Breaking

Thursday, July 29, 2021

മുഖ്യമന്ത്രിക്കെതിരേ ഒന്നുംപറയാത്തത് പ്രായത്തെ മാനിച്ചെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: അടിയന്തര പ്രമേയം അവതരിപ്പിക്കുന്ന പ്രതിപക്ഷാംഗങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ പരിഹസിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ആര് നോട്ടീസ് നൽകിയാലും അവരുടെ മെക്കിട്ടുകയറുന്ന മുഖ്യമന്ത്രിയുടെ സ്വഭാവം അത്ര നല്ലതല്ലെന്നും സതീശൻ പറഞ്ഞു. വാക്കൗട്ട് പ്രസംഗത്തിന് എഴുന്നേറ്റ സതീശൻ മുഖ്യമന്ത്രിക്കെതിരേ തിരിയുകയായിരുന്നു.അടിയന്തര പ്രമേയ നോട്ടീസിന് മറുപടിനൽകവേയാണ് മുഖ്യമന്ത്രി, തിരുവഞ്ചൂരിനെതിരേ പരാമർശം നടത്തിയത്. അബദ്ധമാണെന്നറിഞ്ഞുതന്നെ തിരുവഞ്ചൂർ കാര്യങ്ങൾ സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനുള്ള മറുപടിയാണ് സതീശൻ നൽകിയത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഓട് പൊളിച്ചെത്തിയ ആളല്ല. അദ്ദേഹത്തിന്റെ സീനിയോറിറ്റിയെയും അനുഭവസമ്പത്തിനെയും മാനിക്കണം. മുഖ്യമന്ത്രി പറഞ്ഞതിനെക്കാൾ നന്നായി തനിക്കും തിരിച്ചുപറയാനറിയാം. ഇരിക്കുന്ന പദവിയെയും മുഖ്യമന്ത്രിയുടെ പ്രായത്തെയും മാനിച്ചാണ് ഒന്നുംപറയാത്തതെന്നും പ്രതിപക്ഷനേതാവ് മുന്നറിയിപ്പ് നൽകി. എന്നാൽ, താൻ അങ്ങനെയല്ല പറഞ്ഞതെന്ന് മുഖ്യമന്ത്രി വിശദീകരണം നൽകി.പോലീസ് ആസ്ഥാനത്തെ രഹസ്യങ്ങൾ അറിയുന്നവർ ഈ സഭയിലുമുണ്ടെന്ന് തിരുവഞ്ചൂർ പറഞ്ഞതിന് മുഖ്യമന്ത്രി മറുപടിനൽകി. ഒൗദ്യോഗിക രഹസ്യങ്ങൾ ചോർത്തുന്നുവെന്നു പറഞ്ഞ തിരുവഞ്ചൂരിന്റെ നിലപാട് ഗുണകരമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുരയ്ക്കു മുകളിൽ വളർന്ന മരം വെട്ടാൻ മുഖ്യമന്ത്രി മഴുവെടുക്കുമോയെന്ന തിരുവഞ്ചൂരിന്റെ ചോദ്യത്തിന് ഒന്നിന്റെയും മുകളിൽ ആരും വളരില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.


from mathrubhumi.latestnews.rssfeed https://ift.tt/3l7dQBV
via IFTTT