Breaking

Thursday, July 29, 2021

കോടതി കടുപ്പിച്ചു: മുട്ടിൽ മരംമുറി പ്രധാന പ്രതികൾ പിടിയിൽ

തിരൂർ/ആലുവ/കല്പറ്റ: മുട്ടിൽ മരംമുറിക്കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതികളെ പോലീസ് സംഘം പിന്തുടർന്ന് പിടികൂടി. സഹോദരങ്ങളായ, വയനാട് മുട്ടിൽ വാഴവറ്റ മൂങ്ങനാനിയിൽ റോജി അഗസ്റ്റിൻ (47), ആന്റോ അഗസ്റ്റിൻ (32), ജോസ്കുട്ടി അഗസ്റ്റിൻ (38), ഡ്രൈവർ എം.വി. വിനീഷ് എന്നിവരെയാണ് കുറ്റിപ്പുറം പാലത്തിൽവെച്ച് പിടികൂടിയത്. സഹോദരങ്ങളുടെ അമ്മ ഇത്താമ അഗസ്റ്റിൻ ബുധനാഴ്ച വെളുപ്പിനു മരിച്ചതറിഞ്ഞ് കാറിൽ തൃശ്ശൂർ ഭാഗത്തുനിന്ന് വയനാട്ടിലേക്കു പോകുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് പോലീസ് കാത്തിരുന്നു പിടികൂടുകയായിരുന്നു. 701 കേസുകൾ രജിസ്റ്റർ ചെയ്തിട്ടും ആരെയും അറസ്റ്റുചെയ്യാത്തതിനെ ചൊവ്വാഴ്ച ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ബുധനാഴ്ച രണ്ടുമണിയോടെ ഡിവൈ.എസ്.പി. കെ.എ. സുരേഷ് ബാബു എടപ്പാളിൽവെച്ച് പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്.പി. സുദർശനും സംഘത്തിനും കൈമാറി. ആലുവ പോലീസ് ക്ലബ്ബിലെത്തിച്ച് ചോദ്യംചെയ്തു. എ.ഡി.ജി.പി. എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘമാണ് ചോദ്യംചെയ്തത്. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആർ.എസ്. അരുണിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘവും എത്തിയിരുന്നു. പ്രതികളെ എത്തിക്കുംമുമ്പ് പോലീസ് ക്ലബ്ബിൽ എ.ഡി.ജി.പി.യും വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രത്യേക യോഗം ചേർന്നു. നാലുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയെന്നും ഡ്രൈവറുടെ പങ്ക് വിശദമായി അന്വേഷിക്കുമെന്നും എ.ഡി.ജി.പി. പറഞ്ഞു. നാലുപേരെയും വ്യാഴാഴ്ച വയനാട്ടിലെത്തിക്കും. 2020 ഒക്ടോബർ 24-ന് റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിന്റെ മറവിൽ മുട്ടിൽ സൗത്ത് വില്ലേജ് പരിധിയിൽനിന്ന് അനധികൃതമായി ഈട്ടിമരങ്ങൾ മുറിച്ചുകടത്തിയതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ആന്റോ 64-ാം പ്രതിയും റോജി 69-ാം പ്രതിയും ജോസ്കുട്ടി 63-ാം പ്രതിയുമാണ്. പൊതുമുതൽ നശിപ്പിക്കൽ, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. Content Highlight: Muttil tree felling case; main accused arrested


from mathrubhumi.latestnews.rssfeed https://ift.tt/3lbIBFN
via IFTTT