Breaking

Saturday, July 31, 2021

വെന്തുനീറി നാറാത്ത്

നാറാത്ത് (കണ്ണൂർ): പുതിയതെരു-മയ്യിൽ റോഡിലാണ്‌ നാറാത്ത് രണ്ടാം മൈൽ എന്ന ചെറിയ ടൗൺ. വലതുവശത്ത് ഒരേനിരയിലാണ് പുത്തൻവീട്ടിൽ തറവാട്ടിലെ നാലുസഹോദരങ്ങളുടെ വീട്. ആ നിരയിലെ രണ്ടാം വീടായ ‘പാർവണം’ ആണ് കൊല്ലപ്പെട്ട പി.വി. മാനസയുടേത്. ദുരന്തം ചാനലുകളിൽ ബ്രെയ്‌ക്കിങ്‌ ന്യൂസായി മാറിമറിയുമ്പോൾ അച്ഛൻ മാധവൻ കണ്ണൂർ ടൗണിലെ തളാപ്പിൽ ഗതാഗതം നിയന്ത്രിക്കുന്ന തിരക്കിലായിരുന്നു. കരസേനയിൽനിന്ന് വിരമിച്ച മാധവൻ ഏതാനും വർഷങ്ങളായി ടൗൺ ട്രാഫിക് സ്റ്റേഷനിലെ ഹോംഗാർഡാണ്. മൂന്നരയോടെ വീട്ടിൽനിന്ന് ഫോൺ വന്നു. മകൾക്ക് ചെറിയ വിഷമം നേരിട്ടു, വേഗം വരണമെന്നാണ് സന്ദേശം. മാധവൻ വീട്ടിലെത്തിയത് യൂണിഫോമിലായിരുന്നു. ചെന്നിറങ്ങുമ്പോൾ ഭാര്യ ബീനയുടെ നെഞ്ചുപിളരുന്ന നിലവിളി. അപ്പോഴാണ് ആ അച്ഛന് സംഭവങ്ങളുടെ വ്യാപ്തി മനസ്സിലാകുന്നത്. ഇതുപോലൊരു ചെറിയ പ്രദേശത്തിന് താങ്ങാവുന്നതിനപ്പുറമുള്ള ദുരന്തമായിരുന്നു അത്. ബന്ധുക്കളും പരിചയക്കാരും അയൽവാസികളുമായി ഒട്ടേറെപ്പേർ തടിച്ചുകൂടി. വീടിനകത്ത് കടന്നവർ കുടുംബത്തെ ആശ്വസിപ്പിക്കാനാകാതെ നിറകണ്ണുകളോടെ മടങ്ങി. അഞ്ചരയോടെ മാധവന്റെ ജ്യേഷ്ഠൻ വിജയൻ, ബീനയുടെ സഹോദരൻ സനാതനൻ, സി.പി.എം. ലോക്കൽ സെക്രട്ടറി എൻ. അശോകൻ എന്നിവർ കോതമംഗലത്തേക്ക് പുറപ്പെട്ടു. ഒന്നുമുതൽ പ്ലസ്ടുവരെ കണ്ണൂർ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു മാനസ. പഠനത്തിൽ മിടുക്കി. പ്രവേശനപരീക്ഷയെഴുതി സർക്കാർ ക്വാട്ടയിലാണ് കോതമംഗലത്ത് പ്രവേശനം നേടിയത്. സഹോദരങ്ങളുടെ സമപ്രായക്കാരായ മക്കളുമായി കളിച്ചുചിരിച്ചു നടക്കുന്ന മാനസയുടെ മുഖമാണ് അയൽക്കാരുടെ മനസ്സിൽ. അത് അത്രപെട്ടന്ന് മായുകയുമില്ല.


from mathrubhumi.latestnews.rssfeed https://ift.tt/3xeBYVF
via IFTTT