Breaking

Saturday, July 31, 2021

നേതൃമാറ്റം യൂത്ത് കോൺഗ്രസിലും വേണം; ഷാഫിക്കും ശബരിക്കും നേരെ വിമർശനം

തിരുവനന്തപുരം : നിയമസഭാതിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസിലെന്നപോലെ യൂത്ത് കോൺഗ്രസിലും നേതൃമാറ്റം വേണമെന്ന് ആവശ്യം. യൂത്ത് കോൺഗ്രസ് സംസ്ഥാനകമ്മിറ്റി യോഗത്തിലാണ് പ്രസിഡന്റ് ഷാഫി പറമ്പിൽ, വൈസ് പ്രസിഡന്റ് കെ.എസ്. ശബരിനാഥൻ എന്നിവർക്കുനേരെ വിമർശനമുയർന്നത്. എ, ഐ വിഭാഗത്തിൽനിന്നായിരുന്നു വിമർശനമേറെയും. പ്രതിപക്ഷനേതൃസ്ഥാനത്ത് മാറ്റംവരുന്നതിനെ ഷാഫി പറമ്പിൽ എം.എൽ.എ. അനുകൂലിച്ചത് ഗ്രൂപ്പുനേതൃത്വത്തിൽ അപ്രീതിക്ക് കാരണമായെന്നാണ് വിലയിരുത്തൽ. ഐ വിഭാഗത്തിൽനിന്ന് യു.കെ. അഭിലാഷ്, എസ്.എം. ബാലു, എം.പി. പ്രവീൺ, പി.കെ. രാഗേഷ് എന്നിവരാണ് വിമർശനമുയർത്തിയത്. ഇതിനെ എം.എസ്. നുസൂർ, അനീഷ് കെ.എസ്., ദുൽഖ് ഫിർ, എസ്.ജെ. പ്രേംരാജ് എന്നിവരടക്കമുള്ള എ വിഭാഗം ഭാരവാഹികൾ പ്രതിരോധിച്ചില്ലെന്ന് മാത്രമല്ല, പ്രവർത്തനരീതിയെ വിമർശിക്കുകയുംചെയ്തു. റിജിൽ മാക്കുറ്റി, ജിൻഷാദ്, നിധീഷ് തുടങ്ങിയവരാണ് നേതൃമാറ്റം വേണ്ടെന്ന് വാദിച്ചത്. യൂത്ത് കോൺഗ്രസെന്നനിലയിൽ ലഭിച്ച 12 സീറ്റിൽ രണ്ടിടത്ത് മാത്രമാണ് വിജയിക്കാനായത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ യൂത്ത് കോൺഗ്രസുകാർ മത്സരിക്കുന്ന സീറ്റുകളിൽ സംഘടനാസംവിധാനവും പ്രവർത്തിച്ചില്ല. ഭാരവാഹികളെ കൂടിയാലോചനയില്ലാതെ നോമിനേറ്റുചെയ്ത് തിരഞ്ഞെടുക്കപ്പെട്ട സമിതിയെന്നതിന്റെ അന്തസ്സത്ത ചോർത്തിക്കളയുന്നു എന്നിങ്ങനെയായിരുന്നു വിമർശനം. പ്രതിപക്ഷനേതൃസ്ഥാനത്ത് മാറ്റംവേണമെന്ന് യൂത്ത് കോൺഗ്രസ് പ്രമേയം പാസാക്കിയതായി ഹൈക്കമാൻഡിനെ അറിയിച്ചുവെന്ന ആരോപണവും തർക്കത്തിനിടയാക്കി. സംസ്ഥാനകമ്മിറ്റി പാസാക്കാതെ എങ്ങനെ പ്രമേയം ഹൈക്കമാൻഡിലെത്തിയെന്നായിരുന്നു ചോദ്യം. നിലവിലുള്ള കമ്മിറ്റിക്ക് ഇനിയും പകുതി കാലാവധികൂടിയുള്ളതിനാൽ നേതൃമാറ്റത്തെക്കുറിച്ച് കേന്ദ്രനേതൃത്വം അഭിപ്രായം പറയുന്നില്ലെന്ന് ദേശീയ ജനറൽ സെക്രട്ടറി എബ്രഹാം റോയ് മണി വ്യക്തമാക്കി. തന്റെ പ്രവർത്തനത്തിൽ പോരായ്മകളുണ്ടെങ്കിൽ തിരുത്താൻ തയ്യാറാണെന്ന് ഷാഫി പറമ്പിൽ വ്യക്തമാക്കി. നിലവിലുള്ള സമിതി കാലാവധി പൂർത്തിയാക്കും. പ്രതിപക്ഷനേതൃസ്ഥാനം സംബന്ധിച്ച് ഹൈക്കമാൻഡിന് സംഘടനയുടെ പ്രമേയമായി ഒന്നും അയച്ചുനൽകിയിട്ടില്ലെന്നും അദ്ദേഹം മറുപടിപറഞ്ഞു. വ്യാഴാഴ്ച രാത്രി ഏറെവൈകിയാണ് യോഗം അവസാനിച്ചത്. content highlights:demand for leadership change in youth congress, criticism against shafi and sabari


from mathrubhumi.latestnews.rssfeed https://ift.tt/3ieeZpx
via IFTTT