Breaking

Tuesday, July 27, 2021

മടങ്ങിപ്പോകാനായില്ല, വിസകാലാവധി കഴിഞ്ഞു: പ്രതിസന്ധിയിലായി 12.5 ലക്ഷം പ്രവാസികള്‍

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിൽ നാട്ടിൽ കുടുങ്ങിയത് പന്ത്രണ്ടരലക്ഷത്തോളം മലയാളികൾ. 2020 മാർച്ചിനുശേഷം പതിനഞ്ചരലക്ഷത്തോളം പേർ നാട്ടിലെത്തിയെങ്കിലും പിന്നീടുണ്ടായ യാത്രാവിലക്കുകാരണം ഭൂരിഭാഗംപേർക്കും മടങ്ങാനായിട്ടില്ല. വിസാകാലാവധി തീർന്നതോടെ പലരുടെയും തൊഴിൽ നഷ്ടമായി. ഗൾഫിൽനിന്ന് കേരളത്തിലേക്ക് വിമാനങ്ങൾ വരുന്നുണ്ടെങ്കിലും അവ യാത്രക്കാരില്ലാതെയാണ് മടങ്ങുന്നത്. 2020 മാർച്ച് 17-നുശേഷം സൗദി അറേബ്യ പ്രഖ്യാപിച്ച ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള വിമാനവിലക്ക് പിൻവലിച്ചിട്ടില്ല. നേരിട്ട് വിമാനമില്ലാത്തതിനാൽ സാധുവായ വിസയുള്ളവർ ബഹ്റൈൻ, ഖത്തർ, അർമേനിയ, ഉസ്ബക്കിസ്താൻ, സെർബിയ തുടങ്ങിയ രാജ്യങ്ങൾ വഴിയാണ് സൗദിയിലെത്തിയിരുന്നത്. പല രാജ്യങ്ങളും ഈ വാതിലും ഇപ്പോൾ അടച്ചു. ഖത്തറിലും മറ്റും നിശ്ചിത ദിവസം ക്വാറന്റീനിൽ കഴിഞ്ഞാൽ മാത്രമേ തുടർയാത്ര അനുവദിച്ചിരുന്നുള്ളു. ഇതിനായി രണ്ടേകാൽ ലക്ഷം രൂപവരെയാണ് ചെലവ്. ഖത്തറിലേക്ക് നേരത്തേ 10,000-ത്തിൽ താഴെയായിരുന്ന യാത്രാനിരക്ക് ഇപ്പോൾ 30,000 മുതൽ 40,000 രൂപവരെയായി. പ്രതീക്ഷ തകർത്തത് ഡെൽറ്റ രണ്ടാംതരംഗവും വൈറസിന്റെ ഡെൽറ്റ വകഭേദവും വന്നതോടെയാണ് പല രാജ്യങ്ങളും പൂർണ യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ചില രാജ്യങ്ങൾ അനുവദിച്ചിരുന്ന നിയന്ത്രിതസർവീസുകൾ (ബബിൾ ഓപ്പറേഷൻ) പോലും ഇപ്പോഴില്ല. ദുബായ് സുപ്രീം അതോറിറ്റി ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റ് ജൂൺ 19-ന് പ്രവാസികൾക്കായി ചില ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. രണ്ടുഡോസ് കോവിഡ് വാക്സിനെടുത്തവർക്കും 72 മണിക്കൂർമുമ്പുള്ള ആർ.ടി.പി.സി.ആർ. പരിശോധനയും വിമാനം പുറപ്പെടുന്നതിന് നാലുമണിക്കൂർമുമ്പുള്ള റാപ്പിഡ് പി.സി.ആർ. പരിശോധനാ സർട്ടഫിക്കറ്റുമുള്ളവർക്കും ഗോൾഡൻ, സിൽവർ വിസ ഉണ്ടെങ്കിൽ യാത്രാനുമതി നൽകുമെന്നായിരുന്നു അവർ പ്രഖ്യാപിച്ചിരുന്നത്. ഇതേത്തുടർന്ന് വിമാനത്താവളങ്ങളിൽ റാപ്പിഡ് പി.സി.ആർ. പരിശോധനാസൗകര്യമൊരുക്കി. എന്നാൽ, നിയന്ത്രണം ജൂലായ് 31 വരെ നീട്ടിയതോടെ പ്രതീക്ഷ കൈവിട്ടുപോവുകയായിരുന്നു. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് തൊഴിലുടമകൾതന്നെ പ്രത്യേക അനുമതിവാങ്ങി ജീവനക്കാരെ കൊണ്ടുപോകുന്നുണ്ടെങ്കിലും അത്തരം സൗകര്യം പ്രമുഖ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മാത്രമാണ്. കേരളത്തിലേക്ക് നേരിട്ട് നടത്തിയിരുന്ന സർവീസുകൾ പല വിമാനക്കമ്പനികളും നിർത്തിയതും തിരിച്ചടിയായി. തൊഴിൽനഷ്ടമായവർക്ക് പുനരധിവാസ പദ്ധതികൾ ആവിഷ്കരിക്കുമെന്നുള്ള സർക്കാർ പ്രഖ്യാപനങ്ങളും കടലാസിലൊതുങ്ങി. Content Highlights:Covid 19 crisis; 12.5 lakh Keralites were stranded in the country


from mathrubhumi.latestnews.rssfeed https://ift.tt/3eYHSnF
via IFTTT