Breaking

Wednesday, July 28, 2021

കോവിഡ്: ഏഴ് ജില്ലകളില്‍ സ്ഥിതി അതിരൂക്ഷം; ആശങ്കയറിയിച്ച് കേന്ദ്രം

ന്യൂഡൽഹി : വീണ്ടുമൊരു തരംഗത്തിന്റെ വ്യക്തമായ സൂചനയെന്നോണം കേരളത്തിൽ കോവിഡ്വ്യാപനം കൂടിയതായി കേന്ദ്രം. സംസ്ഥാനത്ത് ഒരു കോവിഡ് രോഗിയിൽനിന്ന് 1.2 ആളുകളിലേക്കാണ് ഇപ്പോൾ വൈറസ് പടരുന്നത്. വൈറസിന്റെ വ്യാപനനിരക്ക് ഏറ്റവും കൂടുതൽ കേരളത്തിലാണെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു. കോവിഡ് അതിവേഗം കൂടിക്കൊണ്ടിരിക്കുന്ന 22 ജില്ലകളിൽ ഏഴെണ്ണം സംസ്ഥാനത്താണ്. ആലപ്പുഴ, കോട്ടയം, മലപ്പുറം, തൃശ്ശൂർ, വയനാട്, എറണാകുളം, പത്തനംതിട്ട എന്നിവയാണ് ഈ ജില്ലകൾ. ബാക്കി 15 എണ്ണം വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലാണ്. കഴിഞ്ഞ നാലാഴ്ചയായി ഈ ജില്ലകളിൽ രോഗം വൻതോതിൽ കൂടി. ജൂൺ 28 മുതലുള്ള നാലാഴ്ചത്തെ കണക്കനുസരിച്ച്് മലപ്പുറത്ത് 59 ശതമാനവും തൃശ്ശൂരിൽ 47 ശതമാനവും എറണാകുളത്ത് 46 ശതമാനവും കോട്ടയത്ത് 63 ശതമാനവും വർധനയുണ്ടായി. ഈ പശ്ചാത്തലത്തിൽ രോഗം നിയന്ത്രിക്കാൻ സംസ്ഥാനവുമായി നിരന്തര സമ്പർക്കത്തിലാണെന്ന് ആരോഗ്യമന്ത്രാലയം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ മരണനിരക്ക് ആശ്വസിക്കാവുന്ന തോതിലാണെങ്കിലും വൈറസിന്റെ അതിവേഗവ്യാപനം ആശങ്കയുണ്ടാക്കുന്നുണ്ട്. വൈറസിന് വീണ്ടും വകഭേദം സംഭവിച്ചേക്കാം. സമീപജില്ലകളിലും രോഗം കൂടാനിടയുണ്ട്. രോഗം വളരെ കുറഞ്ഞിരുന്ന അവസ്ഥയിൽനിന്നാണ് ഈ വർധനയുണ്ടായത് എന്നത് ആശങ്കയ്ക്കു കാരണമാണ്. അനാവശ്യയാത്രകൾ, ആൾക്കൂട്ടം, ആഘോഷം എന്നിവ ഒഴിവാക്കണം. വലിയ കൂടിച്ചേരലുകൾക്ക് സമയമായിട്ടില്ല. രണ്ടാംതരംഗം അവസാനിച്ചിട്ടുപോലുമില്ലെന്ന് ഓർക്കണം -ഡോ. പോൾ പറഞ്ഞു. രാജ്യത്ത്പ്രതിദിനരോഗികളുടെ എണ്ണം 29,689 ആയി കുറഞ്ഞു. ഇക്കൊല്ലം ഫെബ്രുവരി 16-ന് ഒന്നാംതരംഗത്തിന്റെ ഒടുവിൽ റിപ്പോർട്ട് ചെയ്തപ്രതിദിന കേസുകൾ 9,121 ആയിരുന്നു. രണ്ടാംതരംഗത്തിൽ മേയ് ഏഴിന് അത് 4,14,188 ആയി ഉയർന്നു. സ്കൂളുകൾ: തീരുമാനമെടുക്കേണ്ടത് സംസ്ഥാനങ്ങൾ സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ കേന്ദ്രത്തിന്റെ പൊതുമാർഗരേഖയുണ്ടെങ്കിലും തീരുമാനമെടുക്കേണ്ടത് സംസ്ഥാന സർക്കാരുകളാണ്. അധ്യാപകരുടെയും ജീവനക്കാരുടെയും വാക്സിനേഷൻ, എത്ര കുട്ടികൾക്ക് സ്കൂളുകളിൽ വരാനാവും തുടങ്ങിയ കാര്യങ്ങളൊക്കെ കണക്കിലെടുക്കണം. എന്തായാലും ആ തീരുമാനം എളുപ്പത്തിൽ എടുക്കാവുന്ന ഒന്നല്ല. ചില സംസ്ഥാനങ്ങൾ സ്വന്തംനിലയ്ക്ക് തീരുമാനമെടുക്കുന്നുണ്ട്. എന്തായാലും ഇതുമായി ബന്ധപ്പെട്ട മാർഗരേഖ കൃത്യമായി പാലിക്കണം -ഡോ. പോൾ പറഞ്ഞു. Content Highlights:Kerala Covid 19 Virus spread from one person to 1.2 persons


from mathrubhumi.latestnews.rssfeed https://ift.tt/3f2BrQy
via IFTTT