ഒളിമ്പിക്സിലെ അത്ലറ്റിക്സ് മത്സരങ്ങൾ തുടങ്ങുമ്പോൾ ഇന്ത്യൻ ടീമിന്റെ മുഖ്യകോച്ചും മലയാളിയുമായ പി. രാധാകൃഷ്ണൻ നായർ മാതൃഭൂമിയോട് സംസാരിക്കുന്നു ടോക്യോയിലെ വിശേഷങ്ങൾ ? ടോക്യോയിലെത്തിയതുമുതൽ ഉറക്കം വളരെ കുറവാണ്. രാവിലെ അഞ്ചിന് എഴുന്നേറ്റാൽ രാത്രിവരെ പരിശീലനവും ടീം മീറ്റിങ്ങും ടെക്നിക്കൽ മീറ്റിങ്ങും ഒക്കെയായി ഒരുപാടുകാര്യങ്ങൾ ചെയ്യാനുണ്ട്. എല്ലാം കഴിഞ്ഞു കിടക്കുമ്പോൾ രാത്രി ഒരുമണിയെങ്കിലുമാകും. രാവിലെ 8.15നുമുമ്പായി ഗെയിംസ് വില്ലേജിലെ പ്രത്യേക മുറിയിൽച്ചെന്ന് എല്ലാവരും കോവിഡ് ടെസ്റ്റിനായി ഉമിനീർ കൊടുക്കണം. ഇക്കാര്യം രാവിലെതന്നെ എല്ലാവരേയും വിളിച്ച് ഓർമപ്പെടുത്തലാണ് ആദ്യത്തെ പണി. ഉറങ്ങിപ്പോയാൽ ഉമിനീർ കൊടുക്കാൻ മറന്നുപോകും. അത് കോവിഡ് പ്രോട്ടോകോൾ ലംഘനമായതിനാൽ ഏറെ ശ്രദ്ധപുലർത്തണം. ഇന്ത്യൻ ടീമിന്റെ ഒരുക്കം ? അത്ലറ്റിക്സ് താരങ്ങളെല്ലാം ഉന്മേഷത്തിലാണ്. ആർക്കും പരിക്കോ അസുഖങ്ങളോ ഒന്നുമില്ല. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും പരിശീലനമുണ്ട്. ഇവിടെയെത്തിയപ്പോൾ കോവിഡ് ക്വാറന്റീൻ കർശനമായിരുന്നെങ്കിലും ഇപ്പോൾ കുറച്ച് അയവുണ്ട്. പരിശീലനത്തിനും ഭക്ഷണത്തിനുമായി താരങ്ങൾക്ക് ഒരുമിച്ചുകൂടാൻ അനുമതിനൽകിയത് സമ്മർദം കുറയാൻ സഹായിക്കും. അത്ലറ്റിക്സിൽ ഇന്ത്യൻ പ്രതീക്ഷ ? എല്ലാവരും അവരുടെ ഏറ്റവും മികച്ച പ്രകടനംതന്നെ രാജ്യത്തിനായി പുറത്തെടുക്കുമെന്നാണ് പ്രതീക്ഷ. ജാവലിനിൽ നീരജ് ചോപ്രയും ഡിസ്കസ്ത്രോയിൽ സീമ പുണിയയും മെഡലിലേക്കെത്താൻ സാധ്യതയുള്ളവരാണ്. പുരുഷന്മാരുടെ റിലേ ടീമും ഫൈനലിലെത്താൻ സാധ്യതയുണ്ട്. ഇതൊക്കെയാണെങ്കിലും മത്സരദിവസത്തെ പ്രകടനമാണ് പ്രധാനം. അത് ലക്ഷ്യംവെക്കാനാണ് എല്ലാവരോടും പറഞ്ഞിരിക്കുന്നത്. നീരജ് ചോപ്ര ടീമിനൊപ്പം ചേർന്നപ്പോൾ ? വിദേശ പരിശീലനം കഴിഞ്ഞ് കഴിഞ്ഞദിവസമാണ് നീരജ് ടോക്യോയിലെത്തിയത്. ഇന്നലെ നീരജ് പരിശീലനത്തിന് ടീമിനൊപ്പം ചേർന്നു. നീരജിനോടു സംസാരിച്ചപ്പോഴും ആത്മവിശ്വാസംനിറഞ്ഞ പ്രതികരണമായിരുന്നു. Content Highlights: Interview with Indian coach from Kerala P.Radhakrishnan Nair, tokyo 2020
from mathrubhumi.latestnews.rssfeed https://ift.tt/3jj7Tzt
via
IFTTT