കൊച്ചി: ബുധനാഴ്ച തൃശ്ശൂർ ജില്ല കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകളിൽ കണ്ടെത്തിയ 123 കിലോ കേരളത്തിലെ കസ്റ്റംസ് സ്വർണവേട്ടയിൽ റെക്കോഡാണ്. ഇതിനുപുറമേ രണ്ടുകോടി രൂപയും 1900 യു.എസ്. ഡോളറും പിടിച്ചെടുത്തിട്ടുണ്ട്. കേരളത്തിലേക്ക് നിത്യേനയെന്നോണം ഒഴുകുന്നത് ടൺകണക്കിന് സ്വർണമാണെന്ന് അധികൃതർതന്നെ സാക്ഷ്യപ്പെടുത്തുന്നു. അതിന്റെ ഒരുഭാഗം മാത്രമാണ് ഇപ്പോൾ പിടിക്കപ്പെട്ടത്. അൻപതുകോടി രൂപ വിലവരുന്ന സ്വർണമാണ് ഇപ്പോൾ പിടിച്ചത്. ഇതിൽ 19 കിലോ കടത്തുന്ന സമയത്തും ബാക്കിയുള്ളവ വീടുകളിൽനിന്നും കടകളിൽനിന്നുമാണ് കണ്ടെടുത്തത്. സംസ്ഥാനത്ത് ഇടപാട് നടക്കുന്ന സ്വർണത്തിൽ നാലിലൊന്നുപോലും നികുതിയടച്ച് എത്തിക്കുന്നവയല്ലെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ജൂലായ് മുതൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിലെ ഒരു സംഘത്തെ നിരീക്ഷണത്തിനുമാത്രമായി നിയോഗിച്ചു. കേരളത്തിലെ സ്വർണ ഇടപാടുകളുടെ തലസ്ഥാനമായ തൃശ്ശൂരിലേക്ക് പൊതുഗതാഗതം വഴിയുള്ള വരവുപോക്കുകൾ ഇങ്ങനെയാണ് ശ്രദ്ധയിൽപ്പെട്ടത്. വരുന്ന ആളുകൾ, യാത്രചെയ്യുന്ന രീതി, കൈമാറ്റം എന്നിവയെല്ലാം നിരീക്ഷിച്ചു. സംശയാസ്പദമായി കണ്ടെത്തിയ മുപ്പതോളംപേരുടെ നീക്കങ്ങൾ സൂക്ഷ്മമായി പിന്തുടർന്നു. ക്രയവിക്രയത്തിന്റെ കൃത്യമായ വഴികൾ മനസ്സിലാക്കിയശേഷമായിരുന്നു ഓപ്പറേഷൻ. ചേർപ്പ്, ഊരകം, വല്ലച്ചിറ, ഒല്ലൂർ, മണ്ണുത്തി എന്നിവടങ്ങളിലെ 23 വീടുകളിലായിരുന്നു പരിശോധന. രണ്ടുസംഘം കടത്തുകാർക്കു പിന്നാലെയായിരുന്നു. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽനിന്നാണ് 15 കാരിയർമാരെ പിടികൂടിയത്. സ്വർണം ഏറ്റുവാങ്ങാനായി വാഹനവുമായി കാത്തുനിന്ന രണ്ടുപേരും പിടിയിലായി. പരിശോധനനടന്ന വീടുകളിൽനിന്നും കംപ്യൂട്ടറുകൾ, ഹാർഡ് ഡിസ്ക്കുകൾ, സി.സി.ടി.വി. ക്യാമറകൾ, രേഖകൾ എന്നിവ പിടിച്ചു. ഇടനിലക്കാരായ 17 പേരിൽനിന്ന് മൊഴിയെടുക്കുകയാണ്. നിരീക്ഷണം തുടങ്ങിയതുമുതൽതന്നെ മിക്കവാറുമെല്ലാദിവസവും ഇടനിലക്കാർ യാത്രചെയ്തിട്ടുണ്ട്. ഈ യാത്രകളിലെല്ലാം ഇപ്പോൾ പിടിക്കപ്പെട്ടതിന് സമാനമായി കടത്ത് നടന്നിട്ടുണ്ടാകുമെന്ന് കസ്റ്റംസ് ഉറപ്പിക്കുന്നു. ഇത്രവിപുലമായ വല വിരിച്ചിട്ടും ഒരു സംഘം രക്ഷപ്പെട്ടു. നിയമപരമല്ലാത്ത ഇടപാട് അനുവദിക്കില്ല സംസ്ഥാനത്ത് വിൽക്കുന്ന സ്വർണവും നിയമപരമായി എത്തുന്ന സ്വർണവും തമ്മിലുള്ള അന്തരം വ്യാപാരികളടക്കമുള്ളവരെ നേരിട്ട് ബോധ്യപ്പെടുത്തിയതാണ്. കള്ളക്കടത്ത് തടയുന്നതിന് എല്ലാ സഹകരണവും അവർ വാഗ്ദാനം ചെയ്തിട്ടുമുണ്ട്. നിയമപരമല്ലാത്ത ഇടപാടുകൾ ഒരു കാരണവശാലും അനുവദിക്കില്ല.-സുമിത് കുമാർ, കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ
from mathrubhumi.latestnews.rssfeed https://ift.tt/31ng5DB
via
IFTTT