Breaking

Wednesday, July 28, 2021

വാളയാര്‍ അത്ഭുതം; ആറു മണിക്കൂറില്‍ കൈക്കൂലി 1.71 ലക്ഷം, സര്‍ക്കാരിന് കിട്ടിയത് 2.5 ലക്ഷം മാത്രം

പാലക്കാട്: കോവിഡ് പ്രതിസന്ധി മറ്റെല്ലാ മേഖലകളെയും ബാധിച്ചെങ്കിലും മോട്ടോർവാഹന ചെക്പോസ്റ്റുകളിലെ ഉദ്യോഗസ്ഥരെ ബാധിച്ചിട്ടില്ലെന്ന് വിജിലൻസ്. കേരളത്തിലേക്ക് കടന്നുവരുന്ന വാഹനങ്ങൾ പരിശോധിക്കുന്ന വാളയാറിലെ ‘ഇൻ’ ചെക്പോസ്റ്റിലാണ് ശ്രദ്ധേയമായ ഈ കണ്ടെത്തൽ. തിങ്കളാഴ്ച ഒരുദിവസത്തെ സർക്കാർ വരുമാനം രേഖകളനുസരിച്ച് 2,50,240 രൂപയായിരുന്നു. അതേസമയം, രാത്രി എട്ടിന് ജോലിക്ക് കയറിയ ഉദ്യോഗസ്ഥർ പുലർച്ചെ രണ്ടിനകം മാമൂലിനത്തിൽ 1,70,000 രൂപ ഏജന്റിനെ ഏല്പിച്ചത് വിജിലൻസ് സംഘം കൈയോടെ പിടികൂടി. ഓഫീസിനകത്ത് രേഖകളില്ലാതെ സൂക്ഷിച്ച 1,975 രൂപ വേറെയും കണ്ടെത്തി. ചെക്പോസ്റ്റിൽ നിശ്ചിത ഇടവേളകളിൽ ഏജന്റുമാരെത്തി മാമൂൽപണം പരിസരത്തെ കേന്ദ്രത്തിലേക്ക് മാറ്റുന്നത് വിജിലൻസ് സംഘം മുൻപ് പലതവണ പിടികൂടിയിരുന്നു. വിശ്വസ്തരായ ലോറികളിലെ ഡ്രൈവർമാർവശം പണം കൊടുത്തയച്ച് പാലക്കാട് നഗരപരിസരത്ത് കാത്തുനിൽക്കുന്ന ആൾക്ക് കൈമാറുന്നതാണ് പുതിയ രീതി. ഇത്തരത്തിൽ ജൂലായ് 16-ന് ലോറി ഡ്രൈവറുടെ കൈവശം ചെക്പോസ്റ്റിൽനിന്ന് കൊടുത്തയച്ച അരലക്ഷം രൂപ റോഡരികിൽ നിൽക്കയായിരുന്ന പോലീസിന് കൈമാറിയിരുന്നു. ഈ സംഭവത്തിലെ അന്വേഷണം തുടരുന്നതിനിടെയാണ് ചൊവ്വാഴ്ച പുലർച്ചെ വീണ്ടും ലോറിഡ്രൈവർവശം പണം കൊടുത്തയയ്‌ക്കാൻ ശ്രമം നടന്നത്.നിരീക്ഷണം രാത്രി തുടങ്ങി, പരിശോധന പുലർച്ചെ രാത്രി പത്തുമുതൽ ചെക്പോസ്റ്റ് പരിസരത്ത് നിരീക്ഷണം നടത്തി. രണ്ടുമണിക്ക്‌ ശേഷമായിരുന്നു പരിശോധന. ചരക്ക് വാഹനങ്ങളുടെ തരമനുസരിച്ച് ഓരോന്നിനും നിശ്ചിതതുക മാമൂലായി ഈടാക്കും. വിജിലൻസ് ഡിവൈ.എസ്.പി. എസ്. ഷംസുദ്ദീന്റെ നിർദേശമനുസരിച്ച് ഇൻസ്പെക്ടർ കെ.എം. പ്രവീൺ കുമാർ, എസ്.െഎ. ബി. സുരേന്ദ്രൻ, എ.എസ്.െഎ.മാരായ മനോജ് കുമാർ, മുഹമ്മദ് സലീം, ഉദ്യോഗസ്ഥരായ സലേഷ്, രമേഷ്, പ്രമോദ്, സന്തോഷ് എന്നിവരടങ്ങുന്നതായിരുന്നു സംഘം. 1.70 ലക്ഷം പല കവറുകളിലായി കോയമ്പത്തൂരിൽനിന്ന്‌ കുപ്പികൾ കയറ്റിവന്ന മുരുകൻതുണൈ എന്ന കണ്ടെയ്നർ വാഹനം ചെക്പോസ്റ്റ് പരിസരത്ത്‌ ചൊവ്വാഴ്ച പുലർച്ചെ നിർത്തിയിട്ട് ചെക്പോസ്റ്റ് കൗണ്ടറിലെത്തി. ഉദ്യോഗസ്ഥർ കവറുകൾ പലതവണയായി ഡ്രൈവർക്ക് കൈമാറിയതോടെയാണ് ഡ്രൈവറെ പിടികൂടിയത്. ഡ്രൈവർ മോഹനസുന്ദരത്തെയും ഉദ്യോഗസ്ഥർ ചോദ്യംചെയ്തു. മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർ ടി.എം. ഷാജി, എ.എം.വി.െഎ.മാരായ അരുൺകുമാർ, ജോസഫ് റോഡ്രിഗ്സ്, ഷബീറലി, ഓഫീസ് സഹായി റിഷാദ് എന്നിവരാണ് പരിശോധനാസമയത്ത് ജോലിയിലുണ്ടായിരുന്നതെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറും.


from mathrubhumi.latestnews.rssfeed https://ift.tt/3yawKvs
via IFTTT