Breaking

Tuesday, July 27, 2021

കരുവന്നൂര്‍ ബാങ്ക്; റബ്‌കോ ഇടപാടിന്റെ മറവിലും കോടികള്‍ തട്ടി

തൃശ്ശൂർ: 300 കോടിയുടെ ക്രമക്കേടും 100 കോടിയുടെ തട്ടിപ്പും നടന്ന കരുവന്നൂർ സഹകരണബാങ്കിൽ റബ്കോ മൊത്തവ്യാപാരവിതരണത്തിന്റെ മറവിലും കോടികൾ കവർന്നു. റബ്കോ ഉത്പന്നങ്ങളുടെ ജില്ലയിലെ മൊത്തവ്യാപാരം നടത്തിയിരുന്നത് ബാങ്കിന്റെ സൂപ്പർ മാർക്കറ്റ് വഴിയാണ്. ഇവിടെനിന്ന് ചില്ലറവ്യാപാരികൾക്ക് വിതരണംചെയ്ത ഇനങ്ങളുടെ പണം പിരിച്ചാണ് തട്ടിപ്പ്. വ്യാപാരികളിൽനിന്ന് പരമാവധി തുക പണമായി വാങ്ങുകയായിരുന്നു. ഇത് ബാങ്കിൽ വരവുവെച്ചിരുന്നില്ല. വ്യാപാരികൾക്ക് നൽകിയ രസീതുകളിൽ മിക്കവയും വ്യാജമായിരുന്നു. ബാങ്ക് തട്ടിപ്പ് സംബന്ധിച്ച അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ബാങ്ക് കടക്കെണിയിലായതോടെ, റബ്കോ ഉത്പന്നങ്ങളുടെ ഇടപാട് നടത്തിയ വ്യാപാരികളോട് പത്തുവർഷത്തെ ഇടപാടുരേഖകൾ ആവശ്യപ്പെടുകയാണ്. സമർപ്പിക്കാനാകാത്തവർക്ക് ലക്ഷങ്ങളുടെ കുടിശ്ശിക നോട്ടീസ് അയയ്ക്കുന്നുണ്ട്. വടക്കാഞ്ചേരി ഓട്ടുപാറ ബസ് സ്റ്റാൻഡിലെ ദുബായ് ഫർണിച്ചർ സ്ഥാപന ഉടമ ഉമ്മർഹാജിക്ക് 3,89,350 രൂപ കുടിശ്ശികയുണ്ടെന്നു കാണിച്ച് നോട്ടീസ് കിട്ടി. റബ്കോയുടെ കമ്മിഷൻ ഏജന്റ് ആയി പ്രവർത്തിച്ചിരുന്ന അനന്തുപറമ്പിൽ ബിജോയ് മാത്രം സഹകരണബാങ്കിൽനിന്ന് 35,65,62,577 രൂപ തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു. ഇതിനു പുറമേ ബാങ്ക് മാനേജർ ബിജുവും ബിജോയിയും ചേർന്ന് 2,02,53,437 രൂപയും തട്ടിയെടുത്തിട്ടുണ്ട്. റബ്കോ ഉത്പന്നങ്ങൾ വാങ്ങിയ വ്യാപാരികൾ തിരിച്ചടയ്ക്കാനുണ്ടെന്നു കാണിച്ച് നൽകിയ കണക്കും കിട്ടാനുള്ള യഥാർത്ഥതുകയും തമ്മിൽ 13,05,833 രൂപയുടെ വ്യത്യാസമുണ്ട്. ഇല്ലാത്ത 14 സ്ഥാപനങ്ങളുടെ പേരിൽ റബ്കോ ഉത്പന്നങ്ങൾ വിറ്റുവെന്ന് കാണിച്ച് 34,34,100 രൂപ തട്ടിയതായി കണ്ടെത്തിയിട്ടുണ്ട് Content Highlights:Karuvannur Bank Fraud: crores were looted under the guise of Rubco deal


from mathrubhumi.latestnews.rssfeed https://ift.tt/3iOg5r3
via IFTTT