Breaking

Wednesday, July 28, 2021

പെഗാസസ് പട്ടികയില്‍ കോര്‍പറേറ്റുകളും; പട്ടികയിൽ അദാനി, റിലയൻസ് ഉദ്യോഗസ്ഥരും

ന്യൂഡൽഹി: അദാനി ഗ്രൂപ്പും റിലയൻസുമുൾപ്പെടെയുള്ള വൻകിട കോർപ്പറേറ്റ് കന്പനികളുടെ പ്രതിനിധികൾ, വ്യവസായികൾ, പൊതുമേഖലാ സ്ഥാപനമേധാവികൾ തുടങ്ങിയവരുടെ ഫോണുകൾ പെഗാസസ് ചാരസോഫ്റ്റ്‌വേർ ഉപയോഗിച്ച് ചോർത്തുകയോ നിരീക്ഷിക്കുകയോ ചെയ്തെന്ന് വെളിപ്പെടുത്തൽ. ജെറ്റ് എയർവേസ്‌ സ്ഥാപകൻ നരേഷ് ഗോയൽ, സ്പൈസ് ജെറ്റ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അജയ് സിങ്, എസ്സാർ ഗ്രൂപ്പ് മേധാവി പ്രശാന്ത് റൂയിയ, റോട്ടോമാക് പെൻ കമ്പനിയുടമ വിക്രം കോത്താരി, മകൻ, എയർസെലിന്റെ മുൻ പ്രൊമോട്ടർ സി. ശിവശങ്കരൻ, അദാനി ഗ്രൂപ്പിന്റെ മധ്യനിര ഉദ്യോഗസ്ഥൻ, റിലയൻസിന്റെ ഉന്നതോദ്യോഗസ്ഥരായ വി. ബാലസുബ്രഹ്മണ്യൻ, വി.എൻ. സേതുരാമൻ, മ്യൂച്വൽ ഫണ്ട് വ്യവസായ പ്രതിനിധികൾ, ഗെയിലിന്റെ മുൻ മേധാവി ബി.സി. ത്രിപാഠി തുടങ്ങിയവരുടെ ഫോൺ നമ്പറുകളാണ് ചോർത്താൻ നൽകിയവയുടെ പട്ടികയിലുള്ളത്. ഇവ ചോർത്തിയിട്ടുണ്ടോയെന്ന് ഫോണുകളുടെ ഫൊറൻസിക് പരിശോധനയിലൂടെ സ്ഥിരീകരിച്ചിട്ടില്ലെന്ന് പെഗാസസ് പ്രോജക്ടിന്റെ ഇന്ത്യയിലെ പങ്കാളി ‘ദ വയർ’ പറഞ്ഞു. സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയർവേസ്‌ നഷ്ടത്തിലായതോടെ കമ്പനിയുടെ ഭരണസമിതിയിൽനിന്ന് 2019 മാർച്ചിൽ നരേഷ് ഗോയലും ഭാര്യയും പടിയിറങ്ങി. ഇതിന് ഏതാനും ആഴ്ചകൾമുമ്പാണ് അദ്ദേഹത്തിന്റെ ഫോൺനമ്പർ ചോർത്തൽപട്ടികയിൽ ഇടംപിടിച്ചത്. മുംബൈ വിമാനത്താവളത്തിൽ നരേഷിന്റെ വിദേശയാത്രതടഞ്ഞ് ഒരുമാസം കഴിഞ്ഞപ്പോൾ ഈനമ്പർ പട്ടികയിൽനിന്ന് അപ്രത്യക്ഷമായി.ഐ.ഡി.ബി.ഐ. വായ്പത്തട്ടിപ്പുകേസിൽ സി.ബി.ഐ. അറസ്റ്റുചെയ്യുന്നതിന് ഒരുമാസം മുമ്പാണ് ശിവശങ്കരന്റെ ഫോൺ നിരീക്ഷണപ്പട്ടികയിലായത്. അദാനി ഗ്രൂപ്പ്, എസ്സാർ ഗ്രൂപ്പ്, സ്പൈസ് ജെറ്റ് എന്നിവയുടെ നയപരമായ വിഷയങ്ങൾ നോക്കുന്ന മൂന്ന് ഉദ്യോഗസ്ഥരുടെ ഫോണുകളും നിരീക്ഷിക്കപ്പെട്ടു. ഇവരുടെ പേരുകൾ പുറത്തുവിട്ടിട്ടില്ല. റിലയൻസ് ഇൻഡസ്ട്രീസിന്റെ പ്രതിനിധി വി. ബാലസുബ്രഹ്മണ്യൻ, റിലയൻസ് എ.ഡി.എ ഗ്രൂപ്പിന്റെ പ്രതിനിധി എ.എൻ. സേതുരാമൻ എന്നിവരുടെ ഫോൺ നമ്പറുകൾ നിരീക്ഷണപ്പട്ടികയിലുണ്ട്. സർക്കാർരേഖകളുമായി ബന്ധപ്പെട്ട ഔദ്യോഗിക രഹസ്യചട്ടക്കേസിൽ ഇടപെട്ടവരാണ് ഇവർ രണ്ടുപേരും. 2019 ഓഗസ്റ്റിൽ ഡൽഹി ഹൈക്കോടതി ഈ കേസ് തീർപ്പാക്കിയിരുന്നു. മ്യൂച്വൽ ഫണ്ട് മേഖലയിൽ പ്രവർത്തിക്കുന്ന ഫ്രാങ്ക്ലിൻ ടെംപിൾട്ടൺ, ഡി.എസ്.പി. ബ്ലാക്‌റോക്, മോട്ടിലാൽ ഒസ്വൾ എന്നീ കമ്പനികളുടെ പ്രതിനിധികളായ അഞ്ചു കോർപ്പറേറ്റ് എക്സിക്യുട്ടീവുകളുടെ നമ്പറുകളും പട്ടികയിലുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3zGTaVf
via IFTTT