Breaking

Tuesday, August 4, 2020

അവർ വീണ്ടുമെത്തി, ആ കടത്തിണ്ണയിൽ

തൃശ്ശൂർ: അമ്മയുടെ മൃതദേഹത്തിനടുത്ത് ആറാംക്ലാസുകാരന്റെ നിസ്സഹായ നിലവിളി ഒരോർമയായി 23 വർഷങ്ങൾക്കിപ്പുറവും ഈ കടത്തിണ്ണയിലുണ്ട്. കരഞ്ഞ കുട്ടിയും രക്ഷിച്ച ‘പോലീസേട്ടനും’ അതു ‘കേൾക്കാം’. അതേ കടത്തിണ്ണയിൽ തിങ്കളാഴ്ച ഇരുവരും എത്തിയപ്പോൾ ഓർമകൾ വീണ്ടും ഇടമുറിയാതെ ഒഴുകി.അശരണരായ നൂറുകണക്കിനു കുട്ടികൾക്ക് ആശ്രയമായ രാമകൃഷ്ണൻ എന്ന പോലീസുകാരൻ ഇപ്പോൾ തൃശ്ശൂർ ട്രാഫിക് എസ്.ഐ.യാണ്. അന്ന് കൈയിൽ കോരിയെടുത്ത മണികണ്ഠൻ എന്ന കുട്ടി ഇന്ന് ബിരുദധാരിയാണ്. സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്ത് ഭാര്യയുമൊത്ത് ജീവിക്കുന്നു.1997-ൽ വടക്കേക്കാട് പോലീസ്‌സ്റ്റേഷനിൽ ജോലിചെയ്യുമ്പോഴാണ് കടത്തിണ്ണയിലെ അമ്മയും കുട്ടിയും രാമകൃഷ്ണന്റെ കണ്ണിൽപ്പെട്ടത്. ഒരു പ്രഭാതത്തിൽ കേട്ടത് ആൽത്തറ ജങ്ഷനിലെ കടത്തിണ്ണയിൽ മരിച്ചുകിടക്കുന്ന അമ്മയ്ക്കടുത്ത് കൊച്ചുകുട്ടി നിലവിളിക്കുന്നു എന്ന വാർത്തയായിരുന്നു. ഷർട്ടുപോലും ധരിക്കാതെ കാക്കി പാന്റ്സിലും ബനിയനിലും രാമകൃഷ്ണൻ അവിടേക്കോടി. ബന്ധുക്കൾ ആരെന്നുപോലും അറിയാത്ത അമ്മയുടെ മൃതദേഹം സംസ്കരിക്കാൻ നാട്ടുകാർക്കൊപ്പം ഇദ്ദേഹവും കൂടി. നിർത്താതെ കരയുന്ന മണികണ്ഠനെ ഒപ്പംകൂട്ടി താങ്ങായിനിന്നു. തത്കാലം താമസിപ്പിച്ച ആർ.എസ്.എസ്. കാര്യാലയം പിന്നീട് മണികണ്ഠന്റെ വീടായി. രാമകൃഷ്ണൻ തുടങ്ങിവെച്ച നന്മ ആർ.എസ്.എസും നാട്ടുകാരും ഏറ്റെടുത്തു. പഠിപ്പിച്ചു, വിവാഹം കഴിപ്പിച്ചു, ജോലിക്കാരനാക്കി. എല്ലാറ്റിനുമൊപ്പം രാമകൃഷ്ണനും കൂടെനിന്നു. ഇദ്ദേഹത്തിന്റെ കാരുണ്യവഴിയിൽ ഇത് ഒരു സംഭവം മാത്രം.പാട്ടുരായ്ക്കലിൽ ഒരു കടയുടെ ഒറ്റമുറിയിൽ മൂന്ന് സഹോദരിമാരെയും അമ്മയെയും സംരക്ഷിച്ചിരുന്ന ബാല്യകാലം ഏറെ തീക്ഷ്ണമായിരുന്നു. അവരുടെ മനവും മാനവും അരച്ചാൺ വയറും കാക്കണമെന്നത് ആറാം വയസ്സിൽ അച്ഛൻ മരിച്ച രാമകൃഷ്ണനെ അലട്ടിയിരുന്നു. പത്രവിതരണം നടത്തിയും പച്ചക്കറിവിറ്റും ആ കുട്ടി പണം കണ്ടെത്തി.അമ്മയെയും സഹോദരിമാരെയും കടമുറിയിലാക്കി തിണ്ണയിൽ കാലിച്ചാക്ക് വിരിച്ച് രാത്രി കഴിച്ചുകൂട്ടി. വഴിവിളക്കിന്റെ വെട്ടത്തിൽ പഠിച്ചു. പത്താം ക്ലാസും പ്രീഡിഗ്രിയും ജയിച്ചു. പാവപ്പെട്ട കുട്ടികളെ പഠനത്തിൽ സഹായിച്ചു. ഡിഗ്രിക്ക് ചേരുന്ന വർഷംതന്നെ പോലീസിൽ ജോലികിട്ടി. റാങ്ക് ലിസ്റ്റിൽ 32-ാമൻ. ജോലിയിൽ കയറിയശേഷം ബിരുദവും നേടി. സർവീസിൽ മികവിന്റെ പേരിലുള്ള റിവാർഡുകൾ വേണ്ടെന്ന് വകുപ്പിനെ അറിയിച്ച അപൂർവം ഉദ്യോഗസ്ഥരിലൊരാളാണ്. ഡ്യൂട്ടി കഴിഞ്ഞുള്ള സമയം മുഴുവൻ ജീവകാരുണ്യത്തിൽ മുഴുകി. സഹോദരിമാരെ വിവാഹിതരാക്കി. സ്വന്തം വിവാഹം മാറ്റിവെച്ചു. അനാഥാലയങ്ങളിലെ കുട്ടികൾക്ക് ഇദ്ദേഹം ചേട്ടനും വല്യച്ഛനും അങ്കിളുമാണ്. എല്ലാ വർഷവും ലീവ് സറണ്ടറിലൂടെ കിട്ടുന്ന തുക മുഴുവൻ അശരണർക്കാണ്. പി.എഫിൽ നിന്ന് പണമെടുത്ത് ഒട്ടേറെ പേരെ സഹായിക്കുന്നു. പേരിനോ പ്രശസ്തിക്കോ വേണ്ടിയല്ല രാമകൃഷ്ണന്റെ സേവനങ്ങളെന്ന് തൃശ്ശൂരിലെ ‘അമ്മ’ അഭയകേന്ദ്രത്തിന്റെ സെക്രട്ടറി ഡോ. പി. ഭാനുമതിയും സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മിഷണർ വി.കെ. രാജുവും പറയുന്നു. ബാങ്ക് ബാലൻസ് ഇല്ലാത്ത രാമകൃഷ്ണന്റെ ഏറ്റവും വലിയ ഡിപ്പോസിറ്റ് അദ്ദേഹം കൈപിടിച്ചുയർത്തിയ കുറേ ജീവിതങ്ങളാണ്. പാലിശ്ശേരിയിൽ അമ്മയ്ക്കൊപ്പമാണ് താമസം. അടുത്തകൊല്ലം വിരമിക്കുമ്പോൾ മുഴുവൻസമയ സേവനത്തിന് ഇദ്ദേഹം തൃശ്ശൂരിലുണ്ടാവും; നന്മ എന്നു പേരെഴുതിയ വാഹനത്തിൽ.


from mathrubhumi.latestnews.rssfeed https://ift.tt/2XoBZaw
via IFTTT