തിരുവനന്തപുരം: പിളർന്നുനിന്നാൽ ഐ.എൻ.എൽ. ഇടതുമുന്നണിയിൽനിന്ന് പുറത്താകും. ഘടകകക്ഷി എന്നനിലയിൽ രണ്ടുവിഭാഗത്തെ മുന്നണിയിൽ പരിഗണിക്കേണ്ടതില്ലെന്നാണ് സി.പി.എമ്മിന്റെ നിലപാട്. ഒന്നിച്ചുനിന്നാൽ മാത്രമായിരിക്കും ഐ.എൻ.എലിന് എൽ.ഡി.എഫിൽ തുടരാനാകുക. അതേസമയം, മന്ത്രിയെ തിടുക്കപ്പെട്ട് മാറ്റാനിടയില്ല. സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുൾ വഹാബ് എന്നിവരുടെ നേതൃത്വത്തിലാണ് ഐ.എൻ.എൽ. രണ്ടായിപ്പിളർന്നത്. പിളർപ്പിനുശേഷം ഇരുനേതാക്കളും സി.പി.എമ്മുമായി സംസാരിച്ചിരുന്നു. ഭിന്നിച്ചതിന്റെയും വിഴുപ്പലക്കലിന്റെയും പാപഭാരം എൽ.ഡി.എഫിന് പേറാനാവില്ലെന്ന് സി.പി.എം. നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, മുന്നണിയിൽനിന്ന് പുറത്തുപോകേണ്ടിവരുമെന്നത് ഇവരോട് പറഞ്ഞിട്ടില്ലെന്നാണ് സൂചന. ഐ.എൻ.എലിൽ ചേരിതിരിവും തർക്കങ്ങളും പുറത്തേക്കുവന്ന ഘട്ടത്തിൽ സി.പി.എം. ഇടപെട്ടിരുന്നു. ഒന്നിച്ചുപോകാമെന്ന ഉറപ്പ് കാസിം ഇരിക്കൂറും അബ്ദുൾ വഹാബും അന്ന് പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് നൽകിയതാണ്. അതൊന്നും പാലിക്കാതെ പൊതുനിരത്തിൽ പോരടിച്ചതോടെയാണ് കടുത്തനിലപാട് എടുക്കാമെന്ന ധാരണയിൽ സി.പി.എം. നേതാക്കൾ എത്തിയത്. രണ്ടുവിഭാഗമായിത്തന്നെയാണ് ഐ.എൻ.എൽ. തുടരുന്നതെങ്കിൽ ഇടതുപക്ഷത്തിനൊപ്പം നിർത്തുകയും ഘടകകക്ഷിയെന്നത് ഒഴിവാക്കുകയും ചെയ്യും. ചെറുപാർട്ടികൾ മുറിയുന്നതിനനുസരിച്ച് എല്ലാവരെയും ഘടകകക്ഷിയാക്കുന്ന രീതി എൽ.ഡി.എഫ്. സ്വീകരിക്കേണ്ടതില്ല. അത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും സി.പി.എം. വിലയിരുത്തുന്നു. സാധാരണ എൽ.എഡി.എഫ്. യോഗത്തിൽ കാസിമും അബ്ദുൾ വഹാബുമാണ് ഐ.എൻ.എലിനെ പ്രതിനിധാനംചെയ്ത് പങ്കെടുക്കുക. ഇവർ രണ്ടുപക്ഷത്തേക്ക് മാറിയതോടെ എൽ.ഡി.എഫിൽ പങ്കെടുക്കുന്നവരാരെന്ന് അവർ അറിയിക്കേണ്ടിവരും. രണ്ടുവിഭാഗവും കത്തുനൽകുന്ന ഘട്ടത്തിൽ സി.പി.എമ്മും എൽ.ഡി.എഫും നിലപാട് വ്യക്തമാക്കും.
from mathrubhumi.latestnews.rssfeed https://ift.tt/3zEiYl8
via
IFTTT