ന്യൂഡൽഹി: ആഗോള പട്ടിണിസൂചികയിൽ (ജി.എച്ച്.ഐ.) ഇന്ത്യ നേപ്പാളിനും പാകിസ്താനും ബംഗ്ലാദേശിനും പിന്നിൽ. 117 രാജ്യങ്ങളുടെ പട്ടികയിൽ 102-ാം സ്ഥാനത്താണ് ഇന്ത്യ. ബെലാറസ്, യുക്രൈൻ, തുർക്കി, ക്യൂബ, കുവൈത്ത് എന്നിവയുൾപ്പെടെ 17 രാജ്യങ്ങളാണ് പട്ടികയിൽ ആദ്യസ്ഥാനങ്ങളിൽ. ഇവയുടെ ജി.എച്ച്.ഐ. സ്കോർ അഞ്ചിൽത്താഴെയാണ്. പട്ടിണിയുടെ തോത് കൂടുന്നതനുസരിച്ചാണ് സ്കോർ ഉയരുന്നത്. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കാണ് 117-ാം സ്ഥാനത്ത്. ഐറിഷ് ജീവകാരുണ്യസ്ഥാപനമായ കൺസേൺ വേൾഡ്വൈഡും ജർമൻ സംഘടനയായ വെൽറ്റ് ഹങ്കർ ഹിൽഫെയും ചേർന്നാണ് ജി.എച്ച്.ഐ. റിപ്പോർട്ട് തയ്യാറാക്കിയത്. 2018-ൽ 199 രാജ്യങ്ങളുടെ ജി.എച്ച്.ഐ.യിൽ 103-ാമതായിരുന്നു ഇന്ത്യ. 2000-ത്തിൽ 113 രാജ്യങ്ങളുണ്ടായിരുന്നപ്പോൾ 83-ാം സ്ഥാനത്തും. ഇക്കാലത്തിനിടെ ഇന്ത്യയുടെ ജി.എച്ച്.ഐ. സ്കോർ കുറയുന്നുണ്ട്. 2005-ൽ 38.9 ആയിരുന്നത് 2019-ൽ 30.3 ആയി കുറഞ്ഞു. സ്കോർ കണക്കാക്കുന്നത് നാലുകാര്യങ്ങളാണ് ജി.എച്ച്.ഐ. സ്കോർ കണക്കാക്കാൻ പരിഗണിക്കുന്നത്: * പോഷകാഹാരക്കുറവ് * അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളിലെ തൂക്കക്കുറവ് * ഈ പ്രായത്തിലെ കുട്ടികളിലെ വളർച്ചമുരടിപ്പ് * ബാലമരണനിരക്ക് തൂക്കം കുറഞ്ഞ കുട്ടികൾ കൂടുതൽ * ഇന്ത്യയിലെ കുട്ടികളിലെ തൂക്കക്കുറവ് 2008-2012 കാലത്ത് 16.5 ശതമാനമായിരുന്നത്, 2014-18 ആയപ്പോൾ 20.8 ശതമാനമായി ഉയർന്നു. * ആറുമുതൽ 23 വരെ മാസം പ്രായമുള്ള കുഞ്ഞുങ്ങളിൽ 9.6 ശതമാനത്തിനേ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഏറ്റവും കുറഞ്ഞ അളവിലെങ്കിലും ആഹാരം കിട്ടുന്നുള്ളൂ. * ഇന്ത്യയിലെ കുട്ടികളിലെ തൂക്കക്കുറവ് 20.8 ശതമാനം. 117 രാജ്യങ്ങളിൽ ഏറ്റവും കൂടിയ നിരക്ക്. * ആഭ്യന്തരയുദ്ധം നടക്കുന്ന യെമെൻ, ഗുരുതരമായ കാലാവസ്ഥാപ്രത്യാഘാതം നേരിടുന്ന ജിബൂട്ടി എന്നിവിടങ്ങളിലെ സ്ഥിതി ഇന്ത്യയിലെക്കാൾ മെച്ചം. * അയൽരാജ്യങ്ങളായ നേപ്പാൾ (74), ശ്രീലങ്ക (66), ബംഗ്ലാദേശ് (88), മ്യാൻമാർ (69), പാകിസ്താൻ (94) എന്നിവയും ഗുരുതരമായ പട്ടിണിനേരിടുന്ന രാജ്യങ്ങളുടെ കൂട്ടത്തിലാണ്. എങ്കിലും ഇന്ത്യയെക്കാൾ മെച്ചമാണ് ഇവയുടെ നില. * ചൈനയിലെ (25) പട്ടിണി കുറഞ്ഞു. ശിശുമരണം കുറഞ്ഞു * അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് കുറഞ്ഞു. പരസ്യവിസർജനം തുടരുന്നു 'ശുചിത്വഭാരത' ദൗത്യത്തിന്റെ ഭാഗമായി പുതിയ കക്കൂസുകൾ പണിതിട്ടും ഇന്ത്യയിൽ പരസ്യവിസർജനം തുടരുന്നു. ഇത് ഇന്ത്യക്കാരുടെ ആരോഗ്യത്തെ ബാധിക്കുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. രാഷ്ട്രീയംകുറച്ച് കുട്ടികളെ ശ്രദ്ധിക്കൂ -കോൺഗ്രസ് ന്യൂഡൽഹി: പ്രധാനമന്ത്രി രാഷ്ട്രീയം അല്പംകുറച്ച് രാജ്യത്തെ കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ. ആഗോള പട്ടിണിസൂചികയിൽ ഇന്ത്യ 102-ാം സ്ഥാനത്തായതിന്റെ പശ്ചാത്തലത്തിലാണ് ഈ വിമർശനം. 'ആറുമുതൽ 23 മാസംവരെ പ്രായമുള്ള 93 ശതമാനം കുട്ടികൾക്കും മിനിമം പോഷകാഹാരമെങ്കിലും ലഭിക്കുന്നില്ല. ആഗോള പട്ടിണിസൂചികയിൽ 2010-ൽ 95-ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ 2019-ൽ 102-ാം സ്ഥാനത്തായി. മോദിജി രാഷ്ട്രീയം അല്പംകുറച്ച് കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധപുലർത്തണം. അവരാണ് നമ്മുടെ ഭാവി' -സിബൽ ട്വിറ്ററിൽ കുറിച്ചു. Content highlights:India At 102 In Hunger Index Of 117 Nations
from mathrubhumi.latestnews.rssfeed https://ift.tt/2BiXlL6
via
IFTTT