfeed https://ift.tt/3yb2iRR
via IFTTT