Breaking

Thursday, July 29, 2021

ബി.ജെ.പി. യോഗത്തിലേക്ക് സി.പി.എം. എം.പി.ക്ക് അബദ്ധത്തില്‍ ക്ഷണം

ന്യഡൽഹി: തരൂരിനെതിരേയുള്ള തന്ത്രങ്ങൾ മെനയാൻ ബി.ജെ.പി. വിളിച്ച യോഗത്തിലേക്ക് അബദ്ധത്തിൽ സി.പി.എം. എം.പി.ക്ക് ക്ഷണം. ഐ.ടി. പാർലമെന്ററിസമിതിയംഗം പി.ആർ. നടരാജനെയാണ് ബി.ജെ.പി. ആളറിയാതെ വിളിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കേന്ദ്ര തൊഴിൽമന്ത്രി ഭൂപേന്ദ്ര യാദവിന്റെ ഓഫീസിൽനിന്ന് ഫോൺവിളി വന്നതായി നടരാജൻ പറഞ്ഞു. മന്ത്രി കാണാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു ഓഫീസിൽ നിന്നുള്ള സന്ദേശം. ഞാൻ അതിശയിച്ചുപോയി. മന്ത്രിയെ കാണാൻ സമയം ചോദിച്ചിട്ടില്ലെന്ന് മറുപടി നൽകിയെങ്കിലും ഉച്ചയ്ക്കു രണ്ടു മണിക്ക് എന്തായാലും എത്തണമെന്നായിരുന്നു ആവശ്യം. തുടർന്ന്, മന്ത്രിയുടെ ഓഫീസിലെത്തിയപ്പോൾ മന്ത്രിയും അതിശയിച്ചു. നിങ്ങൾ ഐ.ടി. പാർലമെന്ററി സമിതിയിലുണ്ടോ എന്നായിരുന്നു ചോദ്യം. ഉണ്ടെന്ന് മറുപടിനൽകി. ഏതുപാർട്ടിയിൽനിന്നാണെന്നു ചോദിച്ചു. ഞാൻ സി.പി.എം. അംഗമാണെന്ന് മറുപടി നൽകി. ഉടൻ തെറ്റുപറ്റിയതായും ഖേദിക്കുന്നതായും മന്ത്രി അറിയിക്കുകയായിരുന്നു - നടരാജൻ വിശദീകരിച്ചു. ഇതിനിടെ പെഗാസസ് ഫോൺ ചോർത്തൽ വിഷയം പരിഗണിക്കാനെടുത്ത ഐ.ടി. പാർലമെന്ററിസമിതിയുടെ അധ്യക്ഷൻ ശശി തരൂരിനെ നീക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. ഇതിനായി ബി.ജെ.പി. നേതാവും സമിതിയംഗവുമായ നിഷികാന്ത് ദുബെ തരൂരിനെതിരേ ലോക്സഭയിൽ അവകാശലംഘനത്തിനു നോട്ടീസ് നൽകി. ഇക്കാര്യത്തിൽ തീരുമാനമുണ്ടാവുന്നതുവരെ താൻ സമിതിയോഗത്തിൽ പങ്കെടുക്കില്ലെന്ന് ദുബെ പ്രഖ്യാപിച്ചു. ഇതിനിടെ തരൂർ ബുധനാഴ്ച വിളിച്ചുചേർത്ത പാർലമെന്ററിസമിതി യോഗം അംഗബലം തികയാത്തതിനെത്തുടർന്ന് മാറ്റിവെച്ചു. പെഗാസസ് വിഷയത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാനാണ് യോഗം വിളിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/3l8MYBE
via IFTTT