Breaking

Friday, July 30, 2021

ഇഷ്ടായി, ഇന്ത്യൻ പോത്തിനെ ലോകത്തിന്..... കയറ്റുമതിയിൽ റെക്കോഡ് കുതിപ്പ്

കോട്ടയം: പോത്തിറച്ചി കയറ്റുമതിയിൽ രാജ്യത്തിന് കോവിഡ് കാലത്തും വൻ കുതിപ്പ്. 106 ശതമാനം വർധനയാണ് ഇറച്ചി ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ. ഈവർഷം ഏപ്രിൽമുതൽ ജൂൺവരെയുള്ള കാലയളവിൽ 70-ലേറെ രാജ്യത്തേക്ക് 7543 കോടി രൂപയുടെ കയറ്റുമതിയാണ് പോത്തിറച്ചിക്കുണ്ടായത്. കഴിഞ്ഞവർഷം ഇതേകാലയളവിൽ ഇത് 3668 കോടി രൂപയായിരുന്നു. എല്ലാ സുരക്ഷാക്രമീകരണങ്ങളും പാലിക്കുന്നതിനാലാണ് ഇന്ത്യൻ ഇറച്ചിക്ക് വിദേശവിപണി നഷ്ടപ്പെടാത്തതെന്നാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. വേൾഡ് ഓർഗനൈസേഷൻ ഫോർ ആനിമൽ ഹെൽത്ത് മാർഗനിർദേശങ്ങൾക്കനുസൃതമായി മാംസം തയ്യാറാക്കി കയറ്റുമതി ചെയ്യുന്നതിനാൽ ഗുണനിലവാരം, പോഷകമൂല്യം, അപകടസാധ്യതയില്ലായ്മ എന്നിവയിലുള്ള മികച്ച സ്ഥിതിയാണ് വിദേശവിപണിയിൽ ഇന്ത്യൻ പോത്തിറച്ചിയെ പ്രിയപ്പെട്ടതാക്കുന്നത്. എല്ലില്ലാത്ത മാംസംമാത്രമേ ഇന്ത്യയിൽനിന്ന് കയറ്റുമതിചെയ്യാൻ അനുവദിക്കൂ എന്നത് വിപണിയിൽ ഒന്നാംസ്ഥാനം നിലനിർത്താൻ സഹായിക്കുന്നുണ്ട്. ഹോങ്കോങ്, വിയറ്റ്‌നാം, മലേഷ്യ, ഈജിപ്ത്, ഇന്തോനേഷ്യ, ഇറാഖ്, സൗദി അറേബ്യ, ഫിലിപ്പൈൻസ്, യു.എ.ഇ. എന്നീ രാജ്യങ്ങളിലേക്കാണ് ഏറ്റവുമധികം കയറ്റുമതി.ഭക്ഷ്യോത്പന്ന കയറ്റുമതിയിൽ 17.4 ശതമാനം വളർച്ചപച്ചക്കറി ഉൾപ്പെടെയുള്ള എല്ലായിനം ഭക്ഷ്യോത്പന്നങ്ങളുടെയും കയറ്റുമതിയിൽ രാജ്യത്തിന് 17.4 ശതമാനം വളർച്ചയുമുണ്ട്. 2020 ഏപ്രിൽമുതൽ 2021 മാർച്ചുവരെ 410 കോടി ഡോളർ മൂല്യമുള്ള സംസ്കരിച്ച കാർഷിക ഭക്ഷ്യോത്പന്നങ്ങൾ കയറ്റുമതിചെയ്തു. പഴങ്ങളും പച്ചക്കറികളും മറ്റ് സംസ്കരിച്ച ഭക്ഷണങ്ങൾ, സമുദ്രവിഭവങ്ങൾ, ഇറച്ചി, ഇറച്ചി ഉത്‌പന്നങ്ങൾ, അരി, ഗോതമ്പ് തുടങ്ങിയവ ഉൾപ്പെടെയാണിത്.


from mathrubhumi.latestnews.rssfeed https://ift.tt/3BZmoB0
via IFTTT