Breaking

Wednesday, July 28, 2021

കർണാടക: ചരടിപ്പോഴും യെദ്യൂരപ്പയുടെ കൈകളിൽ, അടിത്തറ ലിംഗായത്ത് വോട്ടുബാങ്കിൽ

ന്യൂഡൽഹി: പടിയിറങ്ങിയാലും ഭരണത്തിന്റെ ചരടുകൾ ബി.എസ്. യെദ്യൂരപ്പയുടെ കൈകളിലും പാർട്ടിയുടെ അടിത്തറ ലിംഗായത്ത് സമുദായത്തിന്റെ പിന്തുണയിലുമായിരിക്കുമെന്നുറപ്പിച്ചാണ് ബി.ജെ.പി. കേന്ദ്രനേതൃത്വം കർണാടകയിൽ കരുക്കൾ നീക്കിയത്. യെദ്യൂരപ്പയുടെ വിശ്വസ്തനും ലിംഗായത്ത് വിഭാഗം നേതാവുമായ ബസവരാജ് ബൊമ്മെയെ പുതിയ മുഖ്യമന്ത്രിയായി നിശ്ചയിച്ചതിലൂടെ ഈ സമവാക്യമാണ് ബി.ജെ.പി. ആവർത്തിക്കുന്നത്.കർണാടക രാഷ്ട്രീയത്തിൽ നിർണായകസ്വാധീനമുള്ള ലിംഗായത്ത് വിഭാഗത്തെ പിണക്കുന്നത് ചരിത്രപരമായ വിഡ്ഢിത്തമാണെന്ന് കോൺഗ്രസിന്റെ തളർച്ചയിൽനിന്ന് ബി.ജെ.പി.ക്ക് രാഷ്ട്രീയപാഠമാണ്.ഏതുപാർട്ടിയോട് ആഭിമുഖ്യം കാട്ടിയാലും ഒറ്റക്കെട്ടായി അതിനൊപ്പം നിലയുറപ്പിക്കുകയെന്ന ശീലമുള്ള ലിംഗായത്ത് വിഭാഗത്തിനെ പിണക്കിക്കൊണ്ട് രാഷ്ട്രീയതീരുമാനം കൈക്കൊള്ളാൻ ബി.ജെ.പി.ക്ക് തത്‌കാലം സാധ്യമല്ല. ദക്ഷിണേന്ത്യയിലേക്കുള്ള ബി.ജെ.പി.യുടെ രാഷ്ട്രീയകവാടവും കർണാടകയാണ്.കർണാടകയിലെ രാഷ്ടീയചരിത്രവുമായി ആഴത്തിൽ വേരോട്ടമുള്ള ജാതിവിഭാഗമാണ് ലിംഗായത്തുകൾ. ഒരുകാലത്ത് കോൺഗ്രസിന്റെയും ഇടക്കാലത്ത് ജനതാപാർട്ടികളുടെയും പിന്നീട് ബി.ജെ.പി.യുടെയും ശക്തികേന്ദ്രങ്ങളായ ഈവിഭാഗം 120-140 നിയമസഭാമണ്ഡലങ്ങളിൽ നിർണായക സാന്നിധ്യമാണ്. സംസ്ഥാന ജനസംഖ്യയിൽ 16 ശതമാനം പ്രാതിനിധ്യമുള്ള ലിംഗായത്ത് വിഭാഗത്തിൽ 2000 മുതൽ പരക്കെ സ്വാധീനമുള്ള നേതാവാണ് യെദ്യൂരപ്പ.സ്വാതന്ത്ര്യാനന്തരകാലത്ത് ലിംഗായത്തുകൾ കോൺഗ്രസിനൊപ്പമാണ് നിലയുറപ്പിച്ചത്. 1969-ൽ കോൺഗ്രസിൽ പിളർപ്പുണ്ടായപ്പോൾ ലിംഗായത്ത് വിഭാഗത്തിലെ പ്രധാന നേതാക്കളായ എസ്. നിജലിംഗപ്പ, വീരേന്ദ്രപാട്ടീൽ തുടങ്ങിയവർ ‘കോൺഗ്രസ്-ഒ’യിൽ ചേർന്നു. അപ്പോൾ ലിംഗായത്ത് വിഭാഗത്തിന്റെ പിന്തുണ കോൺഗ്രസ്-ഒ.യ്ക്കായി. അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസ്-ഒ ജനതാപാർട്ടിയിൽ ലയിച്ചു. അപ്പോൾ ലിംഗായത്തിന്റെ വോട്ടുകൾ ജനതാപാർട്ടിക്ക് ലഭിച്ചു. 1978-ൽ വീരേന്ദ്രപാട്ടീൽ കോൺഗ്രസ്-ഐയിലേക്ക് തിരിച്ചുപോയി. ലിംഗായത്ത് വോട്ടുബാങ്കിന്റെ പിന്തുണയോടെ 1989-ലെ തിരഞ്ഞെടുപ്പിൽ കർണാടക മുഖ്യമന്ത്രിയായി. 224-ൽ 178 സീറ്റുകൾ നേടിയാണ് പാട്ടീൽ കോൺഗ്രസിനെ അധികാരത്തിലെത്തിച്ചത്. എന്നാൽ, കോൺഗ്രസിലെ ഗ്രൂപ്പ്‌ തർക്കം, ബെംഗളൂരുവിലുണ്ടായ വർഗീയസംഘർഷങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി 1990-ൽ രാജീവ് ഗാന്ധി പാട്ടീലിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി നീക്കി.ഈ തിരുമാനം ലിംഗായത്ത് സമുദായത്തെ കോൺഗ്രസിൽനിന്ന് അകറ്റി. സാമൂഹികസേവനവകുപ്പിൽ ഒരു സാധാരണഗുമസ്തനായി ജോലി ചെയ്തുകൊണ്ടിരുന്ന ബി.എസ്. യെദ്യൂരപ്പ രാഷ്ട്രീയത്തിലിറങ്ങിയത് ഈ ഘട്ടത്തിലാണ്. വീരശൈവ-ലിംഗായത്ത് വിഭാഗക്കാരനായ യെദ്യൂരപ്പ 1997-ൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജയിച്ചുകൊണ്ട് രാഷ്ട്രീയത്തിൽ സജീവമായി. 1998-ൽ ബി.ജെ.പി.യുടെ സംസ്ഥാനപ്രസിഡന്റായി. 2004-ൽ ലിംഗായത്ത് സമുദായത്തിന്റെ പിന്തുണയോടെ യെദ്യൂരപ്പ സംസ്ഥാനരാഷ്ട്രീയത്തിൽ കേന്ദ്രീകരിച്ചു. ഇടക്കാലത്ത് പാർട്ടിയിൽനിന്ന് പിണങ്ങിപ്പിരിഞ്ഞ യെദ്യൂരപ്പ 2013-ലെ നിയമസഭാതിരഞ്ഞെടുപ്പിലുണ്ടാക്കിയ ക്ഷീണം ബി.ജെ.പി. മറക്കില്ല. യെദ്യൂരപ്പയുടെ സ്വന്തംപാർട്ടിയായ കർണാടക ജനതാപക്ഷ മത്സരത്തിനിറങ്ങിയതോടെ ബി.ജെ.പി. 40 സീറ്റുകളിലേക്ക് ചുരുങ്ങിയത് കേന്ദ്രനേതൃത്വത്തിനും മറക്കാനാകില്ല.


from mathrubhumi.latestnews.rssfeed https://ift.tt/3BPtYOg
via IFTTT