Breaking

Friday, July 30, 2021

കരുവന്നൂരിലെ പ്രതികൾ കാണാമറയത്ത്; കാത്തിരിക്കാന്‍ ഇ.ഡി.

തൃശ്ശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിലെ പ്രതികളുടെ അറസ്റ്റ് വ്യാഴാഴ്ചയും രേഖപ്പെടുത്തിയില്ല. ബാങ്ക് സെക്രട്ടറിയടക്കം നാലു പ്രതികളെ അയ്യന്തോളിലെ ഫ്ലാറ്റിൽനിന്ന് കസ്റ്റഡിയിലെടുത്തതായി നേരത്തെ സൂചനയുണ്ടായിരുന്നു. എന്നാൽ, പ്രതികൾ എവിടെയെന്ന് അറിയില്ലെന്നാണ് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇപ്പോഴും പറയുന്നത്. പ്രതികളുടെ അറസ്റ്റ് വൈകുന്നതിനു പിന്നിൽ രാഷ്ട്രീയസമ്മർദമുണ്ടെന്ന് ആരോപണവുമുണ്ട്. കേസൊതുക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസും ബി.ജെ.പി.യും രംഗത്തെത്തി. കേസ് രജിസ്റ്റർ ചെയ്തിട്ട് ഒരാഴ്ച കഴിഞ്ഞു. കസ്റ്റഡിയിലായെന്ന് സൂചന ലഭിച്ചിട്ട് അഞ്ചു ദിവസമായി. എന്നിട്ടും അറസ്റ്റിനെക്കുറിച്ച് ക്രൈംബ്രാഞ്ച് സംഘം മിണ്ടാത്തതാണ് ദുരൂഹതയേറ്റുന്നത്. കഴിഞ്ഞ ഞായറാഴ്ച പ്രതികൾ കസ്റ്റഡിയിലായെന്ന സൂചന ലഭിച്ചത് പോലീസിൽനിന്നാണ്. പ്രദേശവാസികളും ഇത് സ്ഥിരീകരിച്ചു. പി.പി.ഇ. കിറ്റ് ധരിപ്പിച്ച് വാഹനത്തിൽ പ്രതികളെ കൊണ്ടുപോയെന്നായിരുന്നു ദൃക്സാക്ഷിമൊഴി. പോലീസ് കസ്റ്റഡി സൂചനകളും നൽകി. എന്നാൽ, അന്വേഷണസംഘം സംഭവം സ്ഥിരീകരിച്ചിട്ടില്ല. പ്രതികൾ പിടിയിലായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നുമാണ് അവരുടെ പ്രതികരണം. ലുക്ക് ഔട്ട് നോട്ടീസുമില്ല അറസ്റ്റ് വൈകിയാൽ പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാറുണ്ട്. പ്രതികൾ സംസ്ഥാനവും രാജ്യവും വിട്ട് പോകാതിരിക്കാനാണിത്. എന്നാൽ, ഈ കേസിലെ പ്രതികൾക്കായി അതുണ്ടായിട്ടില്ല. പ്രതികൾ അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലുള്ളതിനാലാണ് ലുക്ക്ഔട്ട് നോട്ടീസ് ഇല്ലാത്തതെന്ന് സംശയമുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയാൽ 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണം. അതുകൊണ്ടാണ് അറസ്റ്റ് സ്ഥിരീകരിക്കാത്തതെന്നും ആരോപണമുണ്ട്. ഇതിനിടെ പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ, മുൻകൂർ ജാമ്യം ലഭിക്കുന്നതിന് സാധ്യത കുറവാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കസ്റ്റഡിയിലായ പ്രതികളിൽനിന്ന് ഇടപാടുകളുടെ രേഖകളടക്കം മുഴുവൻ തെളിവുകളും ശേഖരിക്കുന്നതിനാണ് അറസ്റ്റ് കാണിക്കാതിരിക്കുന്നതെന്നും വാദമുണ്ട്. കാത്തിരിക്കാൻ ഇ.ഡി. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉടൻ കേസെടുക്കില്ല. പ്രാഥമിക വിവരങ്ങൾ ശേഖരിക്കുന്നുണ്ടെങ്കിലും ആലോചിച്ചുമതി കേസെടുക്കലെന്നാണ് തീരുമാനം. ക്രൈംബ്രാഞ്ചിന്റെ അന്വേഷണപുരോഗതി നിരീക്ഷിക്കുകയാണ് നിലവിൽ ഇ.ഡി. സംഘം. കള്ളപ്പണ ഇടപാടുകൾ സംശയിക്കുന്ന സംഭവം സംബന്ധിച്ച് വിവരംലഭിച്ചാൽ അന്വേഷണം തുടങ്ങുന്നതിന് മുമ്പായി 'എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ.) രജിസ്റ്റർ ചെയ്യലുണ്ട്. കരുവന്നൂർ തട്ടിപ്പിൽ ഇതുവരെ ഇ.സി.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടില്ല. പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്.ഐ.ആറിൽ ഐ.പി.സി. 406, 409, 420, 465 വകുപ്പുകളും 34-ഉം ആണ് ചേർത്തിരിക്കുന്നത്. വിശ്വാസവഞ്ചന, ചതി, കള്ളരേഖയുണ്ടാക്കൽ തുടങ്ങിയ വകുപ്പുകളാണിത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസും. ഇത്തരം കേസുകളിൽ പൊതുവിൽ ഒത്തുതീർപ്പുകളുണ്ടാകാനാണ് സാധ്യതയെന്നാണ് ഇ.ഡി. വിലയിരുത്തുന്നത്. പക്ഷേ, ഒരുപാട് വ്യക്തികളുടെ പേരിൽ വായ്പത്തട്ടിപ്പ് നടന്നതിനാലും സഹകരണ ബാങ്ക് പൊതുസ്ഥാപനമായതിനാലും ഇ.ഡി.ക്ക് കേസെടുക്കാനുള്ള സാധ്യതകളുണ്ട്. എത്ര രൂപ കവർന്നു: ഒന്നിനും ഒരു കണക്കുമില്ലെന്ന് ബിജു കരീം ''എത്ര രൂപ കവർന്നുവെന്ന് കണക്കുണ്ടോ?''- തട്ടിപ്പിനെപ്പറ്റി 2019-ൽ അന്വേഷിക്കാനെത്തിയ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ചോദ്യം ബാങ്ക് സെക്രട്ടറിയായിരുന്ന ബിജു കരീമിനോട്. വ്യാജ രേഖ ഉപയോഗിച്ചും ഉപയോഗിക്കാതെയും എത്ര വായ്പയെടുത്തിട്ടുണ്ടെന്ന് തനിക്കറിയില്ലെന്നായിരുന്നു ബിജുവിന്റെ മറുപടി. ഇക്കാര്യം അന്വേഷണറിപ്പോർട്ടിലുണ്ട്. പ്രശ്നമുണ്ടാക്കരുതെന്നും താൻ ഉൾപ്പെട്ട തട്ടിപ്പിലെ മുഴുവൻ പണവും 2020 ഡിസംബർ 31-നുള്ളിൽ അടച്ചുതീർക്കുമെന്നും ബിജു സമ്മതിക്കുകയും ചെയ്തു. ബിജുവിന്റെ മൊഴി ഇങ്ങനെ- “ബാങ്കുജോലിക്ക് പുറമെ, ബാങ്കിലെ മറ്റൊരു ജീവനക്കാരനായ ജിൽസുമായി ചേർന്ന് ഭൂമിയിടപാട്, പലചരക്ക് സാധനങ്ങൾ ഹോൾസെയിലായി എടുത്ത് വിപണനം തുടങ്ങിയവ നടത്താറുണ്ട്.ഈ ആവശ്യങ്ങൾക്കായി മറ്റു പലരുടെയും പേരിൽ വ്യാജമായി വായ്പാ എടുക്കാറുണ്ട്. ബാങ്കിലെ റബ്കോ കമ്മിഷൻ ഏജൻറ് ആയ അനന്തുപറമ്പിൽ ബിജോയിയുടെ തേക്കടി റിസോർട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലേക്ക് ബാങ്കിൽനിന്ന് എടുത്ത വായ്പ പ്രധാനമായി നിക്ഷേപിച്ചിട്ടുണ്ട്. 2011 മുതൽ ബാങ്കിൽനിന്ന് ഇത്തരം വായ്പ എടുത്തിട്ടുണ്ട് . ഇത്തരം വായ്പകൾ പുതുക്കുന്നതിനായി പിന്നീട് പല അംഗങ്ങളെയും ചേർത്ത് വായ്പ എടുക്കും. ഇത്തരം വായ്പകളിൽ യഥാർഥ അവകാശി എത്താതെ വരുമ്പോൾ വായ്പത്തുക ഏത് അക്കൗണ്ടിലേക്കാണ് മാറ്റേണ്ടതെന്ന് നിർദേശം നൽകാറുണ്ട്. വായ്പത്തുക കൂട്ടി എടുക്കുന്ന സമയത്തും പുതുക്കുന്ന അവസരത്തിലും വൗച്ചർ ഞാനാണ് ഒപ്പിട്ട് പണം കൈപ്പറ്റിയത്. ഇത്തരം വ്യാജ ഫയലുകൾ ബാങ്കിൽ തന്റെ കസ്റ്റഡിയിലാണ് സൂക്ഷിച്ചിരുന്നത്. ഇത്തരം ഫയൽ സംബന്ധിച്ച് ബാങ്കിലെ മറ്റ് ജീവനക്കാർക്ക് അറിവില്ല. വായ്പകൾ പുതുക്കുന്നതിനുള്ള അപേക്ഷകളിൽ യഥാർഥ ഉടമയല്ല; ഞാനും ബിജോയിയും ജിൽസും ചേർന്നാണ് ഒപ്പുവെച്ചത്.” അവസാനിച്ചിട്ടും അവസാനിപ്പിക്കാതെ 800 വായ്പാഫയലുകൾ കരുവന്നൂർ സഹകരണബാങ്കിൽ വായ്പ അടച്ചുതീർത്തിട്ടും അവസാനിപ്പിക്കാതെ 800 ഫയലുകൾ. ഈ ഫയലുകളിൽ 'ക്ലോസ്ഡ് സീൽ' പതിക്കാതെ നിലനിർത്തിയും ഇവയിലെ രേഖകൾ വീണ്ടും ഉപയോഗപ്പെടുത്തിയുമാണ് പ്രതികൾ കോടികളുടെ തട്ടിപ്പ് നടത്തിയത്. സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാർ 2020 ഒക്ടോബർ 19-ന് സഹകരണവകുപ്പിന് സമർപ്പിച്ച അന്വേഷണറിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. വലിയ തുകയ്ക്കുള്ള വായ്പയെടുക്കുന്നതിന് ആധാരം പണയപ്പെടുത്തുന്ന 'ഗഹാൻ' തുടങ്ങിയ പ്രധാനപ്പെട്ട രേഖകളിൽ 'ക്ലോസ്ഡ്' എന്ന് കാണിക്കുന്ന സീൽ പതിക്കണമെന്നാണ് ചട്ടം. വായ്പകൾ അടച്ചുതീർത്തുകഴിഞ്ഞാൽ സ്ഥലത്തിന്റെയോ ഈടിന്റെയോ പ്രമാണങ്ങൾ മാത്രമാണ് മിക്കവരും തിരിച്ചുവാങ്ങുക. ഈ പ്രവണത പരമാവധി ചൂഷണം ചെയ്യുകയായിരുന്നു ഇവിടെ. റിപ്പോർട്ടിലുള്ള മറ്റു കാര്യങ്ങൾ * വായ്പാഫയലുകൾ ക്രമപ്രകാരം സൂക്ഷിക്കാതെ പരിശോധനയിൽ കുഴപ്പം വരുത്താൻ ശ്രമിച്ചു * വായ്പയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും കംപ്യൂട്ടറിൽ സൂക്ഷിച്ചില്ല * വായ്പാഫയലുകളിൽ ജാമ്യക്കാരുടെ വിവരങ്ങൾ, ഈട് വസ്തുവിവരങ്ങൾ, ഗഹാൻ വിവരങ്ങൾ എന്നിവയില്ല * വായ്പാഫയലുകളിൽ അവസാനിപ്പിച്ച വായ്പകളുടെ അപേക്ഷ, ഗഹാൻ, ബോണ്ട് തുടങ്ങിയവയിൽ ക്ലോസ്ഡ് സീൽ വെച്ചില്ല * ക്ലോസ്ഡ് സീൽ വെക്കാത്തതിനാൽ ഗഹാൻ, ബോണ്ട് എന്നിവ അടുത്ത വായ്പയ്ക്കായി ദുരുപയോഗം നടത്തി. * പണാപഹരണവും ധനദുർവിനിയോഗവും തടയുന്നതിനുള്ള രജിസ്ട്രാറുടെ നിർദേശങ്ങൾ ബാങ്ക് പാലിച്ചില്ല.


from mathrubhumi.latestnews.rssfeed https://ift.tt/2Wv0l4B
via IFTTT