Breaking

Wednesday, July 28, 2021

തൊണ്ടിവാഹനങ്ങളുടെ ലേലം: റെക്കോഡ് വരുമാനവുമായി മലപ്പുറം,ലേലത്തിൽ ലഭിച്ചത് ആറുകോടിയിലേറെ രൂപ

കാളികാവ്: തൊണ്ടിവാഹനങ്ങളുടെ ലേലത്തിൽ മലപ്പുറത്തിന് സംസ്ഥാനത്ത് റെക്കോഡ് വരുമാനം. വിവിധ കേസുകളിൽ പോലീസ്‌സ്റ്റേഷനുകളിൽ പിടിച്ചിട്ട വാഹനങ്ങളുടെ ലേലം നാലു ജില്ലകളിൽ പൂർത്തിയായപ്പോൾ മലപ്പുറത്തുനിന്ന് 5.14 കോടി രൂപ ലഭിച്ചു. 18 ശതമാനം നികുതികൂടി ഉപ്പെടുത്തുമ്പോൾ സർക്കാരിന്റെ വരുമാനം ആറുകോടി കവിയും.പിഴ ഈടാക്കുന്നതിലൂടെ ലഭിക്കുന്നതിന്റെ പതിന്മടങ്ങ് വരുമാനമാണ് തൊണ്ടിവാഹന ലേലത്തിലൂടെ ലഭിച്ചത്. ആക്രിവില നിശ്ചയിച്ചാണ് ലേലം നടത്തുന്നത്. തൃശ്ശൂരിൽ 67 ലക്ഷം രൂപയ്ക്കും ആലപ്പുഴയിൽ 47 ലക്ഷത്തിനുമാണ് ലേലം നടന്നിട്ടുള്ളത്. മറ്റു ജില്ലകളിലും ലേലനടപടികൾ ആരംഭിച്ചിട്ടുണ്ട്.മൂന്നു ജില്ലകളിലും മഞ്ചേരി ആസ്ഥാനമായുള്ള റൈജൽ ഓറിയോൺ ഡിമോളിഷിങ് കമ്പനിയാണ് ലേലംപിടിച്ചത്. കാസർകോട് ജില്ലയിൽ 10 ലക്ഷം രൂപയ്ക്കു താഴെയുള്ള ഇരുചക്രവാഹനങ്ങളുടെ ലേലം മാത്രമാണു നടന്നിട്ടുള്ളത്.മലപ്പുറത്തെ സ്റ്റേഷനുകളിൽ ലേലംചെയ്തതിലേറെ വാഹനങ്ങൾ ഇനിയും കെട്ടിക്കിടക്കുന്നുണ്ട്. വാഹനങ്ങൾ നീക്കംചെയ്താൽ സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന സ്റ്റേഷൻ പരിസരം ഒഴിഞ്ഞുകിട്ടുകയും ചെയ്യും.മണൽക്കടത്തിനു പിടികൂടിയ വാഹനങ്ങളുടെ ലേലമാണ് നടക്കാനുള്ളത്. മറ്റു കേസുകളിലെ വാഹനങ്ങളെക്കാൾ മണൽക്കടത്ത് വാഹനങ്ങൾ കൂടുതലാണ്. മണൽക്കടത്തിനു പിടിയിലായ തൊണ്ടിവാഹനങ്ങളുടെ ഉത്തരവാദിത്വം റവന്യൂ വകുപ്പിനാണെന്ന് വാദം ഉന്നയിച്ചിട്ടുണ്ട്. റവന്യൂവകുപ്പിൻറെ ഇടപെടലിനെത്തുടർന്ന് മണൽവാഹനങ്ങളുടെ ലേലം തടസ്സപ്പെട്ടിരിക്കയാണ്.മേലാറ്റൂർ, വണ്ടൂർ, നിലമ്പൂർ, പൂക്കോട്ടുംപാടം, വഴിക്കടവ് തുടങ്ങി ഭൂരിപക്ഷം സ്റ്റേഷനുകളിലും മാർഗതടസ്സമായി ഇത്തരം വാഹനങ്ങൾ കിടക്കുന്നുണ്ട്. മറ്റു ജില്ലകളെ അപേക്ഷിച്ച് മണൽക്കടത്തുതന്നെയാണ് മലപ്പുറത്ത് തൊണ്ടിവാഹനങ്ങൾ പെരുകാൻ ഇടയാക്കിയത്.ടിപ്പർ ഉൾപ്പെടെ നിരവധി വലിയ വാഹനങ്ങളാണ് ഇനിയും ലേലംചെയ്യാനുള്ളത്. മുൻകാലങ്ങളിൽ ലേലംകൊള്ളുന്നവർ സംഘംചേർന്ന് തുച്ഛമായ വിലയ്ക്ക് ലേലമെടുത്ത് വരുമാനം വീതംവെക്കുന്ന രീതിയായിരുന്നു. പുതിയ സംരംഭകർ വന്നതോടെ അതില്ലാതായി. കോടതിയിൽ വ്യവഹാരത്തിലിരിക്കുന്നതും അബ്കാരി കേസിൽപ്പെട്ട വാഹനങ്ങളും ലേലത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.മലപ്പുറത്ത് കെട്ടിക്കിടക്കുന്ന വാഹനങ്ങളുടെ ലേലംകൂടി കഴിഞ്ഞാൽ തുക 10 കോടി കവിയുമെന്ന് കമ്പനി എം.ഡി. ജൂബിൻ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3f6koga
via IFTTT