തിരുവനന്തപുരം: ദേശീയരാഷ്ട്രീയത്തിൽ അമർസിങ് എന്നപേരിന് ആക്കവും തൂക്കവും കൂടിയ ഒരു കാലമുണ്ടായിരുന്നു. മലയാളമണ്ണിനോട് പ്രിയമേറെയാണെന്ന് അദ്ദേഹം പറഞ്ഞിട്ടുമുണ്ട്. മരണത്തിന്റെ വക്കിൽ സിങ്കപ്പുർ ആശുപത്രിയിലെ ഐ.സി. യൂണിറ്റിൽ കിടന്ന് അമർസിങ് വിളിച്ചതും ഒരു മലയാളിയെയായിരുന്നു, മന്ത്രി എ.കെ.ബാലനെ. വിറയാർന്ന ശബ്ദത്തിൽ അദ്ദേഹം പറഞ്ഞത് ഇത്രമാത്രം -'മറക്കില്ലൊരിക്കലും'. വൃക്കരോഗമാണ് അമർസിങ്ങിനെ വീഴ്ത്തിയത്. വൃക്ക മാറ്റിവെയ്ക്കാൻ ചില സാങ്കേതിക തടസ്സങ്ങൾ മാറിക്കിട്ടാൻ മന്ത്രി എ.കെ.ബാലനോട് അദ്ദേഹം സഹായം തേടിയിരുന്നു. ഒരു സത്യവാങ്മൂലത്തിൽ കേരള സർക്കാർ അറ്റസ്റ്റുചെയ്ത് കൊടുക്കേണ്ടതുണ്ടായിരുന്നു. ''മറ്റൊന്നും തോന്നരുത്, ഉപദ്രവിക്കുകയാണെന്നും തോന്നരുത്. ഒരു സഹായം ചെയ്യാൻ പറ്റുമോ?'' ഇതായിരുന്നു ചെറിയ ശബ്ദത്തിൽ അമർസിങ് ചോദിച്ചത്. ആ വാക്ക് മന്ത്രി ഉൾക്കൊണ്ടു. ആവശ്യമായ രേഖ തയ്യാറാക്കി പെട്ടെന്നുതന്നെ സിങ്കപ്പുർ ആശുപത്രിയിലേക്ക് മെയിൽ ചെയ്തു. ഇതിനുശേഷമുള്ള ചികിത്സയ്ക്കിടെയാണ് അദ്ദേഹം വീണ്ടും മന്ത്രിയെ വിളിച്ച് ''മറക്കില്ലൊരിക്കലും'' എന്നു പറഞ്ഞത്. ''പ്രിയ സുഹൃത്തേ, എനിക്കും മറക്കാനാവില്ലൊരിക്കലും''- ഇതായിരുന്നു ആ വിയോഗത്തെക്കുറിച്ച് മന്ത്രിയുടെ പ്രതികരണം. ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലായിരിക്കേ അദ്ദേഹത്തെ കാണാൻ എ.കെ. ബാലൻ പോയിരുന്നു. വി.എസ്.സർക്കാരിന്റെ കാലത്താണ് എ.കെ.ബാലൻ അമർസിങ്ങുമായി അടുത്ത് പരിചയപ്പെടുന്നത്. വൈദ്യുതിമന്ത്രിയെന്ന നിലയിൽ രണ്ട് ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ടാണ് ആദ്യം കാണുന്നത്. സാങ്കേതിക കാരണങ്ങളാൽ മുടങ്ങിയ രണ്ട് പദ്ധതികളും എൽ.ഡി.എഫ്. സർക്കാരിന് യാഥാർഥ്യമാക്കാനായി. അള്ളുങ്കൽ പദ്ധതിയുടെ ഉദ്ഘാടനത്തിന് അമർസിങ്ങിനുപുറമേ സിനിമാ താരങ്ങളായ ജയാ ബച്ചനും ജയപ്രദയും പങ്കെടുത്തു. ശാരീരികമായ അസ്വസ്ഥതകൾ അവഗണിച്ചും ഒരുവർഷംമുമ്പ് തന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അദ്ദേഹം തിരുവനന്തപുരത്ത് എ.കെ.ജി. ഹാളിൽ എത്തുകയും വധൂവരന്മാരെ ആശീർവദിക്കുകയും ചെയ്തത് ബാലൻ അനുസ്മരിച്ചു. Content Highlights:minister a k Balan Remembering Amar Singh
from mathrubhumi.latestnews.rssfeed https://ift.tt/3gs6yTY
via
IFTTT