നഗരത്തിനോടുചേർന്ന് അതിർത്തിഗ്രാമത്തിൽനിന്ന് ഏതാനും മാസങ്ങൾക്കുമുൻപ് ഒരു എൻജിനീയറിങ് വിദ്യാർഥിയെ അധികൃതർ കുടുക്കിയിരുന്നു. പഠനത്തിൽ മിടുക്കനായ വിദ്യാർഥി തമിഴ്നാട്ടിലെ സേലത്തുള്ള കോളേജിലായിരുന്നു പഠിച്ചത്. ഒരു വിദ്യാർഥിക്ക് കഴിയാവുന്നതിലും കൂടുതൽ തവണ ഇയാൾ നാട്ടിലെത്തിയിരുന്നു. ആഴ്ചയിലൊരിക്കൽ കൃത്യമായെത്തും. വീടിനുസമീപത്തെ കുറ്റിക്കാട്ടിൽനിന്ന് കഞ്ചാവ് പിടിച്ചതോടെയാണ് കളിയറിയുന്നത്. ആഴ്ചയിലൊരിക്കലുള്ള വിദ്യാർഥിയുടെ വരവിന്റെ ലക്ഷ്യം കഞ്ചാവുകടത്താണ്. കൃത്യമായ ഓപ്പറേഷനിൽ സാധനം എത്തിക്കുയാണ് ലക്ഷ്യം. ഒരുകിലോ കഞ്ചാവിന് ആന്ധ്രയിലും തമിഴ്നാട്ടിലെ കമ്പത്തും തേനിയിലും വില 2500-3000വരെ. ഇത് ചേർത്തലയിൽ എത്തുമ്പോൾ വില 50000 മുതൽ 60000വരെ. ഈ കണക്കുകളിലൂടെയാണ് കഞ്ചാവ് വിപണി നിയന്ത്രിക്കുന്ന മാഫിയ യുവാക്കളെ ആകർഷിക്കുന്നത്. അബദ്ധങ്ങളിലേക്ക് കൂപ്പുകുത്തി അഴിയെണ്ണുന്നവർ ഏറെയാണെങ്കിലും കഞ്ചാവിന്റെ വരവിൽ കുറവുകളൊന്നുമില്ലെന്ന് അധികൃതർ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്. ആന്ധയിൽനിന്നും തമിഴ്നാട്ടിൽനിന്നും ലഭിക്കുന്ന കഞ്ചാവ് എത്തിക്കുന്നത് പ്രധാനമായും തീവണ്ടികൾ വഴി. ചരക്കുവാഹനങ്ങളും അന്തസ്സംസ്ഥാന ബസ് സർവീസുകളും ഇതിനായി ഉപയോഗിക്കുന്നവരുണ്ട്. ഒരുകിലോ കഞ്ചാവ് നാട്ടിലെത്തിച്ചാൽ എത്തിക്കുന്നവന് പ്രതിഫലം 10000 മുതൽ 20000വരെയാണത്രേ. കഞ്ചാവിന്റെ വലയിൽ വീഴുന്ന വിദ്യാർഥികളെയാണ് ഈകണക്കിന്റെ കളികളിൽ വീഴ്ത്തുന്നത്. സംസ്ഥാനത്തിനുപുറത്ത് എൻജിനീയറിങ്ങിനും എം.ബി.എ.ക്കും പഠിക്കുന്ന വിദ്യാർഥികളാണ് കുരുക്കിൽവീഴുന്നത്. ഇതുവഴി കേസുകളിൽപ്പെട്ട് (നിലവിൽ കേന്ദ്ര മയക്കുമരുന്നുവിരുദ്ധ ചട്ടപ്രകാരമുള്ള കേസുകളാണ് എടുക്കുന്നത്) ജോലിപോലും നഷ്ടപ്പെട്ടവർ പലരുണ്ട്. ഇത്തരം കേസിൽ കുടുങ്ങിയാൽ വിദേശയാത്രകൾ വിലക്കപ്പെടുമെന്ന് എക്സൈസ് അധികൃതർ പറയുന്നു. ഐ.ടി. കമ്പനി ജീവനക്കാർവരെ കടത്തി കുടുങ്ങിയിട്ടുണ്ട്. ലഭിക്കുന്ന തുക കേട്ടുവീഴുന്നവരാണ് കുടുങ്ങുന്നത്. അഞ്ചുഗ്രാമിന് 600 രൂപയും പെട്രോൾ ചെലവും പുറംനാട്ടിൽനിന്ന് കിലോയ്ക്ക് 2500-3000 വിലയ്ക്കെത്തുന്ന കഞ്ചാവിന് അതിർത്തി കടക്കുമ്പോൾ മൂല്യമേറും. നിലവിൽ പിടിച്ച കേസുകളിലെ പ്രതികളിൽനിന്നുള്ള വിവരപ്രകാരം അഞ്ചുഗ്രാം വരുന്ന ഒരോ പൊതിയായാണ് വിൽപ്പന. ഒരുപൊതി ആവശ്യക്കാരനിലേക്കെത്തുമ്പോൾ വില 600 രൂപയാണ്. എത്തിച്ചുനൽകുന്നവന് 100 രൂപ പെട്രോൾക്കാശും. ചെറുകിട സംഘങ്ങൾക്ക് ആവശ്യമായ പൊതികൾ എത്തിച്ചുനൽകാനും സംവിധാനമുണ്ട്. അതിർത്തികടത്താൻ ഒരു സംഘവും ചില്ലറ വിപണനത്തിനുമറ്റൊരു സംഘവും ഇതാണ് ചേർത്തല സ്റ്റൈൽ. കഞ്ചാവുപയോഗിച്ച് കെണിയിൽ വീഴ്ത്തുന്ന വിദ്യാർഥികളെയാണ് ചില്ലറ വിപണനത്തിനുപയോഗിക്കുന്നതെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളെ കടത്താനും ഇവർ തന്ത്രപരമായി ഉപയോഗിക്കുന്നു. ചങ്ങലയിൽ കണ്ണികളാക്കാൻ..ലിഫ്റ്റ് കെണി... ഇവിടെ കഞ്ചാവിന്റെ അഭ്യന്തര വിപണനം പ്രധാനമായും ബൈക്കുകൾ കേന്ദ്രീകരിച്ചാണ്. ഇതുവരെ പിടികൂടിയ കേസുകൾ കണക്കാക്കി പോലീസും എക്സൈസും ഇത്തരത്തിൽ നിഗമനത്തിലെത്തിയിട്ടുള്ളത്. വിപണനസംഘങ്ങൾ പുതിയ ഇരകളെ കണ്ടെത്താനുള്ള പ്രധാനവഴികളിലൊന്ന് ബൈക്കിൽ ലിഫ്റ്റ് നൽകൽ. ലഘുയാത്രയിൽ ലിഫ്റ്റടിക്കുന്ന വിദ്യാർഥിയുടെ മനോഭാവം ചൂഴ്ന്നെടുത്താണ് അടുത്ത ഘട്ടം. കെണിയിൽ വീഴുന്നവരെ തിരിച്ചറിഞ്ഞായിരിക്കും തുടർന്നുള്ള നടപടികൾ. ചെയിൻമാർക്കറ്റ് സംവിധാനം പോലെയാണ് ഇതിന്റെ വിപണനരീതികളും. കെണിയിൽവീണ് ഉപഭോക്താവായാൽ പുതിയ ഇരകളെ വീഴ്ത്താനുള്ള ജോലിയും അവനേറ്റെടുക്കും. അവന്റെ സൗഹൃദങ്ങളും ബന്ധങ്ങളും ഉപയോഗിച്ച് വീഴുന്നവരുടെ പട്ടിക തയ്യാറാക്കിയാണ് നീക്കങ്ങൾ. (കെണിയിൽ ആൺകുട്ടികൾ മാത്രമല്ല.. പെൺകുട്ടികളും.. അതേക്കുറിച്ച് നാളെ..) Content Highlights:Kanchavu Mafia usingstudents, youth for trafficking, Tamilnadu- Kerala,marijuana
from mathrubhumi.latestnews.rssfeed https://ift.tt/2Z9Lv4g
via
IFTTT