Breaking

Monday, July 26, 2021

സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് അഴിമതി ആരോപണം: കോൺഗ്രസ് ഉലയുന്നു, കടുത്ത നടപടികളുണ്ടായേക്കും

സുൽത്താൻബത്തേരി : ബത്തേരി അർബൻ ബാങ്കിലെ നിയമന അഴിമതി വാർത്തകൾ പുറത്തുവന്നതിനുപിന്നാലെ കോൺഗ്രസിനുള്ളിൽ ആഭ്യന്തര കലഹം രൂക്ഷമായി. രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലത്തിന്റെ ആസ്ഥാനമെന്ന നിലയിൽ വയനാട്ടിലെ തർക്കങ്ങൾ ദേശീയ ശ്രദ്ധയിലേക്ക് വന്നേക്കുമെന്നതിന്റെ ആശങ്കയിലാണ് നേതൃത്വം. ചില നേതാക്കൾക്കുനേരെ കടുത്ത നീക്കമുണ്ടാവുമെന്നാണ് പാർട്ടിയിലെ ചിലരും സി.പി.എമ്മുമായുള്ള ബന്ധം പരാമർശിച്ചുള്ള ഡി.സി.സി. പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണന്റെ പ്രതികരണം നൽകുന്ന സൂചന. ചില പ്രമുഖർ ഇടതുമുന്നണിയിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായും പ്രചരിക്കുന്നുണ്ട്. ബത്തേരി അർബൻ ബാങ്കുമായി ബന്ധപ്പെട്ട് നിയമന അഴിമതി ആരോപണമുയർന്നതോടെയാണ് പാർട്ടിയിൽ പ്രശ്നങ്ങൾ തുടങ്ങിയത്. ആരോപണമുന്നയിച്ചവരെയും അന്വേഷണം ആവശ്യപ്പെട്ടവരെയും കമ്മിഷൻ അംഗങ്ങളെയും ഉൾപ്പെടെ ലക്ഷ്യമിട്ട് തയ്യാറാക്കിയ വ്യാജ കത്ത് പുറത്തുവന്നതോടെ പോരു മുറുകി. അഴിമതി പുറത്തുകൊണ്ടുവന്നവരിൽ പ്രധാനിയെന്നു കരുതുന്ന നേതാവിനുനേരെ പൊടുന്നനെ സ്ത്രീപീഡന പരാതി വന്നതോടെ പോരിന്റെ രൂപംതന്നെ മാറി. ചെളിവാരിയേറിൽ നിറയെ അഴിമതിക്കഥകൾ കോൺഗ്രസ് ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങൾ മൊത്തക്കച്ചവടമാക്കിയ എ., ഐ. ഗ്രൂപ്പുകളിൽപ്പെട്ട രണ്ട് മുതിർന്ന നേതാക്കൾ നേതൃത്വംനൽകുന്ന സംഘങ്ങൾ ജില്ലയിലുണ്ടെന്നാണ് ഒരു വിഭാഗം പറയുന്നു. ബത്തേരിയിലെ നിയമന അഴിമതി വിവാദം വഴിതിരിച്ചുവിടാൻ പുതിയ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പിറകിൽ ഈ സംഘമാണെന്നും ഇവർ പറയുന്നു. ഈ നേതാക്കളുടെ സി.പി.എം. ബന്ധത്തെ പരോക്ഷമായി വിമർശിച്ച് ഡി.സി.സി. പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യുടെ പ്രസ്താവനകൂടി വന്നതോടെ പാർട്ടിക്കുള്ളിലെ പോര് മുറുകി. അർബൻ ബാങ്കിലെ നിയമന അഴിമതിയെക്കുറിച്ച് വെള്ളിയാഴ്ചയാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്തത്. ജില്ലയിലെ മുതിർന്ന നേതാക്കളടക്കമുള്ളവർക്കുനേരെ അഴിമതി ആരോപണം ഉന്നയിച്ച് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ എം.പിക്ക്‌, ഡി.സി.സി. ജനറൽ സെക്രട്ടറി ആർ.പി. ശിവദാസ് അയച്ചതെന്ന പേരിലുള്ള കത്ത് സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചാണ് ഒരു വിഭാഗം ആദ്യം വെടിയുയർത്തിയത്. ഈ കത്ത് താൻ അയച്ചതല്ലെന്ന് ശിവദാസ് വെളിപ്പെടുത്തിയതോടെ ആരോപണങ്ങളുടെ മുനയൊടിഞ്ഞു. നിയമന അഴിമതി പാർട്ടിക്കുള്ളിൽ ഉന്നയിച്ച ശിവദാസിനെ ബലിയാടാക്കുന്നതിനൊപ്പം, അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട നേതാക്കളെയും അന്വേഷണ കമ്മിഷൻ അംഗങ്ങളെയും കത്തിലൂടെ അഴിമതിക്കാരായി ചിത്രീകരിക്കാനാണ് ഈ സംഘത്തിന്റെ ശ്രമമെന്നാണ് മറുചേരിയിലുള്ളവർ പറയുന്നത്. തന്റെ പേരിൽ വ്യാജ കത്തയച്ചവരുടെ പേരിൽ കെ.പി.സി.സി. നേതൃത്വത്തിനും പോലീസിനും പരാതി നൽകുമെന്ന് ശിവദാസ് പറഞ്ഞു. ചില നേതാക്കൾക്കു നേരെ കത്തിലുള്ള ആരോപണങ്ങൾ ശരിയാണെന്ന സംസാരവും പാർട്ടിയിലുണ്ട്. നേരത്തേ ആരോപണ വിധേയരായ ചില നേതാക്കളെ കത്തിൽ ഒഴിവാക്കിയതും ചർച്ചയായിട്ടുണ്ട്. ഇതിനിടെ അർബൻ ബാങ്കിൽ ജോലി നൽകാമെന്ന് വാഗ്ദാനംചെയ്ത് ചില നേതാക്കൾ ഒട്ടേറെ പേരിൽനിന്ന്‌ ലക്ഷങ്ങൾ കൈപ്പറ്റിയെന്ന വിവരവും പുറത്തു വരുന്നുണ്ട്. പണം നൽകിയിട്ടും ജോലി കിട്ടാതായതോടെ ചിലർ പരാതിയുമായി നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.ബാങ്കിലേക്ക് ഇന്ന് മാർച്ച്അർബൻ ബാങ്കിലെ നിയമന അഴിമതിയിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ്. തിങ്കളാഴ്ച 11-ന്‌ ബാങ്കിലേക്ക് മാർച്ച് നടത്തും. സി.പി.എം. തിങ്കളാഴ്ച 11-ന്‌ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യുടെ ഓഫീസിലേക്ക് മാർച്ച് നടത്തും.


from mathrubhumi.latestnews.rssfeed https://ift.tt/2W9k4Xp
via IFTTT