Breaking

Friday, July 30, 2021

കുറ്റ്യാടി പ്രകടനം: 32 പേർക്കെതിരേ നടപടിയുമായി സി.പി.എം.

കുറ്റ്യാടി: കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസിന് നൽകിയതിനെതിരേ നടന്ന പ്രകടനത്തിന്റെ പേരിൽ സി.പി.എമ്മിനുള്ളിൽ നടപടി തുടരുന്നു. കുറ്റ്യാടി ലോക്കൽ കമ്മിറ്റി പിരിച്ചുവിട്ടതിനു പിന്നാലെ കുറ്റ്യാടി, വടയം ലോക്കൽ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും പാർട്ടി അംഗങ്ങളും ഉൾപ്പെടെ 32 പേർക്കെതിരേ നടപടി സ്വീകരിച്ചു. അഞ്ച് ലോക്കൽ കമ്മിറ്റി അംഗങ്ങളെ പാർട്ടിയിൽനിന്ന് പുറത്താക്കി. ആറുപേരെ ഒരുവർഷത്തേക്കും ബാക്കിയുള്ളവരെ ആറുമാസത്തേക്കും പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് നീക്കിയിട്ടുമുണ്ട്. പ്രകടനത്തിൽ പങ്കെടുത്ത പാർട്ടി അംഗങ്ങളെ താക്കീത് ചെയ്യാനും തീരുമാനിച്ചു. പ്രകടനത്തിൽ പങ്കെടുക്കുകയും ഒത്താശ ചെയ്യുകയും ചെയ്ത കുറ്റ്യാടി ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.കെ. ഗിരീഷ്, പാലേരി ചന്ദ്രൻ, കെ.പി. ബാബുരാജ്, ഊരത്ത് ബ്രാഞ്ച് സെക്രട്ടറി ഷിജിൽ, കെ.എം. അശോകൻ എന്നിവരെയാണ് പാർട്ടിയിൽനിന്ന് പുറത്താക്കിയത്. കുറ്റ്യാടി ലോക്കൽ അംഗമായിരുന്ന കെ.പി. വത്സൻ, സി.കെ. സതീശൻ, കെ.വി. ഷാജി വടയം ലോക്കൽ കമ്മിറ്റി അംഗങ്ങളായ എ.എം. അശോകൻ, എം.കെ. ചന്ദ്രൻ എന്നിവരെയാണ് ഒരുവർഷത്തേക്ക് നീക്കിയത്. ബാക്കിയുള്ളവരെ ആറുമാസത്തേക്കും നീക്കി. 23-ന് ചേർന്ന കുന്നുമ്മൽ ഏരിയാ കമ്മിറ്റി യോഗത്തിൽ 32 പേർ നൽകിയ വിശദീകരണം ചർച്ചചെയ്തിരുന്നു. ഇതിനുശേഷമാണ് നടപടി സംബന്ധിച്ച് തീരുമാനമായത്. ജില്ലാ കമ്മിറ്റിയും ഇതിന് അംഗീകാരം നൽകി. കുറ്റ്യാടി ലോക്കൽ കമ്മിറ്റി പിരിച്ചുവിട്ടതിനുശേഷം നിലവിൽവന്ന അഡ്‌ഹോക് കമ്മിറ്റി ലോക്കലിനു കീഴിലെ ബ്രാഞ്ച് കമ്മിറ്റികൾ വിളിച്ചുചേർത്ത് പ്രകടനത്തിൽ പങ്കെടുത്തവരെ താക്കീത് ചെയ്തുതുടങ്ങി. രണ്ടുദിവസമായി ബ്രാഞ്ച് കമ്മിറ്റികൾ ചേരുന്നുണ്ട്. ഏരിയാ കമ്മിറ്റി അംഗങ്ങളാണ് ബ്രാഞ്ചുകളിൽ നടപടി റിപ്പോർട്ട് ചെയ്യുന്നത്.നിയമസഭാ തിരഞ്ഞെടുപ്പിൽ കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസിന് വിട്ടുനൽകിയതിനെതിരേ വ്യാപക പ്രതിഷേധമാണ് സി.പി.എമ്മിലുണ്ടായത്. പ്രതിഷേധിച്ച് സീറ്റ് പിന്നീട് സി.പി.എം ഏറ്റെടുത്തശേഷം മത്സരിച്ച് വിജയിച്ച കെ.പി. കുഞ്ഞമ്മദ് കുട്ടിക്കെതിരേയും നടപടി സ്വീകരിച്ചിരുന്നു. ഒരു ഏരിയാ കമ്മിറ്റി അംഗത്തെ പുറത്താക്കുകയും ഒരാളെ തരംതാഴ്ത്തുകയും കുറ്റ്യാടി ലോക്കൽ കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തു. 32 പേരെ പുറത്താക്കിയതോടെ നടപടികൾ അവസാനിച്ചെന്നാണ് സൂചന.


from mathrubhumi.latestnews.rssfeed https://ift.tt/37nO709
via IFTTT