Breaking

Friday, July 30, 2021

രാജി ഒഴിവാക്കിയതിൽ മറ്റുലക്ഷ്യങ്ങളുണ്ടെന്ന് പ്രതിപക്ഷം;സമരം ശക്തമാക്കാൻ തീരുമാനം

തിരുവനന്തപുരം : നിയമസഭാ അതിക്രമക്കേസിൽ വിചാരണ നേരിേടണ്ടേിവരുന്ന മന്ത്രി വി. ശിവൻകുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സമരം ശക്തമാക്കും. വ്യാഴാഴ്ച കോൺഗ്രസ് ജില്ലാകേന്ദ്രങ്ങളിൽ സമരം നടത്തി. വരുംദിവസങ്ങളിൽ യു.ഡി.എഫ്. നേതൃത്വത്തിലും സമരം നടത്താനാണ് തീരുമാനം. മന്ത്രി രാജിവെക്കേണ്ടെന്ന രാഷ്ട്രീയതീരുമാനം സി.പി.എം. എടുത്തിട്ടുള്ളതിനാൽ ശിവൻകുട്ടി ഉടനടി സ്ഥാനമൊഴിയുമെന്ന് യു.ഡി.എഫ്. കരുതുന്നില്ല. എന്നാൽ, മന്ത്രി ക്രിമിനൽക്കേസിലെ പ്രതിയായി നിൽക്കുന്നത് പരമാവധി തുറന്നുകാട്ടുകയാണ് പ്രതിപക്ഷലക്ഷ്യം. സുപ്രീംകോടതി നിർദേശപ്രകാരം വിചാരണ നേരിടേണ്ടിവന്നാലും മന്ത്രി രാജിെവക്കാത്തത് പുതിയ കീഴ്‌വഴക്കം ലക്ഷ്യമിട്ടാണെന്ന വ്യാഖ്യാനവും പ്രതിപക്ഷം നൽകുന്നുണ്ട്. ലാവലിൻ കേസ് സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതിനാൽ ഇതിൽ മുഖ്യമന്ത്രി വിചാരണ നേരിടണമെന്നാണ് വിധിവരുന്നതെങ്കിൽ കീഴ്‌വഴക്കം അദ്ദേഹത്തിനും തുണയാകുമെന്ന് പ്രതിപക്ഷനേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ശിവൻകുട്ടിയുടെ രാജി മുഖ്യമന്ത്രി ഒഴിവാക്കുന്നത് ഇതുകൂടി മനസ്സിൽക്കണ്ടാണെന്നാണ് വാദം. അതേസമയം, രാഷ്ട്രീയപ്രതിഷേധത്തിന്റെ പേരിലുള്ള കേസിൽ വിചാരണനേരിടുന്നതിൽ പ്രശ്നമില്ലെന്നാണ് സി.പി.എം. നിലപാട്. നിയമസഭയിലെ വിവാദസംഭവങ്ങളുടെയിടയിൽ ഇടതുപക്ഷത്തെ വനിതാ എം.എൽ.എ.മാർ നൽകിയ പരാതിയിൽ കേസെടുത്തിട്ടില്ല. അതിന്മേൽ കേസെടുക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കും. കെ.എം. മാണിയെ തടഞ്ഞ കേസിൽ സി.പി.എമ്മിനെ ന്യായീകരിക്കേണ്ട ഗതികേട് ഓർമിപ്പിച്ച് കിട്ടുന്ന അവസരങ്ങളിലെല്ലാം കേരള കോൺഗ്രസിനെ കുത്തിനോവിക്കാനും യു.ഡി.എഫ്. നേതാക്കൾ ശ്രമിക്കുന്നുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3zRfr2Y
via IFTTT