കൊടുങ്ങല്ലൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച യുവാവിൽനിന്ന് 1,78,500 രൂപയുടെ കള്ളനോട്ട് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് അനേകം കള്ളനോട്ടുകേസുകളിൽ പ്രതികളായ സഹോദരന്മാർ അറസ്റ്റിൽ. ശ്രീനാരായണപുരം പനങ്ങാട് അഞ്ചാംപരത്തി ഏറാശ്ശേരി രാകേഷ് (37), സഹോദരൻ രാജീവ് (35) എന്നിവരെയാണ് ബെംഗളൂരുവിൽനിന്ന് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി. സലീഷ് എൻ. ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏഴിന് പുലർച്ചെ ഒരുമണിയോടെയാണ് കരൂപ്പടന്നയിൽ സ്കൂട്ടർ മതിലിൽ ഇടിച്ച് പരിക്കേറ്റ് ആശുപത്രിയിലായ മേത്തല കോന്നംപറമ്പിൽ ജിത്തുവിന്റെ കൈയിൽനിന്ന് കള്ളനോട്ടുകൾ കിട്ടിയത്. ജിത്തുവിനെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ജിത്തുവിന് മുൻ കള്ളനോട്ടുകേസുകളിലെ പ്രതികളായ രാകേഷും രാജീവുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതിനെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മുൻ യുവമോർച്ച നേതാവുകൂടിയായ രാകേഷും രാജീവും അറസ്റ്റിലായത്. കേരളത്തിനു പുറത്ത് തമ്പടിച്ച് കള്ളനോട്ട് അടിച്ച് വിതരണം നടത്തുകയാണിവർ. ഇവരിൽനിന്ന് പാലക്കാട് അതിർത്തിയിൽ കള്ളനോട്ട് വാങ്ങി കൊടുങ്ങല്ലൂരിലേക്ക് മടങ്ങുന്ന വഴിയാണ് ജിത്തു അപകടത്തിൽപ്പെട്ടത്. 500 രൂപയുടെ 357 വ്യാജ കറൻസികളാണ് ഇയാളിൽനിന്ന് പിടികൂടിയത്. തീരദേശമേഖല കേന്ദ്രീകരിച്ച് ദിവസപ്പലിശയ്ക്ക് വ്യാജ കറൻസികൾ നൽകിവരുന്ന ഇടനിലക്കാരനാണ് ജിത്തു. ഒരുലക്ഷം രൂപയുടെ ഒറിജിനൽ കറൻസിക്ക് മൂന്നുലക്ഷം രൂപയുടെ വ്യാജ കറൻസികളാണ് ഇയാൾക്ക് ലഭിച്ചിരുന്നത്. അറസ്റ്റിലായ രാകേഷ് 2017-ജൂൺ 22-ന് അഞ്ചാംപരത്തിയിലുള്ള വീട്ടിലെ കിടപ്പുമുറിയിൽ കംപ്യൂട്ടർ ഉപയോഗിച്ച് രണ്ടായിരത്തിന്റെയും ഇരുനൂറിന്റെയും നോട്ടുകൾ അച്ചടിച്ചതുമായി ബന്ധപ്പെട്ടാണ് ആദ്യം അറസ്റ്റിലായത്. ഇതിനു പിന്നാലെ സഹോദരൻ രാജീവും അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതികൾ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, പാലക്കാട് കേന്ദ്രീകരിച്ച് വ്യാജനോട്ടുകൾ അടിക്കുകയായിരുന്നു. 2019-ൽ അന്തിക്കാട് പോലീസ് 52 ലക്ഷത്തിന്റെ കള്ളനോട്ടുമായി ഇവരെ അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ എടവണ്ണ, കൊടുവള്ളി സ്റ്റേഷനുകളിൽ സമാനമായ കേസിലുൾപ്പെടുകയും ചെയ്തു. ഇതോടെയാണ് കേരളത്തിനു പുറത്ത് തമ്പടിച്ചത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. ? പ്രത്യേക അന്വേഷണസംഘത്തിലെ മതിലകം ഇൻസ്പെക്ടർ ടി.കെ. ഷൈജു, കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ബ്രിജുകുമാർ, എസ്.ഐ.മാരായ സന്തോഷ്, പി.സി. സുനിൽ, എ.എസ്.ഐ.മാരായ സി.ആർ. പ്രദീപ്, കെ.എം. മുഹമ്മദ് അഷറഫ്, സി.പി.ഒ.മാരായ ഗോപൻ, ശ്രീകുമാർ, മുരുകദാസ്, സി.കെ. ബിജു, ടി.എസ്. ഫൈസൽ, സൈബർവിദഗ്ധരായ രജീഷ്, സനൂപ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അച്ചടിക്കുന്നത് ഒറിജിനലിനെ വെല്ലുന്ന വ്യാജ കറൻസികൾ കൊടുങ്ങല്ലൂർ: കള്ളനോട്ടടിയിൽ പ്രാവീണ്യം തെളിയിച്ചവരാണ് ഡ്യൂപ്ലിക്കേറ്റ് ബ്രദേഴ്സ് എന്നറിയപ്പെടുന്ന അറസ്റ്റിലായ രാകേഷും രാജീവും. ഇപ്പോൾ അച്ചടിക്കുന്നവ ഒറിജിനലിനെപ്പോലും വെല്ലുന്നതാണെന്ന് പോലീസ് പറയുന്നു. 2017 ജൂണിലാണ് അഞ്ചാംപരുത്തി കള്ളനോട്ടടിസംഭവം പുറത്തുവരുന്നത്. അഞ്ചാംപരത്തിയിലുള്ള രാകേഷിന്റെ കിടപ്പുമുറിയിൽനിന്ന് പോലീസ് പിടികൂടിയത് 2000, 500, 50, 20 രൂപയുടെ വ്യാജനോട്ടുകളാണ്. രണ്ടായിരത്തിന്റെ 64 എണ്ണം, അഞ്ഞൂറിന്റെ 13 എണ്ണം, 50-ന്റെ അഞ്ചെണ്ണം, 20-ന്റെ പത്ത് നോട്ടുകൾ എന്നിവയാണ് അന്ന് പോലീസ് കണ്ടെടുത്തത്. ഈ സമയത്ത് ഇയാൾ യുവമോർച്ചയുടെ സജീവപ്രവർത്തകനായിരുന്നു. കേസിൽ ഉൾപ്പെട്ടതോടെ പാർട്ടിയിൽനിന്ന് പുറത്താക്കി. കംപ്യൂട്ടർ കോഴ്സുകൾ പാസായിട്ടുള്ള ഇയാൾ ഗൾഫിൽനിന്നു തിരിച്ചെത്തിയ ശേഷമാണ് കള്ളനോട്ടടി തുടങ്ങിയതെന്ന് പോലീസ് പറഞ്ഞു. ആദ്യകേസിൽ ജാമ്യത്തിലിറങ്ങിയശേഷം ജില്ല വിട്ടായിരുന്നു പ്രവർത്തനം.
from mathrubhumi.latestnews.rssfeed https://ift.tt/3faEDcy
via
IFTTT