തൃശ്ശൂർ: കരുവന്നൂർ ബാങ്ക് ഭരിക്കുന്ന സി.പി.എമ്മിനെ സ്വാധീനിക്കാൻ പ്രതികളായ നാലുപേർ തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിട്ടുനൽകിയത് 40 വാഹനങ്ങൾ. വൻതുകയും പാർട്ടിക്ക് സംഭാവന നൽകി.മുൻ ബാങ്ക് സെക്രട്ടറിയും പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന ടി.ആർ. സുനിൽകുമാർ, മുൻ ബ്രാഞ്ച് മാനേജരും കരുവന്നൂർ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന ബിജു കരീം, മുൻ അക്കൗണ്ടന്റും തൊടുപറമ്പ് ബ്രാഞ്ച് അംഗവുമായിരുന്ന സി.കെ. ജിൽസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പാർട്ടിയെ സ്വാധീനിക്കാനുള്ള പദ്ധതി നടപ്പാക്കിയത്.വായ്പത്തട്ടിപ്പിൽനിന്ന് കിട്ടിയ പണത്തിൽനിന്നാണ് പ്രചാരണത്തിനുള്ള തുക വകമാറ്റിയത്. ഇതോടെ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച് പ്രാദേശികനേതാക്കളുടെ പ്രതിഷേധവും പരാതിയും ചെവിക്കൊള്ളാൻ പാർട്ടിനേതൃത്വം തയ്യാറായില്ല. അതുകൊണ്ടുതന്നെ നടപടിയും ഉണ്ടായില്ല. പാർട്ടി ആവശ്യപ്പെടാതെത്തന്നെയായിരുന്നു സഹായങ്ങൾ നൽകിയിരുന്നത്. സംസ്ഥാനനേതൃത്വത്തിലും പ്രതികൾക്ക് വ്യക്തമായ സ്വാധീനമുണ്ടായിരുന്നു. പ്രതികൾക്കെതിരേ അന്വേഷണം നടത്താൻ ജില്ലാ സെക്രട്ടറിയായിരിക്കെ ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ നൽകിയ നിർദേശപ്രകാരം കിട്ടിയ റിപ്പോർട്ട് പൂഴ്‌ത്താനും പ്രതികളുടെ കൈയഴിഞ്ഞുള്ള സഹായം കാരണമായി. പരാതിക്കാരെ വി.എസ്. പക്ഷക്കാരാക്കി ഒറ്റപ്പെടുത്തുന്നതിലും തട്ടിപ്പുകാർ ജയം കണ്ടു. പ്രതികൾ പിടിയിലായത് സ്ഥിരീകരിക്കാതെ പോലീസ്നാല് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ഇതുവരെയും സ്ഥിരീകരിക്കാൻ അന്വേഷണസംഘം തയ്യാറായിട്ടില്ല. അതേസമയം പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെങ്കിൽ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ വൈകുന്നത് ദുരൂഹത ഉയർത്തുന്നുണ്ട്. നൂറുകോടിയിലേറെ വെട്ടിപ്പ് കണ്ടെത്തിയ കേസിലാണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞില്ലെന്ന് പോലീസ് പറയുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3zKeBEV
via
IFTTT