ടോക്യോ: തുടർച്ചയായ രണ്ടാം ഒളിമ്പിക്സിലും മെഡൽ നേട്ടം ഉറപ്പാക്കാൻ പി.വി. സിന്ധു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സെമിഫൈനലിൽ കടുത്ത എതിരാളിയാണ് സിന്ധുവിനെ കാത്തിരിക്കുന്നത്. ലോക ഒന്നാംനമ്പർ താരം ചൈനീസ് തായ്പേയിയുടെ തായ് സു യിങ്ങാണ് എതിരാളി. തുടർച്ചയായ രണ്ടാം ഒളിമ്പിക് മെഡൽ ഉറപ്പിക്കാൻ സിന്ധുവിന് വേണ്ടത് ഒരു ജയം മാത്രം. സെമിയിൽ ജയിച്ചാൽ സ്വർണമോ വെള്ളിയോ ഉറപ്പാകും. സെമിയിൽ തോറ്റാൽ വെങ്കലമെഡലിനായി മത്സരമുണ്ടാകും. കഴിഞ്ഞ ഒളിമ്പിക്സിലെ വെള്ളിമെഡൽ ജേതാവാണ് സിന്ധു. ലോകറാങ്കിങ്ങിൽ ഏറ്റവും കൂടുതൽ ആഴ്ച ഒന്നാംസ്ഥാനത്തിരിക്കുന്ന താരമെന്ന റെക്കോഡുള്ള തായ് സു യിങ്. സിന്ധുവിനെതിരേ അവസാനമായി കളിച്ച ലോക ടൂർ ഫൈനൽസിൽ ഒന്നിനെതിരേ രണ്ടു ഗെയിമുകൾക്ക് തായ് സു യിങ് ജയിച്ചിരുന്നു. വെള്ളിയാഴ്ച ജപ്പാൻ താരം അകാനെ യമാഗുച്ചിയെ നേരിട്ടുള്ള ഗെയിമുകളിൽ കീഴടക്കിയാണ് (21-13, 22-20) സിന്ധു തുടർച്ചയായ രണ്ടാം ഒളിമ്പിക്സിലും സെമിഫൈനലിൽ എത്തിയത്. പോരാട്ടം 56 മിനിറ്റ് നീണ്ടുനിന്നു. ആദ്യ ഗെയിം അനായാസം നേടിയ സിന്ധു രണ്ടാം ഗെയിമിൽ കടുത്ത വെല്ലുവിളി നേരിട്ടു. അവസാനഘട്ടത്തിൽ ജപ്പാൻ താരത്തിന്റെ രണ്ട് ഗെയിംപോയന്റിനെ അതിജീവിച്ചാണ് സിന്ധു മത്സരം കൈപ്പിടിയിലൊതുക്കിയത്. Content Highlights: Tokyo 2020 badminton P V Sindhu to face Tai Tzu Ying of Chinese Taipei in semi-final
from mathrubhumi.latestnews.rssfeed https://ift.tt/3j5mLkK
via
IFTTT