ന്യൂഡൽഹി: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് സർവീസ് നടത്താൻ വിദേശവിമാനകമ്പനികളെ അനുവദിക്കണമെന്നും ആസിയാൻ രാജ്യങ്ങൾക്കിടയിലുള്ള വ്യോമയാനക്കരാർ കണ്ണൂരിന് ബാധകമാക്കണമെന്നുമുള്ള സംസ്ഥാനത്തിന്റെ അഭ്യർഥന കേന്ദ്രം തള്ളി. രണ്ടാഴ്ചമുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ വന്നപ്പോൾ കേന്ദ്രവുമായി ഇക്കാര്യം ചർച്ചചെയ്തിരുന്നു. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്ക് പ്രത്യേക നിവേദനവും നൽകി. 2019-ലും സംസ്ഥാനം ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ രണ്ടാവശ്യങ്ങളും അംഗീകരിക്കാൻ നിർവാഹമില്ലെന്ന് വ്യോമയാന സഹമന്ത്രി വി.കെ. സിങ് ബുധനാഴ്ച രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയിൽ പറഞ്ഞു.2018 ഡിസംബറിലാണ് കണ്ണൂർ വിമാനത്താവളം പ്രവർത്തനം തുടങ്ങിയത്. 2019 അവസാനത്തോടെ ഇന്ത്യൻ കമ്പനികൾ കണ്ണൂരിൽനിന്ന് ആഴ്ചയിൽ 65 അന്താരാഷ്ട്രസർവീസുകൾ ആരംഭിച്ചിരുന്നു. കോവിഡ്മൂലം സർവീസുകൾ നിർത്തിവെക്കുന്നതിന് തൊട്ടുമുമ്പുള്ള സ്ഥിതിയാണിത്. ഇപ്പോൾ ഇന്ത്യൻ കമ്പനികൾക്ക് ഉഭയകക്ഷിക്കരാറുകളുടെ അടിസ്ഥാനത്തിൽ കണ്ണൂരിൽനിന്ന് ഏത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും സർവീസ് നടത്താൻ സ്വാതന്ത്ര്യമുണ്ട് -മന്ത്രി പറഞ്ഞു.ആസിയാൻ രാജ്യങ്ങൾക്കിടയിലെ വ്യോമയാനസർവീസുമായി ബന്ധപ്പെട്ട നയം ഒറ്റത്തവണത്തേക്കുള്ളതാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അടക്കം 18 കേന്ദ്രങ്ങളെ നേരത്തേതന്നെ അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇനി മറ്റുവിമാനത്താവളങ്ങളൊന്നും ഉൾപ്പെടുത്താൻ ആലോചനയില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2WxPHu4
via
IFTTT