Breaking

Friday, July 30, 2021

നിയമസഭയിലെ കൈയാങ്കളി: കേസ് ഓഗസ്റ്റ് ഒമ്പതിനു പരിഗണിക്കും

തിരുവനന്തപുരം: മന്ത്രി വി. ശിവൻകുട്ടിയടക്കമുള്ള നിയമസഭാ സാമാജികർ പ്രതികളായ കൈയാങ്കളിക്കേസ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (സി.ജെ.എം.) കോടതി ഓഗസ്റ്റ് ഒമ്പതിനു പരിഗണിക്കും. കേസ് പിൻവലിക്കണമെന്ന ആവശ്യം സുപ്രീംകോടതിയടക്കം തള്ളിയ സാഹചര്യത്തിലാണ് വീണ്ടും സി.ജെ.എമ്മിന്റെ പരിഗണനയിൽവരുന്നത്.വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, മുൻ എം.എൽ.എ.മാരായ സി.കെ. സദാശിവൻ, കെ. അജിത്, കെ. കുഞ്ഞഹമ്മദ് എന്നിവർ നേരത്തേ സമർപ്പിച്ച വിടുതൽഹർജിയിലാകും കോടതി വാദംകേൾക്കുക. സുപ്രീംകോടതി ഇതേ ആവശ്യം തള്ളിയ സാഹചര്യത്തിൽ കീഴ്‌ക്കോടതിയിൽനിന്ന് പ്രതികൾക്കനുകൂലമായ നിലപാട് ഉണ്ടാകാനിടയില്ല. ഹർജി തള്ളിയാൽ പ്രതികൾ വിചാരണ നേരിടേണ്ടിവരും. പൊതുമുതൽ നശീകരണ നിരോധന നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും അന്യായമായ കൈയേറ്റം, നാശനഷ്ടമുണ്ടാക്കൽ, കുറ്റകൃത്യത്തിൽ പങ്കാളികളാകുക എന്നീ കുറ്റങ്ങളാണ്‌ ചുമത്തിയിട്ടുള്ളത്. പ്രതികൾ ജാമ്യമെടുത്ത അവസരത്തിൽ 2,13,786 രൂപ കോടതിയിൽ കെട്ടിെവച്ചിരുന്നു. ജുഡീഷ്യൽ കോടതിയുടെയും രൂക്ഷവിമർശനമേറ്റ കേസ്കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി തള്ളിയ സി.ജെ.എം. സർക്കാർ നടപടിയെ അന്ന് രൂക്ഷമായി വിമർശിച്ചിരുന്നു. സർക്കാരിന്റെ നടപടി നിയമവ്യവസ്ഥയെ തടസ്സപ്പെടുത്തുന്നതും നീതിന്യായവ്യവസ്ഥിതിയുടെ മുഖത്ത് പ്രഹരിക്കുന്നതുമാണെന്നായിരുന്നു കോടതിയുടെ അന്നത്തെ നിരീക്ഷണം. ജനതാത്പര്യാർഥം കേസ് പിൻവലിക്കുന്നെന്ന സർക്കാർ വാദത്തെയും കോടതി കണക്കിനു കളിയാക്കി. ജനതാത്പര്യം എന്നത് പൊതുമുതൽ നശിപ്പിച്ചവരെ സംരക്ഷിക്കുക എന്നതല്ല, മറിച്ച് പൊതുമുതൽ നശിപ്പിച്ച് നഷ്ടമുണ്ടാക്കിയവരെ നിയമത്തിന്റെമുന്നിൽ കൊണ്ടുവരുക എന്നതാണ്. കേസെടുക്കാൻ സ്പീക്കറുടെ അനുമതിവേണമെന്ന പ്രതികളുടെ വാദത്തെയും കോടതി ഉത്തരവിൽ ഖണ്ഡിക്കുന്നുണ്ട്. നിയമസഭാ സെക്രട്ടറി പോലീസിന് മൊഴിനൽകിയത് സ്പീക്കറുടെ അനുവാദത്തോടും അനുമതിയോടെയുമാണെന്ന് ഉത്തരവിൽ പറയുന്നു. അക്കാരണംകൊണ്ടുതന്നെ ഇനി സ്പീക്കറുടെ പ്രത്യേക അനുമതി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. നിയമസഭയിൽ സംസാരിക്കാനും വോട്ടുചെയ്യാനുമാണ് സാമാജികർക്ക് അവകാശം, അല്ലാതെ ക്രിമിനൽക്കുറ്റം ചെയ്യാനല്ലെന്നും കോടതി ഓർമപ്പെടുത്തി. ക്രിമിനൽക്കുറ്റം ചെയ്യാൻ ഒരു പരിരക്ഷയും സാമാജികർക്ക് ഭരണഘടന നൽകുന്നില്ലെന്നും കോടതി ഉത്തരവിലുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3liE5VU
via IFTTT