Breaking

Friday, July 30, 2021

ബോക്‌സിങ്ങില്‍ ട്വിസ്റ്റ്; മേരി കോം തോറ്റ കാര്യം അറിഞ്ഞത് മുന്‍ കായിക മന്ത്രിയുടെ ട്വീറ്റ് കണ്ട്

ടോക്യോ: കൊളംബിയയുടെ ലോറെന വലൻസിയയോട് തോറ്റ് ഒളിമ്പിക്സിൽ നിന്ന് പുറത്തായപ്പോൾ ഇന്ത്യൻ താരം മേരി കോം കരഞ്ഞില്ല. പകരം നിറഞ്ഞ ചിരിയോടെ അവർ കാണികൾക്ക് അഭിവാദ്യം അർപ്പിച്ചു. 38 വയസ്സുകാരിയായ താരം ഒളിമ്പിക്സിനോട് സന്തോഷത്തോടെ യാത്ര പറയുകയാണ് എന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാൽ യഥാർഥത്തിൽ സംഭവിച്ചത് അതായിരുന്നില്ല. താൻ മത്സരത്തിൽ വിജയിച്ച് ക്വാർട്ടർ ഫൈനലിലെത്തി എന്ന സന്തോഷത്തിലായിരുന്നു മേരി കോം. കാരണം ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ രണ്ടും മൂന്നും റൗണ്ടിൽ നേരിയ മുൻതൂക്കം മേരി കോമിനായിരുന്നു. എന്നാൽ ആദ്യ റൗണ്ടിൽ കൊളംബിയൻ താരം വലിയ മാർജിനിൽ വിജയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജഡ്ജിമാർ കൊളംബിയൻ താരത്തിന് അനുകൂലമായാണ് മത്സരഫലം പ്രഖ്യാപിച്ചത്. എന്നാൽ മേരി കോം ഇതെല്ലാം അറിഞ്ഞത് മത്സരശേഷം ഉത്തേജക മരുന്ന് പരിശോധനയ്ക്കായി സാംപിൾ കൊടുക്കാൻ പോകുമ്പോഴായിരുന്നു. പരിശീലകൻ ചോട്ടെലാലിനൊപ്പമാണ് മേരി കോം പോയത്. തോറ്റ വിവരം ചോട്ടെലാലാണ് ഇന്ത്യൻ താരത്തോട് പറഞ്ഞത്. ആ നിമിഷത്തിൽ കരച്ചിൽ പിടിച്ചുനിർത്താനായില്ലെന്നും താരം പറയുന്നു. മത്സരശേഷം ടോക്യോയിൽ നിന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മേരി കോം. റിങ്ങിനുള്ളിൽവെച്ച് തീരുമാനം ഞാൻ അറിഞ്ഞിരുന്നില്ല. ഞാൻ വിചാരിച്ചത് റഫറി എന്നെയാണ് വിജയിയായി പ്രഖ്യാപിച്ചത് എന്നായിരുന്നു. റിങ്ങിന് പുറത്തുവന്നപ്പോഴും വിജയിച്ചത് ഞാനാണെന്നായിരുന്നു എന്റെ വിശ്വാസം. തോറ്റു എന്ന് എനിക്കറിയില്ലായിരുന്നു. തുടർന്ന് ഉത്തേജകമരുന്ന് പരിശോധനയ്ക്കായി പോയി. ആ സമയത്ത് ചോട്ടെലാൽ കൂടെയുണ്ടായിരുന്നു. അദ്ദേഹം എന്നോടു സംസാരിച്ചു. എന്നിട്ടു പറഞ്ഞു. മേരീ, നീ വിഷമിക്കേണ്ട. എന്റെ വിജയി നീയാണ്. ഇതോടെ എന്തോ പ്രശ്നമുണ്ടെന്ന് എനിക്ക് തോന്നി. ഞാൻ വേഗം ഫോണെടുത്ത് നോക്കി. മുൻ കേന്ദ്ര കായിക മന്ത്രി കിരൺ റിജിജുവിന്റെ ട്വീറ്റാണ് ഞാൻ ആദ്യം കണ്ടത്. എന്നെ ആശ്വസിപ്പിക്കുന്നതായിരുന്നു ആ ട്വീറ്റ്. അപ്പോഴാണ് യാഥാർഥ്യം എനിക്ക് മനസ്സിലായത്. ഞാൻ ഞെട്ടിപ്പോയി. കരച്ചിൽ പിടിച്ചുനിർത്താനായില്ല. മേരി കോം വ്യക്തമാക്കുന്നു. മത്സര ഫലത്തിൽ ആശയക്കുഴപ്പമുണ്ടാകാൻ മറ്റു കാരണങ്ങളുമുണ്ടായിരുന്നു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് വിജയിയുടെ പേര് പ്രഖ്യാപിക്കുമ്പോൾ റഫറിക്ക് കൈ ഉയർത്താൻ പറ്റില്ല. വിജയിയുടെ പേരും ജഴ്സിയുടെ നിറവും പറയുന്നത് ആ നിമിഷത്തിൽ മേരി കോം ശ്രദ്ധിച്ചതുമില്ല. ഇതോടെ രണ്ട് റൗണ്ടിൽ മുൻതൂക്കം നേടിയ താൻ വിജയി ആണെന്ന് മേരി കോമും കരുതി. മേരി കോം കണ്ട കിരൺ റിജിജുവിന്റെ ട്വീറ്റ് Dear Mary Kom, you lost in Tokyo Olympics by just one point but for me you are always a champion! You have achieved what no other female boxer in the world has ever achieved. You are a legend. India is proud of you🇮🇳 BOXING & OLYMPICS will miss you @MangteC 🙏 pic.twitter.com/caBe555e87 — Kiren Rijiju (@KirenRijiju) July 29, 2021 Content Highlights: How Mary Kom learnt that she has been eliminated from Games Tokyo Olympics


from mathrubhumi.latestnews.rssfeed https://ift.tt/2WqtduO
via IFTTT