Breaking

Thursday, July 29, 2021

ഈ മിടുക്കികൾ വികസിപ്പിച്ചു; ആളെ കണ്ടെത്തും ഡ്രോൺ

തൃശ്ശൂർ: പ്രളയവും തീപ്പിടിത്തവുംപോലുള്ള അത്യാഹിതങ്ങളിൽ ഒറ്റപ്പെട്ടുപോകുന്നവരെ കണ്ടെത്താൻ കഴിയുന്ന നിർമിതബുദ്ധിയുള്ള ഡ്രോൺ തൃശ്ശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ നാല് വിദ്യാർഥിനികൾ വികസിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന, കേരളത്തിലെ എൻജിനീയറിങ് കോളേജുകളുടെ ഫൈനൽ ഇയർ ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് പ്രോജക്ട് അവാർഡും ഇതിന് കിട്ടി. തൃശ്ശൂർ‌ ഗവ. എൻജിനീയറിങ് കോളേജിലെ അവസാനവർഷ ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് വിദ്യാർഥികളായ എസ്. ലക്ഷ്മി, പി. മനാൽ ജലീൽ, വി.എൻ. നന്ദന, എസ്. ശ്രുതി എന്നിവരാണ് ഡ്രോൺ വികസിപ്പിച്ചത്. 20,000 രൂപ മാത്രമാണ് ഇത്തരം ഡ്രോണിന് ചെലവാകുക. സാധാരണ ഡ്രോണിന് 50,000 മുതൽ 75,000 വരെ ചെലവാകും. ഒരുകിലോമീറ്റർ ഉയരത്തിലും രണ്ട് കിലോമീറ്റർ ദൈർഘ്യത്തിലും ഡ്രോൺ പ്രവർത്തിക്കും. ഒറ്റപ്പെട്ട മേഖലകളിൽനിന്ന് മനുഷ്യരെമാത്രം കണ്ടെത്താനും ആ വിവരം തത്‌സമയം പോലീസിനും അഗ്നിരക്ഷാസേനയ്ക്കും കൈമാറാനും കഴിയുന്ന സോഫ്‌റ്റ്‌വേർ വികസിപ്പിച്ച് ഡ്രോണിൽ ഉൾപ്പെടുത്തിയെന്നതാണ് സവിശേഷത. 15 മിനിറ്റാണ് ഇവർ വികസിപ്പിച്ച ഡ്രോണിന്റെ പറക്കൽസമയം. പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് വികസിപ്പിച്ചത്. പറക്കൽസമയം കൂടിയ ഡ്രോൺ വികസിപ്പിക്കാനാകും. എന്നാൽ, പഠനം തീർന്നയുടൻ നാലുപേർക്കും സോഫ്‌റ്റ്‌വേർ കന്പനികളിൽ ജോലി കിട്ടി. അതിനാൽ പുതിയ കണ്ടുപിടിത്തങ്ങൾ വൈകും. തൃശ്ശൂർ കൂർക്കഞ്ചേരി സ്വദേശിയാണ് ലക്ഷ്‌മി. ഷൊറണൂർ സ്വദേശിയാണ് ശ്രുതി. ആലുവയിലാണ് മനാലിൻറെ വീട്. തൃശ്ശൂർ കിഴക്കുമ്പാട്ടുകര സ്വദേശിയാണ് നന്ദന. ഇവരുടെ പ്രോജക്ടിനുള്ള ഫണ്ട് ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഒാപ്പൺസോഴ്സ് സോഫ്റ്റ്‍വേർ എന്ന സംഘടനയാണ് നൽകിയത്. പങ്കെടുത്ത 27 ടീമുകളിൽനിന്നാണ് ഇവരുെട പ്രോജക്ട് അവാർഡ് നേടിയത്.


from mathrubhumi.latestnews.rssfeed https://ift.tt/2TH4q4R
via IFTTT