Breaking

Wednesday, July 28, 2021

പാര്‍ട്ടിയിലെത്തി 13-ാം വര്‍ഷം മുഖ്യമന്ത്രി; ബസവരാജ് ബൊമ്മെ ഇനി കര്‍ണാടക ബി.ജെ.പിയുടെ മുഖം

ബംഗലൂരു: ജനാതാദൾ നേതാവായിരുന്ന ബസവരാജ് ബൊമ്മെ 2008-ൽ ആണ്ബിജെപിയിൽ ചേർന്നത്. 13-ാം വർഷം തികയ്ക്കുമ്പോൾ ബൊമ്മെയുടെ വളർച്ച കർണാടക സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രത്തിന്റെ അമരത്തേക്കാണ്. നാളെ വൈകുന്നേരം മൂന്ന് മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തുമ്പോൾ അദ്ദേഹത്തിന് മുന്നിൽ വെല്ലുവിളികൾ നിരവധിയാണ്. യെദ്യൂരപ്പയുടെ രക്തത്തിനായി മുറവിളി കൂട്ടിയ കർണാടക ബി.ജെ.പിയിലെ നേതാക്കൾ അദ്ദേഹത്തിന്റെ വിശ്വസ്തനോട് എന്ത് സമീപനം സ്വീകരിക്കുമെന്നത് നിർണായകമാണ്. ബൊമ്മെ ഇവരെ എങ്ങനെ ഒപ്പം നിർത്തുമെന്നതും കാത്തിരുന്ന് കാണണം. 2023-ൽ നിയമസഭാ തിരഞ്ഞെടുപ്പും തൊട്ടടുത്ത വർഷം ലോക്സഭാ തിരഞ്ഞെടുപ്പും നടക്കേണ്ടതിനാൽ പാർട്ടിയെ അതിനായി സജ്ജമാക്കേണ്ട ഉത്തരവാദിത്തവും ബൊമ്മെയ്ക്കാണ്.ദളിത് വിഭാഗം ഉൾപ്പെടെ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കും പരിഹാരംകാണേണ്ടതുണ്ട്. സംസ്ഥാനത്ത് 16 ശതമാനം വോട്ട് വിഹിതമുള്ള ലിംഗായത്ത് സമുദായത്തിന്റെ പിന്തുണ ബൊമ്മെക്ക് തുണയാകും. ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള നേതാവായതുകൊണ്ടുതന്നെ സാമുദായിക സമവാക്യങ്ങൾ പരിശോധിച്ചാലും ബൊമ്മയെ മുഖ്യമന്ത്രിയാക്കിയത് പരിക്കില്ലാത്ത തീരുമാനമാണ്. യുവജതാദൾ പ്രവർത്തകനായി തുടക്കം, പിന്നെ ബിജെപിയിൽ നിലവിലെ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായ ബസവരാജ് ബൊമ്മെ മധ്യകർണാടകയിൽ നിന്നുള്ള എം.എൽ.എയാണ്. 1980ൽ അദ്ദേഹത്തിന്റെ പിതാവ് എസ്.ആർ ബൊമ്മെയും കർണാടകയുടെ മുഖ്യമന്ത്രിയായിരുന്നു. രാഷ്ട്രീയത്തിലേക്ക് ചുവട്മാറ്റുന്നതിന് മുൻപ് ടാറ്റ മോട്ടേഴ്സിലെ എൻജിനീയറായിരുന്നു ബൊമ്മെ. യുവ ജനതാദൾ പ്രവർത്തകനായി രാഷ്ട്രീയത്തിൽ പ്രവേശിച്ചതിന് പിന്നാലെ 1996ൽ എച്ച്.ജെ പട്ടേൽ സംസ്ഥാന മുഖ്യമന്ത്രിയായപ്പോൾ അദ്ദേഹത്തിന്റെ സെക്രട്ടറിയായുംപ്രവർത്തിച്ചിട്ടുണ്ട്. 1998, 2004 വർഷങ്ങളിൽ എം.എൽ.സിയായി തിരഞ്ഞെടുക്കപ്പെട്ട ബൊമ്മെ, 2008 ഫെബ്രുവരിയിൽ ബി.ജെ.പിയിൽ ചേർന്നു. ആ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി ഷിഗാവ്മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ചു.2008ൽ യെദ്യൂരപ്പ മന്ത്രിസഭയിൽ ജലസേചന വകുപ്പ് മന്ത്രിയായിരുന്നു. പിന്നീട് സഹകരണം, പാർലമെന്ററികാര്യം, നിയമ വകുപ്പുകൾ തുടങ്ങിയ വകുപ്പുകൾകൈകാര്യം ചെയ്തിട്ടുണ്ട്. ഇന്ന് കേന്ദ്ര നീരീക്ഷകരുടെ അധ്യക്ഷതയിൽ ചേർന്ന എം.എൽ.എമാരുടെ യോഗത്തിൽ യെദ്യൂരപ്പയാണ് ബസവരാജിന്റെ പേര് നിർദേശിച്ചത്. ഇത് എം.എൽ.എമാർ അംഗീകരിക്കുകയായിരുന്നു. താൻ ഇത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് തീരുമാനത്തോട് അദ്ദേഹം പ്രതികരിച്ചത്. തനിക്ക് പാർട്ടി നൽകിയരിക്കുന്നത് വലിയ ഉത്തരവാദിത്തമാണെന്നും പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടിയാകും ഇനിയും പ്രവർത്തിക്കുകയെന്നും അദ്ദേഹം പ്രതികരിച്ചു. 14 വർഷം, ആറ് മുഖ്യമന്ത്രിമാർ 2007ൽ യെദ്യൂരപ്പ മുഖ്യമന്ത്രിയായി സ്ഥാനമേറ്റതോടെയാണ്ദക്ഷിണേന്ത്യൻ സംസ്ഥാനത്തിൽ ആദ്യമായി ബി.ജെ.പി സർക്കാർ രൂപീകരിക്കപ്പെടുന്നത്. അന്ന് മുതലുള്ള കണക്ക് പരിശോധിച്ചാൽ സംസ്ഥാനത്തിന്റെ ആറാമത്തെ മുഖ്യമന്ത്രിയാണ് ബസവരാജ് ബൊമ്മെ;ബിജെപിയുടെ നാലാമത്തെയും. 2008ൽ യെദ്യൂരപ്പ നയിച്ച ബിജെപി നിയമസഭയിൽ ഭൂരിപക്ഷവുമായി അധികാരത്തിലെത്തി. എക്കാലവും രാഷ്ട്രീയ അനിശ്ചിതത്വം നിലനിന്ന കർണാടകയിൽ ആ സർക്കാർ കാലാവധി പൂർത്തിയാക്കിയത് മൂന്ന് മുഖ്യമന്ത്രിമാരുടെ കീഴിലാണ്. അഴിമതി ആരോപണം നേരിട്ട യെദ്യൂരപ്പ രാജിവെച്ചപ്പോൾ സദാനന്ദ ഗൗഡയും പിന്നീട് ജഗദീഷ് ഷെട്ടാറും മുഖ്യമന്ത്രിമാരായി. 2013ൽ കോൺഗ്രസ് അധികാരത്തിലെത്തിയപ്പോൾ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി. 2018ൽ ആർക്കും ഭൂരിപക്ഷമില്ലാതെ വന്നപ്പോൾ കോൺഗ്രസ് പിന്തുണയോടെ ജനാതാദൾ സഖ്യസർക്കാരിന്റെ തലപ്പത്ത് എച്ച്.ഡി കുമാരസ്വാമിയെത്തി. പിന്നീട് എംഎൽഎമാർ ചുവട് മാറിയതോടെ 2019ൽ യെദ്യൂരപ്പ വീണ്ടും അധികാരത്തിലെത്തി. ഇന്നലെ സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ യെദ്യൂരപ്പ രാജിവെച്ചതിന് പിന്നാലെയാണ് ബസവരാജ് ബൊമ്മെയെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. Content Highlights: 13 years from janata Dal to BJP and Basavaraj Bommai is new Karnataka CM


from mathrubhumi.latestnews.rssfeed https://ift.tt/3iZEIBk
via IFTTT