Breaking

Thursday, October 17, 2019

കശ്മീർ ആപ്പിളുകളിൽ രാജ്യവിരുദ്ധ മുദ്രാവാക്യം; ബഹിഷ്കരിക്കുമെന്ന് കച്ചവടക്കാർ

ശ്രീനഗർ: കശ്മീർതാഴ്‌വരയിൽനിന്ന് ജമ്മുവിലെ കച്ചവടകേന്ദ്രങ്ങളിൽ വിൽപ്പനയ്ക്കെത്തിച്ച ആപ്പിളുകളിൽ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ. കറുത്ത മാർക്കർപേനയുപയോഗിച്ചാണ് മുദ്രാവാക്യങ്ങൾ എഴുതിയിരിക്കുന്നത്.‘ഇന്ത്യ ഗോബാക്ക്’, ‘മേരേ ജാൻ ഇമ്രാൻഖാൻ’, ‘ഞങ്ങൾക്കു സ്വാതന്ത്ര്യം വേണം’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പെട്ടികളിലെത്തിച്ച ആപ്പിളുകളിൽ ഉണ്ടായിരുന്നത്. ഇംഗ്ലീഷിലും ഉറുദുവിലുമാണ് എഴുതിയിരുന്നത്. ഇത്തരം ആപ്പിളുകൾ വാങ്ങാൻ ആളുകൾ വിസമ്മതിച്ചതോടെ കച്ചവടക്കാർ പ്രതിസന്ധിയിലായി.സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കശ്മീരിൽനിന്നുള്ള ആപ്പിളുകൾ ബഹിഷ്കരിക്കുമെന്ന് കഠുവ മൊത്തവ്യാപാര കേന്ദ്രത്തിന്റെ പ്രസിഡന്റ് രോഹിത് ഗുപ്ത പറഞ്ഞു. വ്യാപാരികൾ പ്രതിഷേധപ്രകടനം നടത്തുകയും പാകിസ്താനും ഭീകരർക്കുമെതിരേ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു. നിരോധനങ്ങളും നിയന്ത്രണങ്ങളും ഏറക്കുറെ എടുത്തുമാറ്റിയെങ്കിലും കശ്മീരിലെ ജനജീവിതം പഴയപടിയായിട്ടില്ല. ബുധനാഴ്ചയും താഴ്‌വരയിലെ കച്ചവടകേന്ദ്രങ്ങൾ ഭാഗികമായേ പ്രവർത്തിച്ചുള്ളൂ. ലാൽ ചൗക് ഉൾപ്പെടെയുള്ള കച്ചവടകേന്ദ്രങ്ങളിൽ രാവിലെ ഏതാനും മണിക്കൂറുകൾമാത്രം കടകൾ തുറന്നു.ബസുകൾ ഓടിത്തുടങ്ങിയിട്ടില്ല. ഓട്ടോറിക്ഷകളെയും ടാക്സികളെയുമാണ് ജനങ്ങൾ ആശ്രയിക്കുന്നത്. സ്കൂളുകളും കോളേജുകളും പ്രവർത്തിക്കുന്നുണ്ടെങ്കിലും ഹാജർ കുറവാണ്.ശ്രീനഗർ-ലേ ദേശീയപാതയിലുള്ള സൗറ മേഖലയിൽ ഓഗസ്റ്റ് ആറിനും ഏഴിനും പ്രതിഷേധപ്രകടനത്തിനും കലാപത്തിനും നേതൃത്വം നൽകിയ ഹയാത് അഹ്മദ് ഭട്ടിനെ പോലീസ് ബുധനാഴ്ച അറസ്റ്റുചെയ്തു. മുൻ മുസ്‌ലിം ലീഗ് നേതാവായിരുന്ന ഭട്ടിനെതിരേ 16 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.സൗജന്യ ടെലിഫോൺ ബൂത്തുകൾ തുറക്കും : ജനങ്ങൾക്കു സൗജന്യമായി ഫോൺ വിളിക്കാൻ എല്ലാ ജില്ലകളിലും 50 പൊതു ടെലിഫോൺ ബൂത്തുകൾ (പി.സി.ഒ.) വീതം തുറക്കുമെന്ന് സർക്കാർ അറിയിച്ചു. എവിടെയൊക്കെ വേണമെന്ന വിവരം ബി.എസ്.എൻ.എല്ലിനു കൈമാറിയെന്നും പണി ഉടൻ തുടങ്ങുമെന്നും കശ്മീർ ഡിവിഷണൽ കമ്മിഷണർ ബാസീർ അഹ്മദ് ഖാൻ അറിയിച്ചു. പോസ്റ്റ് പെയ്ഡ് മൊബൈൽസേവനം തിങ്കളാഴ്ച പുനഃസ്ഥാപിച്ചെങ്കിലും സുരക്ഷാപ്രശ്നം മുൻനിർത്തി എസ്.എം.എസ്. സേവനങ്ങൾ തടഞ്ഞിരുന്നു. ഇന്റർനെറ്റും പുനഃസ്ഥാപിച്ചിട്ടില്ല.


from mathrubhumi.latestnews.rssfeed https://ift.tt/31iKuTG
via IFTTT