തിരുവനന്തപുരം: എം.ജി. സർവകലാശാലയിലെ ബി.ടെക് വിദ്യാർഥികൾക്ക് മാർക്കുദാനം നടത്തിയതിൽ മന്ത്രി കെ.ടി.ജലീലിന്റെ വാദങ്ങൾ പൊളിയുന്ന ദൃശ്യങ്ങൾ പുറത്ത്. ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി ഡോ.ഷറഫുദ്ദീൻ സർവകലാശാലയിൽ നടന്ന അദാലത്തിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസിന് ലഭിച്ചു. അദാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ആശംസാ പ്രസംഗം നടത്തി തന്റെ പ്രൈവറ്റ് സെക്രട്ടറി മടങ്ങിയെന്നായിരുന്നു ജലീലിന്റെ വാദം. അദാലത്തുകൾ തീർപ്പ് കൽപ്പിച്ചതിന് ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്ന ചടങ്ങിൽ ഷറഫുദ്ദീൻ നിൽക്കുന്ന ദൃശ്യമാണ് മാതൃഭൂമിക്ക് ലഭിച്ചത്. സർവകലാശാല ഉദ്യോഗസ്ഥരുമായും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുമായും ഇയാൾ ആശയ വിനിമയം നടത്തുന്നതും ദൃശ്യങ്ങളിലുണ്ട്. അദാലത്തിൽ മന്ത്രി കെ.ടി. ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുക്കുകയും അദ്ദേഹത്തിന്റെ നിർദേശപ്രകാരം കുട്ടിക്ക് ഒരു മാർക്ക് കൂട്ടിക്കൊടുക്കാൻ തീരുമാനിക്കുകയും ചെയ്തുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം ഉന്നയിച്ച ആരോപണം. ഇതിന് വിശദീകരണമായിട്ടാണ് മന്ത്രി ജലീൽ തന്റെ പ്രൈവറ്റ് സെക്രട്ടറി ചടങ്ങിൽ ആശംസ നടത്തിയ ശേഷം മടങ്ങിയെന്ന വിശദീകരണം നൽകിയിരുന്നത്. ബി.ടെക്. പരീക്ഷയിൽ മാർക്കു കൂട്ടിനൽകാൻ അദാലത്തെടുത്ത തീരുമാനം ചട്ടവിരുദ്ധമായിരുന്നുവെന്ന് കഴിഞ്ഞ ദിവസം എം.ജി. സർവകലാശാല സിൻഡിക്കേറ്റംഗം ഡോ. പി.കെ. ഹരികുമാർ തുറന്നുസമ്മതിച്ചിരുന്നു. അദാലത്തിന് അതിന് അധികാരമില്ലെന്നാണ് സർവകലാശാലയിൽ നടന്ന പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞത്. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം കൂടിയാണ് ഹരികുമാർ. Content Highlights:MG University Mark donation controversy-Video footage-kt jaleel
from mathrubhumi.latestnews.rssfeed https://ift.tt/2MmTPFF
via
IFTTT